തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങളുടെ കരടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അന്തിമരൂപം നൽകും

തിരുവനന്തപുരം ; തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങളുടെ കരടിന് സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് അന്തിമരൂപം നല്‍കും. നേതാക്കളുടെ ഗൃഹസന്ദര്‍ശന പരിപാടി തുടരാന്‍ സെക്രട്ടറിയേറ്റില്‍ ധാരണയായി. വിശ്വാസികള്‍ക്കെതിരല്ല പാര്‍ട്ടിയെന്നു വീട്ടമ്മമാരെ ബോധ്യപ്പെടുത്താനാവണമെന്നും യോഗം നിര്‍ദേശിച്ചു

കോടിയേരി ബാലകൃഷ്ണന്‍ അവതരിപ്പിച്ച തെറ്റ് തിരുത്തല്‍ കരട് രേഖയിന്‍മേലുളള ചര്‍ച്ചയാണ് സെക്രട്ടറിയേറ്റില്‍ രണ്ടാം ദിനവും നടന്നത്. ജനങ്ങളുമായി നേതാക്കള്‍ നിരന്തര സമ്പര്‍ക്കം പുലര്‍ത്തണം. ശബരിമല വിഷയത്തിലടക്കം ജനങ്ങളിലുണ്ടായ വിരുദ്ധ വികാരം മറികടക്കാന്‍ ഇതുപകരിക്കും. പ്രാദേശിക നേതാക്കള്‍ വീടുകളിലെത്തി കാര്യങ്ങള്‍ വിശദീകരിക്കണം. സര്‍ക്കാരിന്റെ നേട്ടങ്ങള്‍ ജനങ്ങളിലെത്തിക്കാന്‍ ഇത് സഹായിക്കുമെന്നും യോഗം വിലയിരുത്തി.

സർക്കാരിന്റെ പ്രവർത്തനങ്ങൾ പൊതുവെ ആക്ഷേപമില്ലാത്തതാണ്. എന്നാൽ സർക്കാരിന്റെ നേട്ടങ്ങൾ ജനങ്ങളിലേക്കെത്തിക്കുന്നതിന് പ്രാഥമികമായ ഉത്തരവാദിത്വം തദ്ദേശ സ്ഥാപനങ്ങൾക്കാണ്. തദ്ദേശ സ്ഥാപനങ്ങളുടെ കൂടി ഇടപെടലുകളിലൂടെയാണ് ഫലപ്രദമായി കാര്യങ്ങൾ ജനങ്ങളിലെത്തുക. ഇക്കാര്യം ഉൾക്കൊണ്ട് തദ്ദേശ സ്ഥാപനങ്ങളിലെ പാർട്ടി ജനപ്രതിനിധികൾ ജനങ്ങളുമായി കൂടുതൽ അടുത്തിടപഴകുകയും അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമുണ്ടാക്കുകയും സർക്കാർ കാര്യങ്ങൾ അവരിലേക്കെത്തിക്കുകയും വേണമെന്നും നിർദ്ദേശമുണ്ടായി.

സീതാറാം യെച്ചൂരി, പ്രകാശ് കാരാട്ട് എന്നിവരടക്കമുളള പി.ബി അംഗങ്ങളുടെ സാന്നിധ്യത്തിലാണ് സെക്രട്ടേറിയറ്റ് പുരോഗമിക്കുന്നത്. സെക്രട്ടറിയേറ്റ് ഇന്ന് സമാപിക്കും. നാളെ ആരംഭിക്കുന്ന ത്രിദിന സംസ്ഥാന കമ്മറ്റിയില്‍ സെക്രട്ടേറിയറ്റ് തയാറാക്കുന്ന തെറ്റുതിരുത്തല്‍ കരട് അവതരിപ്പിക്കും. സംസ്ഥാന സമിതി ചര്‍ച്ച ചെയ്തശേഷമായിരിക്കും തെറ്റുതിരുത്തല്‍ നിര്‍ദേശങ്ങള്‍ക്ക് അന്തിമ രൂപമാവുക.

Top