രക്തരൂക്ഷിതമായ ഒരു തിരഞ്ഞെടുപ്പാണ് പശ്ചിമ ബംഗാളില്‍ നടന്നിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാത്രം കൊല്ലപ്പെട്ടവരുടെ എണ്ണം 49 ആയി ഉയര്‍ന്നിരിക്കുകയാണ്. അധികാരത്തിന്റെ തണലില്‍ ക്രിമിനലുകള്‍ വ്യാപകമായി അഴിഞ്ഞാടിയ ഈ തിരഞ്ഞെടുപ്പ് വിധിയെ സംസ്ഥാന ഭരണകൂടവും തെരഞ്ഞെുപ്പ് കമീഷനും ഭരണകക്ഷിയുമായി കൂട്ടുനിന്ന് വ്യാജമായി സൃഷ്ടിച്ചതെന്നാണ് സിപിഎം പൊളിറ്റ്ബ്യൂറോ ആരോപിച്ചിരിക്കുന്നത്. വോട്ടെണ്ണലില്‍ വന്‍ അട്ടിമറിയാണ് നടന്നിരിക്കുന്നതെന്ന ഗുരുതര ആരോപണവും സി.പി.എം ഉന്നയിച്ചു.
തെരഞ്ഞെടുപ്പ് കമീഷന്റെയും ഹൈക്കോടതിയുടെയും ഉത്തരവുകള്‍ നഗ്നമായി ലംഘിക്കപ്പെട്ടെന്നും ഭംഗറിലെ ജില്ലാപരിഷത്ത് സീറ്റില്‍ ഇടതുപക്ഷം പിന്തുണച്ച ഐഎസ്എഫ് സ്ഥാനാര്‍ഥി വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിട്ടും ഫലം അട്ടിമറിച്ച് തൃണമൂല്‍ സ്ഥാനാര്‍ഥിയെ വിജയിയായി പ്രഖ്യാപിച്ചതും സി.പി.എം-പി ബി ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഇതിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരെ പൊലീസ് നടത്തിയ വെടിവയ്പില്‍ നാലുപേരാണ് കൊല്ലപ്പെട്ടിരിക്കുന്നത്.
ഭംഗര്‍ സംഭവത്തെ സംസ്ഥാന വ്യാപകമായി നടന്ന അട്ടിമറിയുടെ പ്രതീകമായാണ് സി.പി.എം വിലയിരുത്തുന്നത്. തെരഞ്ഞെടുപ്പ് കമീഷന്‍ വെബ്‌സൈറ്റ് പ്രവര്‍ത്തനരഹിതമാക്കിയും വോട്ടെണ്ണല്‍ സാവധാനമാക്കിയുമാണ് ഭരണകക്ഷിക്ക് അനുകൂലമായി കൃത്രിമഫലം നിര്‍മിച്ചതെന്നും ആരോപണമുണ്ട്. അര്‍ധരാത്രിയില്‍ ഇടതുപക്ഷത്തിന്റെയും മറ്റ് മതനിരപേക്ഷ കക്ഷികളുടെയും കൗണ്ടിങ് ഏജന്റുമാരെ പുറത്താക്കിയാണ് പഞ്ചായത്ത് സമിതിയുടെയും ജില്ലാ പരിഷത്തിന്റെയും ഫലം പ്രഖ്യാപിച്ചതെന്നും സി.പി.എം പറയുന്നു. ഇതിന് നിയമസാധുതയില്ലന്നും നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ക്കു പുറത്ത് സിപിഐ എമ്മിനായി രേഖപ്പെടുത്തിയ ബാലറ്റുകള്‍ വന്‍തോതില്‍ കണ്ടെടുത്തത് അട്ടിമറിയുടെ ആഴം വെളിവാക്കുന്നതാണെന്നാണ് സി.പി.എം തുറന്നടിച്ചിരിക്കുന്നത്. ജനാഭിലാഷം അംഗീകരിക്കാതെ തൃണമൂലിനെ ജയിപ്പിക്കാനും ബിജെപിയെ രണ്ടാംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുമുള്ള ശ്രമമാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ജനാധിപത്യത്തെ പരിഹസിക്കുന്ന തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് കൊല്‍ക്കത്ത ഹൈക്കോടതി സ്റ്റേ ചെയ്ത കാര്യവും പ്രസ്താവനയില്‍ സി.പി.എം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. അതായത് ചോരയില്‍ മുക്കിയ ഈ തിരഞ്ഞെടുപ്പ് ഫലം സി.പി.എം അംഗീകരിക്കുന്നില്ല എന്നതു വ്യക്തം.
തൃണമൂലിനും ബിജെപിക്കുമെതിരായ ജീവന്മരണ പോരാട്ടമെന്നാണ് തദ്ദേശ തിരഞ്ഞെടുപ്പിനെ സി.പി.എം വിശേഷിപ്പിച്ചിരുന്നത്. മമതയുടെ ഭരണം അവസാനിപ്പിക്കാനുള്ള ദൗത്യത്തിന്റെ തുടക്കമായി തദ്ദേശ തിരഞ്ഞെടുപ്പിനെ മാറ്റുക എന്നതായിരുന്നു സി.പി.എം ലക്ഷ്യം. ഈ ഉദ്യമത്തിന് കോണ്‍ഗ്രസ്സും മറ്റു ഇടതു പാര്‍ട്ടികളും ഐ.എസ്.എഫും അടക്കം പിന്തുണ പ്രഖ്യാപിച്ചതോടെ തിരഞ്ഞടുപ്പ് ധാരണയും രൂപപ്പെടുകയായിരുന്നു. ഗ്രാമ പഞ്ചായത്ത്, പഞ്ചായത്ത് സമിതി, ജില്ലാ പരിഷത്ത് എന്നിവിടങ്ങളിലെല്ലാം തൃണമൂല്‍ ആധിപത്യം തുടര്‍ന്നെങ്കിലും രണ്ടാമത് എത്തിയ ബിജെപിക്ക് കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 22 ശതമാനം വോട്ടുകളാണ് നഷ്ടമായിരിക്കുന്നത്.
2018നെ അപേക്ഷിച്ച് സിപിഎമ്മും മറ്റു ഇടതുപാര്‍ട്ടികളും കോണ്‍ഗ്രസും എല്ലാം നില ഏറെ മെച്ചപ്പെടുത്തിയിട്ടുണ്ട്. 2018ല്‍ അഞ്ച് ശതമാനംമാത്രം വോട്ടു നേടിയ സിപിഎം ഇത്തവണ നേടിയത് 12.6 ശതമാനം വോട്ടുകളാണ്. അതായത് 32 ലക്ഷത്തിലധികം വോട്ടാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. ഇടതുമുന്നണിയുമായി സഹകരിച്ച് പ്രവര്‍ത്തിച്ചതിനാല്‍ കോണ്‍ഗ്രസിനും 13.94 ലക്ഷം വോട്ടുകള്‍ നേടാന്‍ കഴിഞ്ഞു. ഐഎസ്എഫിന് അര ശതമാനത്തിലേറെ വോട്ടുകള്‍ കിട്ടിയതും ചെങ്കൊടി തണലിലാണ്.
3,685 ഗ്രാമ പഞ്ചായത്ത് സീറ്റുകള്‍ നേടിയ സിപിഎം 41 ഗ്രാമ പഞ്ചായത്തുകളുടെയും നാല് പഞ്ചായത്ത് സമിതികളുടെയും ഭരണം ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇടത്- കോണ്‍ഗ്രസ്-ഐഎസ്എഫ് സഖ്യത്തിന് 11 ശതമാനം അധികം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. ഇതില്‍ എടുത്തു പറയേണ്ടത് നന്ദിഗ്രാമിലെ വിജയമാണ്.
നന്ദിഗ്രാമിലെ നുറായ് പഞ്ചായത്തിലെ നാല് സീറ്റുകളില്‍ വിജയിച്ചിരിക്കുന്നത് സിപിഎം സ്ഥാനാര്‍ത്ഥികളാണ്. ഇതിനു പുറമെ അഞ്ച് ജില്ലാ പരിഷത്ത് സീറ്റുകളും ഇവിടെ നിന്നും സി.പി.എം നേടിയിട്ടുണ്ട്. 34 വര്‍ഷം നീണ്ടു നിന്ന ഇടതുപക്ഷ ഭരണത്തെ താഴെയിറക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചെന്ന് അന്നും ഇന്നും വിലയിരുത്തപ്പെടുന്നത് നന്ദിഗ്രാമിലെ പൊലീസ് വെടിവയ്പാണ്.
ബംഗാളിലെ ഭൂമി ഏറ്റെടുക്കല്‍ വിരുദ്ധ പ്രസ്ഥാനത്തിന്റെ കുന്തമുനയായാണ് നന്ദിഗ്രാം അറിയപ്പെട്ടിരുന്നത്. 2007 മാര്‍ച്ച് 14നാണ് പ്രത്യേക സാമ്പത്തിക മേഖല സൃഷ്ടിക്കാനുള്ള ഇടതു സര്‍ക്കാര്‍ നീക്കം നന്ദിഗ്രാമില്‍ വെടിവയ്പ്പില്‍ കലാശിച്ചിരുന്നത്. 13 പ്രക്ഷോഭകരാണ് അന്നു വെടിവയ്പ്പില്‍ കൊല്ലപ്പെട്ടിരുന്നത്. മമത ബാനര്‍ജിയുടെ ഉയര്‍ത്തെഴുന്നേല്‍പ്പിന് വളമേകിയ ആ മണ്ണിലെ സി.പി.എമ്മിന്റെ മിന്നും വിജയം മമതയെ ശരിക്കും ഇപ്പോള്‍ ഞെട്ടിച്ചിട്ടുണ്ട്.
നന്ദിഗ്രാമിലെ നുറായ് പഞ്ചായത്തില്‍ ഇപ്പോള്‍ നാല് സീറ്റുകളില്‍ വിജയിക്കാന്‍ സി.പി.എമ്മിനു കഴിഞ്ഞെങ്കില്‍ തൃണമൂലിന്റെ ഏതു കോട്ടകളും തകര്‍ക്കാന്‍ ഇനി ചെമ്പടക്കു കഴിയും. ഈ തിരഞ്ഞെടുപ്പ് സി.പി.എം. പ്രവര്‍ത്തകര്‍ക്ക് നല്‍കുന്ന ആത്മവിശ്വാസവും അതു തന്നെയാണ്. ഇടതുപക്ഷമെന്നത് ബംഗാളിന്റെ സംസ്‌കാരത്തില്‍ ഇഴ ചേര്‍ന്നതാണ്.
രാഷ്ട്രീയമായി മാത്രമല്ല സാമൂഹ്യമായും സാംസ്‌കാരികമായുമെല്ലാം ബംഗാളിന് ഇടതുപക്ഷ മനസ്സാണുണ്ടായിരുന്നത്. ആ ഇടതുപക്ഷത്തെ തൂത്തെറിയുന്നതിനാണ് മമത ബാനര്‍ജി തൃണമൂല്‍ രൂപീകരിച്ചിരുന്നത്. ബംഗാളിലെ ഇടതുപക്ഷ സംഭാവനകളെയും ചരിത്രത്തെയും തന്നെ മായ്ക്കാനാണ് ഭരണത്തിലേറിയ അന്നുമുതല്‍ മമത ഭരണകൂടം ശ്രമിച്ചിരുന്നത്. അതില്‍ ഒരു വലിയ പരിധിവരെ അവര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ സ്ഥിതി അതല്ല. പതുക്കെ..സി.പി.എമ്മും’കളം’ തിരിച്ചു പിടിച്ചു തുടങ്ങിയിട്ടുണ്ട്.
ബംഗാളില്‍ കനത്ത ആക്രമണം നേരിടുമ്പോഴും, പഴമയുടെ കണ്ണി അടരാതെ കാക്കാന്‍ സി.പി.എമ്മിനു കഴിയുന്നുണ്ട്. മുഹമ്മദ് സലീം സെക്രട്ടറിയായി ചുമതല ഏറ്റെടുത്തതോടെ തൃണമൂല്‍ ആക്രമണത്തെ അതേ രൂപത്തില്‍ നേരിടാനും സി.പി.എമ്മിനു കഴിയുന്നുണ്ട്. തൃണമൂല്‍ പ്രവര്‍ത്തകര്‍ക്കും കായികമായി തന്നെ അടികിട്ടിയ തിരഞ്ഞെടുപ്പു കൂടിയാണിത്. ‘അടിക്ക് പകരം അടിയെന്ന തന്ത്രം’ സി.പി.എം പുറത്തെടുത്തത് ബംഗാളിലെ ഇടതുപക്ഷ അണികളെ സംബന്ധിച്ചും വലിയ ആത്മ ധൈര്യമാണ് നല്‍കിയിരിക്കുന്നത്.
EXPRESS KERALA VIEW