സിഎജി റിപ്പോര്‍ട്ട്; വിവാദത്തിന് കാരണം യുഡിഎഫ് കാലത്തെ വിട്ടുവീഴ്ച്ച

തിരുവനന്തപുരം: പൊലീസിനും ഡിജിപിക്കും എതിരെ സിഎജിയുടെ കണ്ടെത്തല്‍ വിവാദമായിരിക്കെ സിപിഎം സംസ്ഥാന സമിതി യോഗം ഇന്ന് തുടങ്ങും. സിഎജി റിപ്പോര്‍ട്ട് സംബന്ധിച്ച ചര്‍ച്ചകള്‍ യോഗത്തില്‍ ഉയരും. സിഎജി കണ്ടെത്തല്‍ രാഷ്ട്രീയപ്രേരിതമാണെന്ന നിലപാടിലുറച്ച്, ഇതിലുള്ളതെല്ലാം യുഡിഎഫ് കാലത്തെ വീഴ്ചയെന്ന് ഉയര്‍ത്തിക്കാട്ടി വിവാദം ചെറുക്കാനാണ് സിപിഎം പദ്ധതി.

സിഎജി പുറത്തുവിട്ട റിപ്പോര്‍ട്ട് ആഭ്യന്തരവകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രിക്കും, പൊലീസിനും തന്നെ വലിയ തലവേദനയായ സാഹചര്യത്തിലാണ് ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് തന്നെ വിഷയം അടിയന്തരമായി ചര്‍ച്ച ചെയ്തത്. ബുള്ളറ്റ് പ്രൂഫ് വാഹനങ്ങള്‍ വാങ്ങിയതൊഴികെ ബാക്കിയെല്ലാ കേസുകളും യുഡിഎഫ് കാലത്തുണ്ടായതാണ്. അതിന് മറുപടി പറയേണ്ടതും യുഡിഎഫാണ് എന്ന നിലപാടാണ് സിപിഎം സ്വീകരിച്ചത്.

പൗരത്വ നിയമത്തിനെതിരായി നടന്ന പ്രതിഷേധങ്ങളുടെ അവലോകനവും തുടര്‍ സമരങ്ങളും ചര്‍ച്ചയാകും. തദ്ദേശ തെരഞ്ഞെടുപ്പ് ഒരുക്കമാണ് മറ്റൊരു പ്രധാന അജണ്ട. കൃത്യമായി രാഷ്ട്രീയയലക്ഷ്യത്തോടെ, മുഖ്യമന്ത്രിക്കെതിരെ വരുന്ന ആരോപണങ്ങള്‍ അവഗണിച്ച് മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനിക്കുന്നത്. ഇതേ തരത്തിലുള്ള ആരോപണങ്ങളെ മുഖ്യമന്ത്രി തന്നെ നേരിടുമെന്നും, മറുപടി നല്‍കുമെന്നും സിപിഎം തീരുമാനിച്ചു. സിപിഎമ്മിന്റെ മറ്റ് നേതാക്കളാരും ഇതില്‍ പ്രതികരണം നടത്തിയിട്ടില്ല, നടത്തേണ്ടതില്ല എന്നാണ് തീരുമാനം.

Top