നവകേരള സദസ്സിനെ തടസ്സപ്പെടുത്തുന്ന നീക്കം, യു.ഡി.എഫ് പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നും ഇനി ഉണ്ടായാല്‍ , കോണ്‍ഗ്രസ്സിനു മാത്രമല്ല, മുസ്ലീം ലീഗിനും, ഒരു യാത്രയും കേരളത്തില്‍ സംഘടിപ്പിക്കാന്‍ കഴിയുകയില്ല. സി.പി.എമ്മോ ഇടതുപക്ഷമോ ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലങ്കിലും, സി.പി.എം നേതാക്കള്‍ നല്‍കുന്ന സൂചന, ഇത്തരത്തില്‍ ഉള്ളതാണ്. ‘നവകേരള സദസ്സില്‍ പ്രതിപക്ഷത്തിനു പങ്കെടുക്കുകയോ, പങ്കെടുക്കാതെ ഇരിക്കുകയോ ചെയ്യാമെന്നതാണ്, ഇടതു നിലപാട്. അവര്‍ വിട്ടു നിന്നാല്‍ , ജനങ്ങളില്‍ നിന്നാണ് കൂടുതല്‍ ഒറ്റപ്പെടുക. എന്നാല്‍ , ബഹിഷ്‌ക്കരിക്കുന്നതിനും അപ്പുറം, പരിപാടി കുളമാക്കാന്‍ ശ്രമിച്ചാല്‍, നേരിടാന്‍ തന്നെയാണ്, ഇടതുപക്ഷത്തിന്റെ തീരുമാനം. അത് ഏത് രൂപത്തിലാണെങ്കിലും , തങ്ങള്‍ തയ്യാറാണെന്നാണ് , ഇടതു പ്രവര്‍ത്തകര്‍ പറയുന്നത്.
യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍ മുഖ്യമന്ത്രിയും, മന്ത്രിമാരും സഞ്ചരിച്ച വാഹനത്തിനു മുന്നിലേക്ക് , കരിങ്കൊടിയുമായി ചാടിയതും , തുടര്‍ന്ന് അവര്‍ക്ക് മര്‍ദ്ദനമേറ്റതും , വലിയ വിവാദത്തിനു തിരികൊളുത്തിയിരിക്കെ, ഇനിയും ഇത്തരം തടസ്സങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചാല്‍ , ശക്തമായി നേരിടാന്‍ തന്നെയാണ് ഇടതുപക്ഷത്തിന്റെ തീരുമാനം. പൊലീസ് സുരക്ഷയ്ക്കു പുറമെ, ഡി.വൈ.എഫ്.ഐ – സി.പി.എം പ്രവര്‍ത്തകരുടെ പ്രത്യേക കവചവും , നവകേരള സദസ്സിനുണ്ട്. മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്ന വാഹനം കടന്നു പോകുന്ന വഴികളിലും പാര്‍ട്ടി പ്രവര്‍ത്തകരുടെ സാന്നിധ്യം സജീവമാണ്. ജനങ്ങള്‍ തിരഞ്ഞെടുത്ത ഇടതുപക്ഷ മന്ത്രിസഭയുടെ ,സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന രീതിയില്‍ , ഏത് പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിച്ചാലും , അതിനെ അതിന്റേതായ രീതിയില്‍ തന്നെ നേരിടാനാണ് തീരുമാനം. വാഹനത്തിനു മുന്നിലേക്ക് കരിങ്കൊടിയുമായി ചാടിയവരെ നേരിട്ട … ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ, മുഖ്യമന്ത്രി അഭിനന്ദിച്ചതും , ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ക്ക് ആവേശമായിട്ടുണ്ട്. അതു കൊണ്ടു തന്നെ, ഇനിയും പ്രതിഷേധങ്ങള്‍ അരങ്ങേറിയാല്‍ , തിരിച്ചടി ഉണ്ടാകുമെന്നതും ഉറപ്പാണ്.
അതേസമയം , മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെ പ്രതിഷേധം തുടരുന്നതിനെ ചൊല്ലി, യു.ഡി.എഫിലും രണ്ടഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്. മുസ്ലിംലീഗിലെ ഒരു വിഭാഗം , ഇത്തരം പ്രതിഷേധങ്ങള്‍ക്കെതിരാണ്. മലപ്പുറത്ത് പ്രതിഷേധമുണ്ടാകില്ലന്നു ആദ്യം പറഞ്ഞ പി.കെ കുഞ്ഞാലിക്കുട്ടി, പിന്നെ അത് തിരുത്തിയത് തന്നെ , ലീഗ് നേതൃത്വത്തിലെ സമ്മര്‍ദ്ദം മൂലമാണ്. സംഘര്‍ഷം സൃഷ്ടിക്കുന്ന തരത്തില്‍, പ്രതിഷേധം സംഘടിപ്പിക്കണമെന്ന ആഗ്രഹമാണ് , ലീഗിലെ തീവ്ര നിലപാടുകാര്‍ക്കുള്ളത്. എന്നാല്‍ , ഈ നീക്കത്തോട് , മുസ്ലിംലീഗ് സംസ്ഥാന അദ്ധ്യക്ഷന്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഉള്‍പ്പെടെ ഉള്ളവര്‍ക്ക് യോജിപ്പില്ലന്നാണ് അറിയുന്നത്. ഇടതുപക്ഷ സര്‍ക്കാറിനോടുള്ള ലീഗ് നേതൃത്വത്തിന്റെ നിലപാടില്‍ അതൃപ്തിയുള്ള വിഭാഗം, അവസരം മുതലെടുത്ത് സംഘര്‍ഷത്തിനു ശ്രമിച്ചാല്‍, അത് വലിയ സംഘര്‍ഷമായി മാറാനും സാധ്യത ഏറെയാണ്.
ലീഗും, സി.പി.എമ്മും പരസ്പരം ഏറ്റുമുട്ടണമെന്നത് , കോണ്‍ഗ്രസ്സിന്റെയും രാഷ്ട്രീയ ആവശ്യമാണ്. ലീഗ്, യു.ഡി.എഫില്‍ തുടരുമെന്ന് സാദിഖലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും, ലോകസഭ തിരഞ്ഞെടുപ്പില്‍ തിരിച്ചടി നേരിട്ടാല്‍ , അദ്ദേഹത്തിന്റെ ഈ നിലപാട് മാറുമെന്നാണ് , കോണ്‍ഗ്രസ്സ് ഭയക്കുന്നത്. അതുകൊണ്ടു തന്നെ, ലീഗിലെ മുനീര്‍ വിഭാഗത്തെ ഒപ്പം നിര്‍ത്തി, സി.പി.എമ്മിനെ പരമാവധി കടന്നാക്രമിക്കാനാണ് , കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. അതിനുള്ള അവസരമായാണ് , മലപ്പുറത്തെ നവകേരള സദസ്സിനെ കോണ്‍ഗ്രസ്സ് നോക്കി കാണുന്നത്. മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറത്ത് പര്യടനം നടത്തുമ്പോള്‍ , ശക്തമായ പ്രതിഷേധം ഉയര്‍ത്തണമെന്ന് , ലീഗിനുമേല്‍ സമ്മര്‍ദ്ദം ചെലുത്തുന്നതില്‍ , ജില്ലയിലെ കോണ്‍ഗ്രസ്സ് നേതൃത്വത്തിനും വലിയ പങ്കാണ് ഉള്ളത്.
ആര്യാടന്‍ ഷൗക്കത്ത് വിഭാഗവുമായി ഉടക്കി നില്‍ക്കുന്ന ക്ഷീണം തീര്‍ക്കാന്‍ , ഈ അവസരം പ്രയോജനപ്പെടുത്താനാണ് , ഡി.സി.സി നേതൃത്വത്തിന്റെ നീക്കം. ഒറ്റയ്ക്ക് അടിവാങ്ങാന്‍ ശേഷി ഇല്ലാത്തതും , ലീഗിനെ ഒപ്പംകൂട്ടാന്‍ അവരെ പ്രേരിപ്പിക്കുന്ന ഘടകമാണ്. നവംബര്‍ 27 മുതല്‍ 30വരെയാണ് , മുഖ്യമന്ത്രിയും മന്ത്രിമാരും മലപ്പുറം ജില്ലയില്‍ പര്യടനം നടത്തുന്നത്. മുസ്ലീം ലീഗിന്റെ ശക്തികേന്ദ്രമായി അറിയപ്പെടുന്ന ജില്ലയിലെ പര്യടനത്തെ , രാഷ്ട്രീയ നിരീക്ഷകരും , ആകാംക്ഷയോടെയാണ് ഉറ്റു നോക്കുന്നത്. ലീഗിന് ശക്തമായ സ്വാധീനമുള്ള ജില്ലയാണെങ്കിലും , മലപ്പുറത്ത് ഇടതുപക്ഷവും , വലിയ രാഷ്ട്രീയ ശക്തിയാണ്. ഒറ്റയ്ക്കാണ് കരുത്ത് പരീക്ഷിക്കുന്നതെങ്കില്‍ , സി.പി.എമ്മിനു മുന്നില്‍ ലീഗ് ശരിക്കും വിയര്‍ക്കുക തന്നെ ചെയ്യും , തിരഞ്ഞെടുപ്പ് കണക്കുകള്‍ നല്‍കുന്ന സൂചനയും അതു തന്നെയാണ്.
16 നിയോജകമണ്ഡലങ്ങളുള്ള മലപ്പുറം ജില്ലയില്‍, നിലവില്‍ 12 സീറ്റുകളാണ് യു.ഡി.എഫിനുളളത്. ഇതില്‍ 11 ഉം ലീഗിന്റെ കൈവശമാണുള്ളത്. ഒന്ന് കോണ്‍ഗ്രസ്സിന്റെ കൈവശമാണുള്ളത്. ഇടതുപക്ഷത്തുള്ള നാല് സീറ്റും സി.പി.എമ്മിന്റെ കൈവശമാണുള്ളത്. ഇനിയാണ് , കണക്കിലെ യാഥാര്‍ത്ഥ്യം അറിയേണ്ടത്. കോണ്‍ഗ്രസ്സ് ഒപ്പമില്ലങ്കില്‍ , ഉറപ്പായും വിജയിക്കുമെന്ന് ലീഗിനു പറയാന്‍ പറ്റുന്നത് , കേവലം രണ്ടു മണ്ഡലങ്ങളില്‍ മാത്രമാണ്. മുപ്പതിനായിരത്തിലധികം വോട്ടുകളുടെ ഭൂരിപക്ഷമുള്ള … മലപ്പുറം, വേങ്ങര മണ്ഡലങ്ങളില്‍ മാത്രമാണത്. മറ്റിടങ്ങളില്‍ കോണ്‍ഗ്രസ് പിന്തുണയില്ലെങ്കില്‍, ലീഗ് സ്ഥാനാര്‍ത്ഥികള്‍ക്ക് വിജയിക്കാന്‍ കഴിയുകയില്ല. പെരിന്തല്‍മണ്ണയില്‍ കേവലം 38 വോട്ടിനാണ്, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലീഗ് ജയിച്ചിരിക്കുന്നത്. മങ്കടയില്‍ 6,246, തിരൂരില്‍ 7,214, തിരൂരങ്ങാടിയില്‍ 9578, എന്നിങ്ങനെയാണ് കുറഞ്ഞ ഭൂരിപക്ഷം.
മഞ്ചേരിയിലും വള്ളിക്കുന്നിലും പതിനയ്യായിരത്തില്‍ താഴെയാണ് ലീഗ് എം.എല്‍.എമാര്‍ക്ക് ഭൂരിപക്ഷമുള്ളത്. കോട്ടക്കല്‍, കൊണ്ടോട്ടി അടക്കമുള്ളി മണ്ഡലങ്ങളില്‍ പോലും , വലിയ വെല്ലുവിളി ലീഗ് ഒറ്റയ്ക്ക് മത്സരിച്ചാല്‍ നേരിടേണ്ടി വരും. ലീഗിന്റെ പിന്തുണയില്ലങ്കില്‍, കോണ്‍ഗ്രസ്സിനും വണ്ടൂരിലെ ഏക സീറ്റ് നഷ്ടമാകും. ചുരുക്കി പറഞ്ഞാല്‍ , ഒറ്റയ്ക്ക് സി.പി.എമ്മുമായി ലീഗ് മത്സരിച്ചാല്‍ , ഭൂരിപക്ഷ സീറ്റുകളും തൂത്തുവാരുക സി.പി.എമ്മായിരിക്കും. കോണ്‍ഗ്രസ്സില്ലാതെ, മലപ്പുറത്തു പോലും ലീഗിന് നിലനില്‍പ്പുണ്ടാകുകയില്ല. മലപ്പുറത്തെ കോണ്‍ഗ്രസ്സ് എന്നത് , ആര്യാടന്‍ കോണ്‍ഗ്രസ്സാണ്.
നിലവിലെ ഡി.സി.സി നേതൃത്വത്തിനോ, എ.പി അനില്‍കുമാര്‍ എം.എല്‍ എയ്‌ക്കോ, കാര്യമായ ഒരു സ്വാധീനവും ജില്ലയിലെ കോണ്‍ഗ്രസ്സില്‍ ഇല്ല. ഇവിടുത്തെ ബഹുഭൂരിപക്ഷവും , ആര്യാടന്‍ ഷൗക്കത്തിനൊപ്പമാണ് ഉള്ളത്. ആര്യാടന്‍ മുഹമ്മദ് സൃഷ്ടിച്ച കോണ്‍ഗ്രസ്സിന്റെ കരുത്ത് , അദ്ദേഹത്തിന്റെ മകന്‍ ആര്യാടന്‍ ഷൗക്കത്തിലേക്ക് കേന്ദ്രീകരിച്ച ദൃശ്യവും , ഇതിനകം തന്നെ പുറത്തായി കഴിഞ്ഞു. ലീഗിനോടു പോലും ഉടക്കി ആര്യാടന്‍ ഉണ്ടാക്കിയ വോട്ട് ബാങ്ക്, ആര്യാടന്‍ ഷൗക്കത്തിലൂടെ , ഇടതുപക്ഷത്തേക്ക് എത്തുമോ എന്ന ഭയവും, നിലവില്‍ മുസ്ലിംലീഗിനുണ്ട്. ഷൗക്കത്തും കോണ്‍ഗ്രസ്സ് നേതൃത്വവുമായുളള ഭിന്നത പൊട്ടിത്തെറിയില്‍ കലാശിച്ചാല്‍, മലപ്പുറത്തെ കോണ്‍ഗ്രസ്സില്‍, ഒരു പിളര്‍പ്പിനാണ് സാധ്യത തെളിയുക. ആര്യാടന്‍ കോണ്‍ഗ്രസ്സ് എന്ന ഒരു പാര്‍ട്ടി രൂപീകരിച്ച് , ഇടതുപക്ഷത്ത് ഘടക കക്ഷിയായാല്‍ , അതോടെ ജില്ലയിലെ , ലീഗിന്റെ അപ്രമാദിത്വത്തിനു കൂടിയാണ് തിരശ്ശീല വീഴുക.
നിലവില്‍ , കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ കണക്കുകള്‍ മാത്രം പരിശോധിച്ചാല്‍ , പൊന്നാനി ലോകസഭ മണ്ഡലത്തില്‍ , പതിനായിരം വോട്ടുകള്‍ക്ക് താഴെ മാത്രമാണ് , ഇടി മുഹമ്മദ് ബഷീറിന്റെ ഭൂരിപക്ഷം. ഇടതുപക്ഷം ഒന്നു ആഞ്ഞ് പിടിച്ചാല്‍ , ഇത്തവണ വലിയ അട്ടിമറി സാധ്യതയുള്ള മണ്ഡലം കൂടിയാണിത്. ആര്യാടന്‍ ഷൗക്കത്ത് വിഭാഗം യുഡിഫിനൊപ്പം ഒപ്പമുളളപ്പോള്‍ തന്നെ , പൊന്നാപുരം കോട്ടയായ പൊന്നാനിയില്‍, ലീഗിനെ വിറപ്പിക്കാന്‍ ഇടതുപക്ഷത്തിനു കഴിയുമെങ്കില്‍ , ആര്യാടന്‍ വിഭാഗം ഒപ്പം വന്നാല്‍ , എന്താണ് സംഭവിക്കുക എന്നത് , ലീഗിന് ചിന്തിക്കാന്‍ പറ്റുന്നതിനും അപ്പുറമാകും. ലീഗ് വിട്ടുവന്ന കെ.ടി ജലീലിനെയും , കോണ്‍ഗ്രസ്സ് വിട്ടുവന്ന വി. അബ്ദുറഹിമാനെയും മന്ത്രിമാരാക്കിയ ചരിത്രമാണ് സി.പി.എമ്മിനുള്ളത്. അതുകൊണ്ടു തന്നെ , യു.ഡി.എഫ് വിട്ടു വരുന്ന ഏത് നേതാവിനും , സുരക്ഷിതമായ അഭയ കേന്ദ്രമായിരിക്കും ഇടതുപക്ഷം. അതാകട്ടെ വ്യക്തവുമാണ്.
അധികാരം ഇല്ലങ്കില്‍ , ഒരടിപോലും മുന്നോട്ടു പോകാന്‍ കഴിയാത്ത യു.ഡി.എഫിന് , ലോകസഭ തിരഞ്ഞെടുപ്പില്‍കൂടി തിരിച്ചടി നേരിട്ടാല്‍, കേരള ഭരണത്തില്‍ തിരിച്ചുവരാമെന്ന അവസാന പ്രതീക്ഷകൂടിയാണ് , അതോടെ അസ്തമിക്കുക. ഈ ഭയം ശരിക്കും ഉള്ളതു കൊണ്ടാണ് , നവകേരള സദസ്സിനെ , പല്ലും നഖവും ഉപയോഗിച്ച് , അവര്‍ ഇപ്പോള്‍ എതിര്‍ക്കുന്നത്. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും കേരള പര്യടനം , ഇടതുപക്ഷത്തിന്റെ ജനസ്വാധീനം വര്‍ദ്ധിപ്പിക്കുമെന്ന ആശങ്കയാണ് , കോണ്‍ഗ്രസ്സ് നേതൃത്വത്തിന്റെയും , ലീഗിലെ ഒരുവിഭാഗത്തിന്റെയും ഉറക്കം കെടുത്തുന്നത്. അവരുടെ പ്രതിഷേധത്തിന്റെ മൂലകാരണവും , അതു തന്നെയാണ്. . .