CR mahesh’s facebook post -chennithala trapped

തിരുവനന്തപുരം: കോണ്‍ഗ്രസ് ഉപാദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി താല്‍പ്പര്യം ഇല്ലങ്കില്‍ നേതൃസ്ഥാനത്ത് നിന്നും മാറണമെന്ന് ആവശ്യപ്പെട്ട യൂത്ത് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡന്റ് സി.ആര്‍.മഹേഷിന്റെ നടപടി രമേശ് ചെന്നിത്തലക്കെതിരെ ‘ആയുധ’മാകുന്നു.

രാഹുല്‍ ഗാന്ധിക്കെതിരെയുള്ള പരാമര്‍ശവും എ കെ ആന്റണിയെ മൗനിബാബയെന്നും വിശേഷിപ്പിച്ച നടപടിക്കുമെതിരെ നിരവധി പരാതികളാണ് കോണ്‍ഗ്രസ്സ് ഹൈക്കമാന്റിലേക്ക് കേരളത്തില്‍ നിന്നും പ്രവഹിക്കുന്നത്.

പ്രമുഖ ഐ വിഭാഗം നേതാവും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ അടുത്ത അനുയായിയുമായ മഹേഷ് ഇത്തരമൊരു നിലപാട് സ്വീകരിച്ചത് ഐ വിഭാഗം നേതാക്കളുടെ അറിവോടെയാണെന്നാണ് ആരോപണം.

പ്രതികരണത്തില്‍ നടപടി ഉറപ്പായതോടെ ഇപ്പോള്‍ പാര്‍ട്ടി വിട്ടതായി മഹേഷ് പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും എതിര്‍ വിഭാഗം ഇത് ഒരു നാടകമായിട്ടാണ് കാണുന്നത്.

പുതിയ കെപിസിസി അദ്ധ്യക്ഷന്റെ നിയമനം നീളുന്നതും കെ എസ് യു തമ്മിലടിയുമാണ് തന്റെ പ്രതികരണത്തിന് കാരണമായി പ്രധാനമായും മഹേഷ് ചൂണ്ടി കാട്ടുന്നതെങ്കിലും ഇത് ഐ ഗ്രൂപ്പിന്റെ സമ്മര്‍ദ്ദ തന്ത്രമായാണ് നേതാക്കള്‍ക്കിടയില്‍ വിലയിരുത്തപ്പെടുന്നത്.

പ്രത്യേകിച്ച് ഉമ്മന്‍ ചാണ്ടി കെ പി സി സി അദ്ധ്യക്ഷ പദവി ഏറ്റെടുത്തില്ലങ്കില്‍ ചെന്നിത്തല പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് ഒഴിയണമെന്ന ആവശ്യം ഒരു വിഭാഗം മുന്നോട്ട് വയ്ക്കുന്ന സാഹചര്യത്തില്‍.

തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്താണ് സ്ഥാനമാനങ്ങള്‍ ഒന്നും ഏറ്റെടുക്കാതെ ഉമ്മന്‍ ചാണ്ടി മാറി നില്‍ക്കുന്നത്.

യു ഡി എഫ് ചെയര്‍മാന്‍ പദവും ചെന്നിത്തലയാണ് ഇപ്പോള്‍ കൈകാര്യം ചെയ്യുന്നത്. ഈ രീതിയില്‍ ഐ ഗ്രൂപ്പിന് പ്രാമുഖ്യം ലഭിച്ചത് മാറണമെന്ന് ആഗ്രഹിക്കുന്നവരാണ് എ വിഭാഗം.

വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടികാട്ടിയാണ് സുധീരന്‍ കെ പി സി സി അദ്ധ്യക്ഷ പദവി ഒഴിഞ്ഞതെങ്കിലും ഇതോടെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് നേതൃത്വം കൊടുത്ത രണ്ടു പേരും തല്‍സ്ഥാനത്തില്ലാത്ത സാഹചര്യമുളളതിനാല്‍ ചെന്നിത്തലയും മാറി നില്‍ക്കണമെന്നതാണ് ആവശ്യം.

യു ഡി എഫ് ചെയര്‍മാന്‍ പദവും പ്രതിപക്ഷ നേതൃസ്ഥാനവും ഒരുമിച്ച് വഹിക്കുന്നതിലാണ് കലിപ്പ്.

ഹൈക്കമാന്റ് ഇടപെട്ട് ഇക്കാര്യത്തില്‍ ‘ സുതാര്യ ‘നിലപാട് സ്വീകരിക്കുമെന്ന പ്രതീക്ഷയിലിരിക്കുമ്പോഴാണ് അസംതൃപ്തര്‍ക്ക് മുന്നില്‍ മഹേഷിന്റെ പ്രതികരണം വീണുകിട്ടിയത്.

PicsArt_03-22-10.26.25 (1)

വിവാദ ഫേസ് ബുക്കിന്റെ ഇംഗ്ലീഷ് പരിഭാഷ കൂടി തയ്യാറാക്കിയാണ് ഹൈക്കമാന്റിനും രാഹുല്‍ ഗാന്ധിക്കും പരാതികള്‍ അയച്ചിരിക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

കെ.പി.സി.സിയ്ക്ക് നാഥന്‍ ഇല്ലാതായിട്ട് രണ്ടാഴ്ച്ച ആകുന്നു. ബി.ജെ.പിയുടെയും സി.പി.ഐ.എമ്മിന്റെയും ഭരണ പരാജയത്തിനെതിരെ ജനപക്ഷത്ത് നിന്ന് സമരം നയിക്കേണ്ട സംഘടന നേതൃത്വമില്ലാതെ നിശ്ശബ്ദതയില്‍ ആണ്.
ഇന്ന് കെ.എസ്.യു തിരഞ്ഞെടുപ്പ് നടന്നു. ക്യാമ്പസുകളില്‍ ഇല്ലാതായി കൊണ്ടിരിക്കുന്ന കെ.എസ്.യുവിനെ പരസ്പരം മത്സരിപ്പിച്ച് പാര്‍ട്ടിയിലും, കെ.എസ്.യുവിലും മെമ്പര്‍ഷിപ്പ് എടുക്കും മുന്‍പേ ഗ്രൂപ്പില്‍ അംഗത്വവും എടുപ്പിച്ച്, നാട് മുഴുവന്‍ ഗ്രൂപ്പ് യോഗങ്ങളും കൂടി, ഗ്രൂപ്പ് തിരിഞ്ഞ് തമ്മിലടിപ്പിച്ച് നേതൃത്വം കണ്ട് രസിക്കുകയാണ്.

ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനം, രാജ്യത്തും, സംസ്ഥാനത്തും ഉരുകി തീരുന്നത് ലാഘവത്തോടെ കണ്ട് നില്‍ക്കുന്ന കോണ്‍ഗ്രസ് നേതൃത്വം റോമാ സാമ്രാജ്യം കത്തി എരിഞ്ഞപ്പോള്‍ വീണ വായിച്ച ചക്രവര്‍ത്തിയെ അനുസ്മരിപ്പിക്കുന്നു. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവരുടെ മനസ്സ് തേങ്ങുകയാണ്. ജനവിരുദ്ധ സര്‍ക്കാര്‍ നയങ്ങള്‍ക്ക് എതിരെ പട നയിക്കേണ്ടവര്‍ പകച്ചു നില്‍ക്കുന്നു. ബഹുമാനപ്പെട്ട രാഹുല്‍ ഗാന്ധിക്ക് നേതൃത്വം ഏറ്റെടുത്ത് മുന്നില്‍ നിന്ന് നയിക്കാന്‍ താല്പര്യം ഇല്ലെങ്കില്‍ അദ്ദേഹം ഒഴിയണം. ഒരു മഹത്തായ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ രാജ്യം മുഴുവന്‍ പടര്‍ന്ന് പന്തലിച്ചിരുന്ന വേരുകള്‍ അറ്റ് പോവുന്നത് അങ്ങ് കണ്ണ് തുറന്ന് കാണണം.

കെ.എസ്.യു വളര്‍ത്തി വലുതാക്കിയ എ.കെ.ആന്റണി ഡല്‍ഹിയില്‍ മൗനിബാബയായി തുടരുകയാണ്. അങ്ങ് കാണുന്നില്ലേ താങ്കള്‍ വളര്‍ത്തി, രാഷ്ട്രീയ വല്‍കരിച്ച യൂത്ത് കോണ്‍ഗ്രസിനേയും, കെ.എസ്.യുവിനേയും നേതൃത്വവും, അനുഭവ പരിചയമില്ലാത്ത, രാഷ്ട്രീയ ബോധമില്ലാത്ത കോര്‍പ്പറേറ്റ് ശൈലിക്കാരും ചേര്‍ന്ന് പരീക്ഷണശാലയിലെ പരീക്ഷണ വസ്തുവാക്കി. കെ.എസ്.യുവിനെ മൂന്ന് തിരഞ്ഞെടുപ്പുകളില്‍ കൂടി ഒരു സഹകരണ സംഘം ആക്കി മാറ്റിയിരിക്കുന്നു. എന്‍.എസ്.യു നേതൃത്വം അവകാശപ്പെടുന്ന കേരളത്തിലെ മെമ്പര്‍ഷിപ്പുകളുടെ എണ്ണത്തില്‍ എണ്‍പത് ശതമാനവും അധികാരം പിടിക്കാന്‍ ഉണ്ടാക്കിയ വ്യാജ മെമ്പര്‍ഷിപ്പുകള്‍ മാത്രമാണ്. ആവര്‍ത്തിച്ച് പറയട്ടെ പുതിയ നേതൃത്വം വരുന്നതില്‍ ഒരു എതിര്‍പ്പും ഇല്ല, പുതു രക്തം കടന്ന് വന്നേ മതിയാകൂ. പക്ഷേ വര്‍ഗീയ, ഫാസിസ്റ്റ് അജണ്ടകള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിന് വിദ്യാര്‍ത്ഥികളെ പ്രാപ്തരാക്കുന്നതിന് പകരം ഒരേ പ്രത്യയ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നവരെ തമ്മില്‍ അടിപ്പിക്കുന്ന ഈ തുഗ്ലക്ക് തിരഞ്ഞെടുപ്പ് പരിഷ്‌കാരം അവസാനിപ്പിച്ചില്ലായെങ്കില്‍ കനത്ത വില കൊടുക്കേണ്ടി വരും.

ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രാജ്യത്ത് മരിക്കാതിരിക്കാന്‍ ഞങ്ങള്‍ മരിക്കാനും തയ്യാറാണ്. പക്ഷേ ഇനിയും ഈ സ്ഥിരം സെറ്റില്‍മെന്റ് രാഷ്ട്രീയം, ഗ്രൂപ്പ് കളി, തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവരുടെ കാല് വാരല്‍, അഴിമതി, അവിഹിത ധനസമ്പാദനം, പ്രത്യയശാസ്ത്ര പരമായ പാപ്പരത്വം, വിഴുപ്പലക്കല്‍ എന്നിങ്ങനെയുള്ള സ്ഥിരം നിര്‍ഗുണങ്ങളുമായി മുന്നോട്ട് പോകാന്‍ സാധിക്കില്ല. പ്രതീക്ഷ കൈവിടാതെ ഒരു പുതിയ സൂര്യോദയത്തിനായി നമുക്ക് പ്രത്യാശയോടെ കാത്തിരിക്കാം.

Top