പുതിയ വില്ലന്മാരെയും ഇരകളെയും സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ എതിരാളികള്‍: മന്ത്രി എംബി രാജേഷ്

ദില്ലി: ലോക്‌സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പുതിയ വില്ലന്മാരെയും ഇരകളെയും സൃഷ്ടിക്കുകയാണ് സിപിഎമ്മിന്റെ എതിരാളികളെന്ന് മന്ത്രി എം ബി രാജേഷ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പ് സമയത്തും ഇതുണ്ടായിരുന്നു. അന്നത്തെ സംഭവങ്ങളെ കുറിച്ച് മാധ്യമങ്ങള്‍ ഇപ്പോള്‍ അന്വേഷിക്കുന്നുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

കരുവന്നൂര്‍ തട്ടിപ്പ് കേസില്‍ സിപിഎം സംസ്ഥാന സമിതിയംഗം എസി മൊയ്തീന്‍ കുറ്റവാളിയാണെന്ന് കരുതുന്നുണ്ടോയെന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. കരുവന്നൂരില്‍ ക്രമക്കേട് ഉണ്ടായിട്ടില്ലെന്ന് താനോ പാര്‍ട്ടിയോ പറഞ്ഞിട്ടില്ലെന്നും ഗൗരവമുള്ള വിഷയമാണെന്ന് നേരത്തെ പറഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ വികസന പദ്ധതികളുമായി ബന്ധപ്പെട്ട് കേന്ദ്ര നഗരവികസന മന്ത്രാലയത്തെ കാണാന്‍ ദില്ലിയിലെത്തിയതായിരുന്നു മന്ത്രി. ദില്ലിയില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലായിരുന്നു മന്ത്രി നിലപാട് വ്യക്തമാക്കിയത്.

സംസ്ഥാന തദ്ദേശ വകുപ്പ് കേന്ദ്ര നഗരവികസന മന്ത്രാലയത്തിന് സമര്‍പ്പിച്ച പദ്ധതികള്‍ സംബന്ധിച്ച് മന്ത്രി വിശദീകരിച്ചു. നഗര വികസന പദ്ധതികള്‍ക്കായി 935 കോടി രൂപ അനുവദിക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പുതിയ നഗര വികസന പദ്ധതിയില്‍ കണ്ണൂരിനും തിരുവനന്തപുരത്തിനുമായി പദ്ധതികള്‍ സമര്‍പ്പിച്ചുവെന്നും മന്ത്രി പറഞ്ഞു.

കേന്ദ്ര സര്‍ക്കാര്‍ അമൃത് പദ്ധതിയുടെ വിഹിതം കൂട്ടണമെന്നും മന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടതായി പറഞ്ഞു. കൊല്ലത്ത് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം കിട്ടാത്തതിനെ ചൊല്ലിയുണ്ടായ പ്രശ്‌നം പരിശോധിക്കാമെന്ന് പറഞ്ഞ മന്ത്രി തൊഴിലുറപ്പ് തൊഴിലാളികളെ വലിച്ചിഴച്ചത് ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Top