ഒറ്റ ദിവസം കൊണ്ട് ഭരത് ചന്ദ്രന്‍ ഐ.പി.എസിന്റെ പരിവേഷത്തിലേക്ക് സോഷ്യല്‍ മീഡിയ ഉയര്‍ത്തിയ വ്യക്തിയാണ് കളമശ്ശേരി എസ്.ഐ അമൃത് രംഗന്‍. മറുഭാഗത്ത് സി.പി.എം ഏരിയാ സെക്രട്ടറിയാണ് എന്നതിനാല്‍ സകല കമ്യൂണിസ്റ്റ് വിരുദ്ധരും ഒറ്റക്കെട്ടായാണ് എസ്.ഐക്ക് അഭിനന്ദനം രേഖപ്പെടുത്തി രംഗത്ത് വന്നിരുന്നത്. എന്നാല്‍ ഇവിടെ ഈ എസ്.ഐ കാണിച്ചത് ശരിക്കും പന്നത്തരമാണ്. ചീപ്പ് പബ്ലിസിറ്റിക്കു വേണ്ടി വലിയ വിശ്വാസ വഞ്ചനയാണ് എസ്.ഐ അമൃത് രംഗന്‍ കാണിച്ചിരിക്കുന്നത്.
അപമര്യാദയായ ഒരു വാക്ക് പോലും സി.പി.എം ഏരിയാ സെക്രട്ടറിയും മുന്‍ ഡി.വൈ.എഫ്.ഐ കേന്ദ്ര കമ്മറ്റി അംഗവുമായ സക്കീര്‍ ഹുസൈന്‍ എസ്.ഐയോട് പറഞ്ഞിട്ടില്ല. പുറത്ത് വന്ന സുഭാഷണത്തില്‍ തന്നെ അത് വ്യക്തവുമാണ്. ഈ യാഥാര്‍ത്ഥ്യം വ്യക്തമായത് കൊണ്ടാണ് വി.ടി ബല്‍റാം എം.എല്‍.എക്ക് പോലും എസ്.ഐയുടെ നടപടിയെ എതിര്‍ത്ത് രംഗത്ത് വരേണ്ടി വന്നിരിക്കുന്നത്.
തന്റെ ഔദ്യോഗിക ഫോണിലേക്ക് നിയമ വിരുദ്ധ ആവശ്യങ്ങള്‍ ഒന്നും ഉന്നയിക്കാതെ വന്ന കോള്‍ മനപൂര്‍വ്വം റെക്കോര്‍ഡ് ചെയ്ത എസ്.ഐയുടെ നടപടിയെയാണ് ബല്‍റാം ചോദ്യം ചെയ്തിരിക്കുന്നത്. വില്ലേജ് ഓഫീസര്‍, കൃഷി ഓഫീസര്‍, പഞ്ചായത്ത് സെക്രട്ടറി, സ്‌കൂള്‍ ഹെഡ് മാസ്റ്റര്‍, പി ഡബ്ല്യൂഡി അസി.എഞ്ചിനീയര്‍ എന്നിവരെ പോലെ ഒരു ജൂനിയര്‍ ഉദ്യോഗസ്ഥന്‍ മാത്രമാണ് എസ്.ഐമാരെന്നാണ് എം.എല്‍.എ ചൂണ്ടിക്കാട്ടുന്നത്.
ഭരത് ചന്ദ്രന്‍മാര്‍ക്ക് കയ്യടിക്കുന്ന ജനങ്ങള്‍ ഇക്കാര്യം മനസ്സിലാക്കണമെന്നും അവര്‍ അതിമാനുഷരാണെന്ന് ധരിച്ച് ആരാധിച്ച് കളയരുതെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം. കടുത്ത സി.പി.എം വിമര്‍ശകനായ വി.ടി ബല്‍റാമിന്റെ ഈ ഒറ്റ പ്രതികരണം മാത്രം മതി എസ്.ഐ ചെയ്തത് തെറ്റാണെന്ന് മനസ്സിലാക്കാന്‍. നിയമസഭക്ക് അകത്തും പുറത്തും പ്രത്യേകിച്ച് സോഷ്യല്‍ മീഡിയകളിലും സി.പി.എം നേതാക്കളെ കടന്നാക്രമിക്കുന്ന യു.ഡി.എഫ് എം.എല്‍.എയാണ് വി.ടി ബല്‍റാം.ഇന്ന് സക്കീര്‍ ഹുസൈന്‍ നേരിട്ട അപമാനം നാളെ എല്ലാ ജനപ്രതിനിധികള്‍ക്കും നേരിടേണ്ടി വരുമെന്ന തിരിച്ചറിവാണ് ഇത്തരമൊരു പ്രതികരണത്തിന് എം.എല്‍എയെ പ്രേരിപ്പിച്ചിരിക്കുന്നത്.
കൊച്ചിന്‍ സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വലിയ വിജയമാണ് ഇത്തവണയും എസ്.എഫ്.ഐ നേടിയിരുന്നത്. എസ്.എഫ്.ഐയുടെ ആഹ്ലാദ പ്രകടനം സമാധാനപരമായാണ് സമാപിച്ചതെന്ന് എസ്.ഐ തന്നെ സംഭാഷണത്തില്‍ സക്കീര്‍ ഹുസൈനോട് സമ്മതിക്കുന്നുമുണ്ട്. ഇവിടെ എസ്.എഫ്.ഐക്കെതിരെ മത്സരിച്ച് പരാജയപ്പെട്ട അരാഷ്ട്രീയ കൂട്ടവും അവരെ പിന്തുണയ്ക്കുന്ന ക്രിമിനലുകളുമാണ് സംഘര്‍ഷമുണ്ടാക്കിയത്.
അക്രമികളെ പിടികൂടുന്നതിന് പകരം സ്ഥലത്തുണ്ടായിരുന്ന എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് ജീപ്പിലേക്ക് വലിച്ചിടാനാണ് എസ്.ഐ തയ്യാറായത്. താന്‍ എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റാണെന്ന് പറഞ്ഞിട്ടും അങ്ങനെ പെരുമാറാന്‍ എസ്.ഐയെ പ്രേരിപ്പിച്ചത് കാക്കിക്കുള്ളിലെ കാവി വിധേയത്വമാണെന്നാണ് എസ്.എഫ്.ഐ നേതൃത്വവും ഇപ്പോള്‍ ആരോപിക്കുന്നത്.
തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സംഘര്‍ഷത്തിന് ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്ന് മുന്‍പ് തന്നെ എസ്.എഫ്.ഐ നേതാക്കള്‍ പൊലീസിനെ അറിയിച്ചിരുന്നതാണ്. ആവശ്യത്തിന് പൊലീസിനെ സ്ഥലത്ത് വിന്യസിച്ച് മുന്‍ കരുതല്‍ സ്വീകരിച്ചിരുന്നു എങ്കില്‍ സംഘര്‍ഷം തന്നെ ഒഴിവാക്കാമായിരുന്നു. ഇക്കാര്യത്തില്‍ ഗുരുതരമായ പിഴവാണ് കളമശ്ശേരി എസ്.ഐയുടെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്.ഇതിനെയാണ് സിപിഎം നേതാവ് സക്കീര്‍ ഹുസൈന്‍ ചോദ്യം ചെയ്തത്. താന്‍ ആദ്യമായാണ് വിളിക്കുന്നതെന്ന് അദ്ദേഹം സംഭാഷണത്തില്‍ പറയുന്നുമുണ്ട്. അതായത് പൊലീസ് സ്റ്റേഷനില്‍ നിരന്തരം ഇടപെടുന്നയാളല്ലെന്ന് വ്യക്തം.
പിള്ളേര് തമ്മില്‍ തല്ലുന്നത് കണ്ടു നില്‍ക്കില്ലന്ന് പറഞ്ഞ എസ്.ഐയുടെ കഴിവ് കേടാണ് കണ്‍മുന്നിലുണ്ടായ സംഘര്‍ഷം. സക്കീര്‍ ഹുസൈനോട് കാണിച്ച ഷോ സ്‌പോട്ടില്‍ അക്രമികളാട് കാണിച്ചിരുന്നെങ്കില്‍ സംഘര്‍ഷം തന്നെ ഒഴിവാക്കാമായിരുന്നു. തന്റെ കഴിവ് കേട് മറച്ച് പിടിക്കാന്‍, വിളിക്കുന്ന നേതാവിന്റെ ഫോണ്‍ റെക്കോര്‍ഡ് ചെയ്ത് പുറത്ത് വിടുന്നത് രണ്ടാം കിട ഏര്‍പ്പാട് തന്നെയാണ്. ഈ എസ്‌ഐയില്‍ നിന്നും നിഷ്പക്ഷ നീതി നിര്‍വ്വഹണം ഒരിക്കലും പ്രതീക്ഷിക്കാന്‍ കഴിയുകയില്ല.
അമൃത് രംഗന്‍ പഠിക്കുന്ന കാലത്ത് ഏത് കൊടിയാണ് പിടിച്ചതെന്നത് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. അക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി എന്തായാലും തല്‍ക്കാലം വിമര്‍ശിക്കുന്നില്ല. പക്ഷേ ഒരു കാര്യം തുറന്ന് പറയുന്നു. താങ്കള്‍ കാണിച്ചത് ശുദ്ധ പോക്രിത്തരമാണ്. ജനാധിപത്യ സംവിധാനത്തില്‍ ആര്‍ക്കും അംഗീകരിക്കാന്‍ പറ്റാത്ത നടപടിയാണിത്.
ഫോണ്‍ കോള്‍ ടാപ്പ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്ന മാനസികാവസ്ഥയുള്ളവന്‍ തൊപ്പി ഊരി വച്ചിട്ടാണ് ആ ഏര്‍പ്പാടിന് നില്‍ക്കേണ്ടത്. ഒറ്റികൊടുക്കുന്ന ഒരു ഒറ്റുകാരന്റെ മാനസികാവസ്ഥയാണത്. ഇത്തരക്കാര്‍ പൊലീസ് സേനക്ക് തന്നെ ഭീഷണിയാണ്. ഇക്കാര്യം സര്‍ക്കാറും പൊലീസ് ഉന്നതരും തിരിച്ചറിയുന്നതും നല്ലതാണ്.
ആര് വിളിച്ചാലും അത് റെക്കോര്‍ഡ് ചെയ്ത് മാധ്യമങ്ങള്‍ക്ക് നല്‍കുന്നത് ഉത്തരവാദിത്വപ്പെട്ട ഒരു ഉദ്യോഗസ്ഥന് ചേര്‍ന്ന പണിയൊന്നുമല്ല. സേനയിലെ അച്ചടക്കത്തിന് വിരുദ്ധമായ പ്രവര്‍ത്തനമാണ് ഇവിടെ എസ്.ഐ നടത്തിയിരിക്കുന്നത്. ഇതിനെതിരെ അന്വേഷണം നടത്തി ഡിപ്പാര്‍ട്ട്‌മെന്റ് തല നടപടി സ്വീകരിക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഉടന്‍ തയ്യാറാകണം.
സംസ്ഥാനത്ത് ക്രമസമാധാന ചുമതലയില്‍ എസ്.ഐ മുതല്‍ ഡി.ജി.പി വരെ നൂറ് കണക്കിന് ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇവരെയൊക്കെ രാഷ്ട്രീയ നേതാക്കള്‍ വിളിക്കുക സ്വാഭാവികമാണ്. ശരിയല്ലാത്ത കാര്യങ്ങളോ ഭീഷണിപ്പെടുത്തലോ ഉണ്ടെങ്കില്‍ അതിനെതിരെ കേസെടുക്കാനുള്ള അധികാരം പോലും പൊലീസ് ഉദ്യോഗസ്ഥര്‍ക്കുണ്ട്.
ഇവിടെ കളമശ്ശേരി എസ്.ഐയാണ് യഥാര്‍ത്ഥത്തില്‍ സക്കീര്‍ ഹുസൈനെ അപമാനിച്ചത്. ഇരുവരും തമ്മിലുള്ള സംഭാഷണം പുറത്ത് വിട്ടതിലൂടെ എസ്.ഐയുടെ വിശ്വാസ്യതയാണ് ചോദ്യം ചെയ്യപ്പെടുന്നത്. ഈ ഉദ്യോഗസ്ഥന്റെ പാതയില്‍ മറ്റു ഉദ്യോഗസ്ഥരും പോയാല്‍ എന്താകും സ്ഥിതി എന്നതും നാം ഓര്‍ക്കണം.
രാഷ്ട്രീയ എതിരാളികള്‍ പോലും കാണിക്കാത്ത മര്യാദകേടാണ് എസ്.ഐ അമൃത് രംഗന്‍ ഇവിടെ സക്കീര്‍ ഹുസൈനോട് കാണിച്ചിരിക്കുന്നത്. ഇങ്ങനെയായാല്‍ ഈ എസ്.ഐയോട് എങ്ങനെ പൊതു പ്രവര്‍ത്തകര്‍ ഇടപെടും ? സീനിയര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും ഈ എസ്.ഐയെ ഇനി നിയന്ത്രിക്കാന്‍ പറ്റുമോ ? ഫോണിലൂടെ എന്ത് പറഞ്ഞാലും ഇയാള്‍ തന്നെ അതും പുറത്ത് വിടില്ലേ ? ഇക്കാര്യങ്ങള്‍ ഗൗരവമായി ഉന്നത പൊലീസ് ഉദ്യാഗസ്ഥര്‍ പരിശോധിക്കണം. എസ്.ഐയുടെ ഫോണ്‍ പരിശോധിക്കാനും തയ്യാറാകണം.
നിയമം നടപ്പാക്കേണ്ട പോലീസുകാര്‍ ഇങ്ങനെ പ്രവര്‍ത്തിക്കുമ്പോള്‍ എന്തു സന്ദേശമാണ് അത് പൊതുസമൂഹത്തിന് നല്‍കുന്നതെന്ന് ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ ഗൗരവപൂര്‍വ്വം ചിന്തിക്കണം. അച്ചടക്കമില്ലെങ്കില്‍ പിന്നെ പൊലീസ് പൊലീസല്ല. അച്ചടക്കം പരസ്യമായി ലംഘിക്കേണ്ട അവസ്ഥയിലാണ് കേരളത്തിലെ ഇത്തരം പോലീസുകാരങ്കില്‍ പൊലീസിനെ ആ അവസ്ഥയിലെത്തിക്കുന്ന ‘അജണ്ട’ എന്താണെന്ന് ആഭ്യന്തരമന്ത്രി കൂടിയായ മുഖ്യമന്ത്രി അന്വേഷിക്കുക തന്നെ വേണം.
സംസ്ഥാനത്ത് നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമല്ല, ജനകീയ ഭരണമാണ്. സി.പി.എം എന്ന പാര്‍ട്ടിയെ ഭരിക്കുന്ന പാര്‍ട്ടിയായി മാത്രം വിലയിരുത്താന്‍ കഴിയുകയില്ല. കേരളത്തിലെ ഏറ്റവും വലിയ രാഷ്ട്രീയ പാര്‍ട്ടിയാണത്. അതിന്റെ ഒരു ഏരിയാ സെക്രട്ടറിക്ക് എസ്.ഐയെ വിളിക്കാനും കാര്യങ്ങള്‍ തിരക്കാനുമുള്ള അധികാരം ഉണ്ട്. പ്രത്യേകിച്ച് എസ്.എഫ്.ഐ ജില്ലാ പ്രസിഡന്റിനെ പൊലീസ് ജീപ്പിലേക്ക് ബലം പ്രയോഗിച്ച് കൊണ്ടു പോയാല്‍ ചോദിക്കും. അത് ആ സി.പി.എം നേതാവിന്റെ കടമയാണ്. ഈ ഇടപെടല്‍ എസ്.ഐക്ക് രസിച്ചില്ലെങ്കില്‍ മാധ്യമങ്ങളിലൂടെ അപമാനിക്കും എന്ന് പറഞ്ഞാല്‍ അത് വകവെച്ച് കൊടുക്കാന്‍ ഒരിക്കലും കഴിയുകയില്ല. പൊലീസ് തൊപ്പി ധരിക്കുന്നതിന് മുന്‍പ് പിടിച്ച കൊടിയുടെ പക കാക്കി ധരിച്ച് കാണിച്ചാല്‍ കാണിക്കുന്നവനും വിവരമറിയും. അത് സ്വാഭാവികം തന്നെയാണ്.
Political Reporter