CPM vayanad district secretary c baskharan passed away

കല്‍പറ്റ: പ്രമുഖ ട്രേഡ് യൂണിയന്‍ നേതാവും സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയുമായ സി.ഭാസ്‌കരന്‍(66) അന്തരിച്ചു.

കരള്‍ രോഗബാധിതനായ ഭാസ്‌കരന്‍ കുറച്ച് നാളായി ചികിത്സയിലായിരുന്നു. കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ് അന്ത്യം സംഭവിച്ചത്.

സുല്‍ത്താന്‍ബത്തേരി കോട്ടക്കുന്ന് ചാത്തോത്താണ് താമസം. മൃതദേഹം സി.പി.എം വയനാട് ജില്ലാ കമ്മറ്റി ഓഫീസായ കല്‍പ്പറ്റയിലെ എ.കെ.ജി ഭവനില്‍ പൊതുദര്‍ശനത്തിന് വച്ചു.

സി.പി.എം വയനാട് ജില്ലാ സെക്രട്ടറിയായിരുന്ന സി.കെ.ശശീന്ദ്രന്‍ എം.എല്‍.എയായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ മെയ് 28നാണ് സി.ഭാസ്‌കരനെ സി.പി.എം ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്.

സാധാരണ കൂലി തൊഴിലാളിയായി രാഷ്ട്രീയത്തിലേക്ക് കടന്ന് വന്ന സി.ഭാസ്‌കരന്‍ പടിപടിയായാണ് നേതൃനിരയിലേക്ക് എത്തിയത്. സുല്‍ത്താന്‍ ബത്തേരി ഗ്രാമ പഞ്ചായത്ത് മെമ്പറായും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

സി. ഐ.ടി.യു. അഖിലേന്ത്യ കൗണ്‍സില്‍ അംഗമാണ്. ഭാര്യ: ശോഭ(പുല്‍പ്പളളി പഴശ്ശിരാജാ കോളേജ് ജീവനക്കാരി ). മക്കള്‍: അമ്പിളി(സെന്റ്‌മേരീസ് കോളേജ്, അദ്ധ്യാപിക,സുല്‍ത്താന്‍ ബത്തേരി) അശ്വതി (സുല്‍ത്താന്‍ ബത്തേരി പ്രാഥമിക കാര്‍ഷിക ഗ്രാമ വികസന ബാങ്ക്). മരുമക്കള്‍: അഭിലാഷ്(ദുബൈ), നിഥിന്‍ വര്‍ഗ്ഗീസ്.

Top