ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയിൽ മത്സരം കടുപ്പിക്കാൻ സി.പി.എം, ചാണ്ടി ഉമ്മനെങ്കിൽ കോൺഗ്രസ്സിന് വെല്ലുവിളി കൂടും !

മ്മൻ ചാണ്ടിയുടെ സ്വന്തം മണ്ഡലമായ പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലേക്ക് നീങ്ങുമ്പോൾ ഇത്തവണ കോൺഗ്രസ്സിനെ സംബന്ധിച്ച് റെക്കോർഡ് ഭൂരിപക്ഷത്തിനു ജയിക്കേണ്ടത് നിലനിൽപ്പിനു തന്നെ അനിവാര്യമായ കാര്യമാണ്. ഉമ്മൻ ചാണ്ടിക്ക് പുതുപ്പള്ളി നൽകിയ വമ്പൻ യാത്രയയപ്പു വച്ചുനോക്കുകയാണെങ്കിൽ സ്വപ്ന ഭൂരിപക്ഷം തന്നെ അദ്ദേഹത്തിന്റെ പിൻഗാമിക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ്സ് നേതാക്കൾ അവകാശപ്പെടുന്നത്. എന്നാൽ ഉമ്മൻ ചാണ്ടി ഇഫക്ട് കോൺഗ്രസ്സിനു ലഭിക്കില്ലന്നും 53 വർഷത്തിനു ശേഷം ഇത്തവണ മണ്ഡലം ഇടതുപക്ഷം തിരികെ പിടിക്കുമെന്നുമാണ് സി.പി.എം നേതാക്കൾ അവകാശപ്പെടുന്നത്.

കണക്കുകൾ നിരത്തി മാത്രമല്ല ചില ‘പ്രത്യേക’ സാഹചര്യങ്ങൾ കൂടി അനുകൂലമാകുമെന്ന് പ്രതീക്ഷിച്ചാണ് ഇത്തരമൊരു അവകാശവാദം സി.പി.എം നേതാക്കൾ മുന്നോട്ടു വയ്ക്കുന്നത്. അതിൽ പ്രധാനം സാക്ഷാൽ ഉമ്മൻചാണ്ടി മത്സരിച്ചിട്ടു പോലും കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിനു ലഭിച്ച ഭൂരിപക്ഷം കേവലം 8504 മാത്രമാണ് എന്നതാണ്. 1970-ലെ ആദ്യ തിരഞ്ഞെടുപ്പിനു ശേഷം ഉമ്മൻ ചാണ്ടിക്കു ലഭിച്ച ഏറ്റവും കുറഞ്ഞ ഭൂരിപക്ഷമാണിത്. ചെറുപ്പക്കാരനായ ജെയ്ക്ക് സി തോമസിൽ നിന്നാണ് അപ്രതീക്ഷിതമായ വെല്ലുവിളി ഉമ്മൻ ചാണ്ടി നേരിട്ടിരിക്കുന്നത്.

യാക്കോബായ സഭയുടെ പിന്തുണയും ജെയ്ക്കിനാണ് ലഭിച്ചിരുന്നത്. യാക്കോബായ- ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഉമ്മന്‍ചാണ്ടിയോട് സഭയ്ക്ക് നീരസമുണ്ടായിരുന്നത്. അനുനയത്തിനായി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസ് നേതാക്കള്‍ യാക്കോബായ സഭാ നേതൃത്വവുമായി ചര്‍ച്ച നടത്തിയെങ്കിലും അതും ഫലം കണ്ടിരുന്നില്ല. ഒന്നാം പിണറായി സര്‍ക്കാര്‍ അവതരിപ്പിച്ച സെമിത്തേരി ബില്ലിനെ നിയമസഭയിലും പുറത്തും അന്നത്തെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയുള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതൃത്വം പരസ്യമായി എതിർത്തതും യാക്കോബായ വിശ്വാസികളെ സിപിഎമ്മിനു അനുകൂലമാക്കി മാറ്റിയ മറ്റൊരു ഘടകമാണ്.

ഇതിലൊക്കെയുള്ള അമര്‍ഷം യാക്കാബായ വിശ്വാസികളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടിയുടെ തട്ടകമായ പുതുപ്പള്ളി നിയോജക മണ്ഡലത്തിലെ പുതുപ്പള്ളിയുള്‍പ്പെടെയുള്ള ആറു ഗ്രാമപ്പഞ്ചായത്തുകളിലും ഇടതുപക്ഷത്തിനു ഭരണം പിടിക്കാൻ കഴിഞ്ഞിരുന്നതും യാക്കോബായ സഭയുടെ കൂടി പിന്തുണ ഉണ്ടായിരുന്നതു കൊണ്ടാണ്. ഉടൻ നടക്കാൻ പോകുന്ന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലും യാക്കോബായ സഭയുടെ പിന്തുണ ഇടതുപക്ഷം പ്രതീക്ഷിക്കുന്നുണ്ട്.

ആരാകും സ്ഥാനാർഥിയെന്ന കാര്യത്തിൽ ഇടതുപക്ഷത്ത് ഒരു ചർച്ചപോലും നടന്നിട്ടില്ലങ്കിലും പൊതുസ്വീകാര്യനായ സ്ഥാനാർത്ഥിയെ തന്നെ രംഗത്തിറക്കി മത്സരം കടുപ്പിക്കാനാണ് സി.പി.എം ശ്രമിക്കുക. അത് ജെയ്ക്ക് ആയാലും മറ്റേതെങ്കിലും ‘അപ്രതീക്ഷിത ‘ സ്ഥാനാർത്ഥിയായാലും കടുത്ത മത്സരം തന്നെ ഇത്തവണ പ്രതീക്ഷിക്കാം. പതിവുപോലെ പുതുപ്പള്ളിയിൽ ഇത്തവണയും പരാജയപ്പെട്ടാൽ പോലും ഇടതുപക്ഷത്തിന് അതൊരിക്കലും തിരിച്ചടിയായി മാറുകയില്ല. “53 വർഷം കോൺഗ്രസ്സ് കയ്യടക്കി വച്ച മണ്ഡലം സ്വാഭാവികമായും അതിന്റെ ചരിത്രം ആവർത്തിച്ചു” എന്ന കാരണം ചൂണ്ടിക്കാട്ടി ഇടതുപക്ഷത്തിന് കൃതമായി  അത്തരമൊരു സാഹചര്യത്തെ പ്രതിരോധിക്കാൻ കഴിയും. മാത്രമല്ല, സഹതാപ വോട്ടുകൾ കോൺഗ്രസ്സിനു ലഭിച്ചതായ കാരണവും അവർക്കു ചൂണ്ടിക്കാട്ടാൻ കഴിയും.

എന്നാൽ കോൺഗ്രസ്സിന്റെയും യു.ഡി.എഫിന്റെ അവസ്ഥ അതല്ല. പുതുപ്പള്ളിയിൽ പരാജയപ്പെട്ടാൽ സംസ്ഥാനത്തെ അവരുടെ അവശേഷിക്കുന്ന ആത്മവിശ്വാസവും നഷ്ടമാകും. ഉമ്മൻചാണ്ടിക്കു ലഭിച്ച ജനകീയ യാത്രയയപ്പ് വ്യക്തിപരമായി മാത്രം അദ്ദേഹത്തിനു ലഭിച്ചതാണെന്നും അതു കണ്ടുകൊണ്ടാന്നും ലോകസഭ തിരഞ്ഞെടുപ്പിനെ നേരിട്ടതു കൊണ്ടു ഒരു പ്രയോജനവുമില്ലന്ന യാഥാർത്ഥ്യം അപ്പോഴാണ് യു.ഡി.എഫ് നേതൃത്വം തിരിച്ചറിയുക. ഇത്തരമൊരു അപകടകരമായ സാഹചര്യം ഒഴിവാക്കാൻ ഉമ്മൻചാണ്ടിയുടെ മക്കളിൽ ആരെയെങ്കിലും സ്ഥാനാർത്ഥിയാക്കാനാണ് കോൺഗ്രസ്സ് നിലവിൽ ആലോചിക്കുന്നത്.

എന്നാൽ അവിടെയും കോൺഗ്രസ്സിനെ സംബന്ധിച്ച് വലിയ ഒരു റിസ്ക്കുണ്ട്. മക്കളിൽ ആരെ സ്ഥാനാർത്ഥിയാക്കുമെന്ന വലിയ ചോദ്യം തന്നെയാണത്. ചാണ്ടി ഉമ്മനെ സ്ഥാനാർത്ഥിയാക്കണമെന്ന താൽപ്പര്യമാണ് ഉമ്മൻചാണ്ടിയുടെ ഭാര്യയും മൂത്ത മകളും മുന്നോട്ട് വയ്ക്കാൻ സാധ്യത. എന്നാൽ ഉമ്മൻ ചാണ്ടിയുടെ സഹോദരൻ ഉൾപ്പെടെ ബന്ധുക്കളിൽ ഭൂരിപക്ഷവും ആഗഹിക്കുന്നത് അച്ചു ഉമ്മൻ സ്ഥാനാർത്ഥിയാകാനാണ്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ കുടുംബത്തിൽ നിന്നു തന്നെ എതിർപ്പുയരുമോയെന്ന ആശങ്ക കോൺഗ്രസ്സ് നേതൃത്വത്തിലുമുണ്ട്.

മാസങ്ങൾക്കു മുൻപ് “ഉമ്മൻചാണ്ടിക്ക് കൃത്യമായ ചികിത്സ നിഷേധിക്കപ്പെടുന്നുവെന്നും ഓരോ നിമിഷവും ആരോഗ്യനില വഷളാകുകയാണെന്നും ആരോപിച്ച് രംഗത്തു വന്ന ഉമ്മൻചാണ്ടിയുടെ സഹോദരൻ അലക്സ് വി ചാണ്ടി, ചാണ്ടി ഉമ്മനുൾപ്പെടെ ഉള്ളവരെയാണ് പ്രതികൂട്ടിൽ നിർത്തിയിരുന്നത്. “ഉമ്മൻ ചാണ്ടിയുടെ ഭാര്യയും മൂത്ത മകളും ചാണ്ടി ഉമ്മനുമാണ്, ചികിത്സ നിഷേധിക്കുന്നതെന്നും എന്നാ, ഇളയമകൾ അച്ചു ഉമ്മന് പിതാവിന് ചികിത്സ ലഭിക്കണമെന്നാണ് ആഗ്രഹമെന്നുമാണ് അലക്സ് വി ചാണ്ടി തുറന്നടിച്ചിരുന്നത്. രാഷ്ട്രീയ കേരളത്തെ ഞെട്ടിച്ച പ്രതികരണമായിരുന്നു അത്.

തുടർന്ന് അവശനിലയിലായിരുന്ന ഉമ്മൻചാണ്ടി ചാണ്ടി ഉമ്മനൊപ്പം ലൈവിൽ വന്ന് തനിക്ക് മെച്ചപ്പെട്ട ചികിത്സയാണ് കുടുംബം നൽകുന്നതെന്ന് തുറന്നു പറഞ്ഞിരുന്നെങ്കിലും ഇതു സംബന്ധിച്ച തന്റെ നിലപാടിൽ നിന്നും ഉമ്മൻചാണ്ടിയുടെ സഹോദരൻ ഇതുവരെയും പിൻമാറിയിട്ടില്ല. ഇതുസംബന്ധമായി അന്നും ഇന്നും അച്ചു ഉമ്മൻ പ്രതികരിച്ചിട്ടില്ലന്നതും ശ്രദ്ധേയമാണ്. ഉമ്മൻചാണ്ടിയുടെ സഹോദരന്റെ രേഖാമൂലമുള്ള പരാതി ലഭിച്ചതിനെ തുടർന്ന് സർക്കാർ നേരിട്ട് ഇടപെട്ട്  പ്രത്യേക മെഡിക്കൽ ബോർഡ് രൂപീകരിച്ചാണ് ഉമ്മൻ ചാണ്ടിക്കാവശ്യമായ ചികിത്സ ഉറപ്പാക്കിയിരുന്നത്.

ഇക്കാര്യങ്ങൾ എല്ലാം ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ പ്രചരണവിഷയമായി മാറുമോ എന്ന ആശങ്ക മുതിർന്ന കോൺഗ്രസ്സ് നേതാക്കൾക്കിടയിലും ശക്തമാണ്. ചാണ്ടി ഉമ്മൻ സ്ഥാനാർത്ഥിയായാൽ ഉമ്മൻചാണ്ടിയുടെ വേണ്ടപ്പെട്ടവരിൽ ആരെയെങ്കിലും എതിർ സ്ഥാനാർത്ഥിയായി സി.പി.എം രംഗത്തിറക്കുമോ എന്നതും കോൺഗ്രസ്സ് നേതാക്കളുടെ ചങ്കിടിപ്പിക്കുന്ന കാര്യമാണ്. സ്ഥാനാർത്ഥി നിർണ്ണയത്തിലും കുടുംബത്തിലെ ഭിന്നത മറനീക്കി പുറത്തുവന്നാൽ അത്തരമൊരു സാധ്യത രാഷ്ട്രീയ നിരീക്ഷകരും തള്ളിക്കളയുന്നില്ല.

ജയസാധ്യതയുള്ള ഏത് പരീക്ഷണത്തിനും പുതുപ്പള്ളിയിൽ സി.പി.എം തയ്യാറായേക്കും. പുതുപ്പളളി കോൺഗ്രസ്സിനെ കൈവിട്ടാൽ അത് ലോകസഭ തിരഞ്ഞെടുപ്പിലും തീർച്ചയായും പ്രതിഫലിക്കും. അതോടെ കേരളത്തിലെ കോൺഗ്രസ്സിന്റെ നിലനിൽപ്പു തന്നെയാണ് അപകടത്തിലാകുക. യു.ഡി.എഫ് എന്ന മുന്നണിയായി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാൻ പറ്റാത്ത അവസ്ഥ പോലും ആ മുന്നണിക്കു സംഭവിച്ചാലും അത്ഭുതപ്പെടേണ്ടതില്ല.

ഏക സിവിൽ കോഡ് വിഷയത്തിൽ കോൺഗ്രസ്സ് ദേശീയ നേതൃത്വത്തിന്റെ മൗനത്തിൽ ഇപ്പോൾ തന്നെ ന്യൂനപക്ഷ വിഭാഗങ്ങൾക്കിടയിൽ ശക്തമായ അതൃപ്തിയുണ്ട്. ഇതിനു പുറമെ സംഘടനാപരമായ ദൗർബല്യവും കോൺഗ്രസ്സ് നേരിടുന്ന പ്രധാന വെല്ലുവിളിയാണ്. ഈ അവസ്ഥയിൽ പുതുപ്പള്ളിയിൽ കൂടി തിരിച്ചടി നേരിട്ടാൽ അത് താങ്ങാനുള്ള ശേഷി തീർച്ചയായും യു.ഡി.എഫിന് ഉണ്ടാകുകയില്ല.

ഈ വെല്ലുവിളികൾ മുന്നിൽ കണ്ടുള്ള വ്യക്തവും കൃത്യവുമായുള്ള ഒരു തീരുമാനമാണ് കോൺഗ്രസ്സിൽ നിന്നും അവരുടെ അണികളും പ്രതീക്ഷിക്കുന്നത്. അതേസമയം നിലവിലെ എല്ലാ സാധ്യതയും പ്രയോജനപ്പെടുത്താൻ തന്നെയാണ് ഇടതുപക്ഷം തീരുമാനിച്ചിരിക്കുന്നത്. ഉമ്മൻ ചാണ്ടിയില്ലാത്ത പുതുപ്പള്ളിയെ ഇത്തവണ എന്തായാലും ചുവപ്പിക്കുമെന്ന വാശിയിൽ തന്നെയാണ് സി.പി.എം. പ്രവർത്തകരും മുന്നോട്ടു പോകുന്നത്…

EXPRESS KERALA VIEW

Top