വിധിയില്‍ വ്യക്തത വരട്ടെ; ശബരിമലയില്‍ യുവതീപ്രവേശനം വേണ്ടെന്ന് സി.പി.എം

തിരുവനന്തപുരം: വിധിയില്‍ അന്തിമ തീരുമാനം വരും വരെ ശബരിമല യുവതീ പ്രവേശനം അനുവദിക്കേണ്ടതില്ലെന്ന് സി.പി.എം.തിരുവനന്തപുരത്ത് ചേര്‍ന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം എടുത്തത്.പുനപരിശോധന ഹര്‍ജികളില്‍ സുപ്രീംകോടതി അഞ്ചംഗ ബെഞ്ച് തീര്‍പ്പ് ഉണ്ടാക്കിയിട്ടില്ല. നിലവിലെ യുവതീ പ്രവേശന വിധി സ്റ്റേ ചെയ്തിട്ടുമില്ല.

ഈ സാഹചര്യത്തില്‍ സുപ്രീംകോടതി വിധിയില്‍ അവ്യക്തത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് അന്തിമ തീര്‍പ്പിന് ശേഷം മതി യുവതീപ്രവേശം എന്ന നിലപാടിലേക്ക് സി.പി.എം എത്തിച്ചേര്‍ന്നത്.കോടതി വിധിയില്‍ അവ്യക്തത നീങ്ങിയിട്ടില്ലെന്ന് നിയമ മന്ത്രി എ.കെ ബാലനും സെക്രട്ടേറിയേറ്റ് യോഗത്തിന് ശേഷം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.സര്‍ക്കാര്‍ വിശദമായ നിയമോപദേശം തേടിയിട്ടുണ്ട്.

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മലകയറാന്‍ യുവതികള്‍ എത്തിയാല്‍ പൊലീസ് സംരക്ഷണം നല്‍കില്ലെന്നും അതല്ലെങ്കില്‍ ശബരിമലയിലേക്ക് എത്തുന്ന യുവതികള്‍ കോടതി വിധി കൊണ്ടു വരണമെന്നും മന്ത്രി പറഞ്ഞു. വിശ്വാസികളെ സര്‍ക്കാരിനെതിരെ തിരിക്കാന്‍ ബോധപൂര്‍വ്വം നടക്കുന്ന ശ്രമം ഇനി വിലപ്പോകില്ലെന്നും മാന്തി പുണ്ണാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

Top