ന്യൂഡല്‍ഹി: കശ്മീരില്‍ സംഘര്‍ഷം സൃഷ്ടിക്കുന്നവരെ പിടികൂടണമെന്ന് സുരക്ഷാ സേനയോട് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്. കശ്മീരില്‍ സംഘര്‍ഷം നിലനില്‍ക്കുന്ന സാഹചര്യത്തില്‍, സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന യോഗത്തിലായിരുന്നു ആഭ്യന്തരമന്ത്രിയുടെ നിര്‍ദ്ദേശം.ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും ഒരു മണിക്കൂര്‍ നീണ്ട യോഗത്തില്‍ പങ്കെടുത്തു.
ഒരാഴ്ചയ്ക്കുള്ളില്‍ കശ്മീരിലെ ജനജീവിതം സാധാരണഗതിയില്‍ ആക്കണമെന്ന് രാജ്‌നാഥ്‌സിങ് സുരക്ഷാ സേനക്ക് നിര്‍ദ്ദേശം നല്‍കി. സ്‌കൂളുകള്‍ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉടന്‍ തുറക്കണം. കടകളും മറ്റു വ്യാപാരസ്ഥാപനങ്ങളും സാധാരണ ഗതിയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതിയുണ്ടാകണമെന്നും ആഭ്യന്തരമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.
ബി.എസ്.എഫ് പ്രവേശന പരീക്ഷയില്‍ ഒന്നാമതെത്തിയ ഉധംപൂര്‍ സ്വദേശി നബീല്‍ അഹമ്മദ് വാനിയുമായും രാജ്‌നാഥ് സിങ് കൂടിക്കാഴ്ച നടത്തി. തൊഴിലില്ലായ്മ കശ്മീര്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണെന്നും വിദ്യഭ്യാസം കൊണ്ട് മാത്രമേ കശ്മീരിലെ യുവാക്കളെ സമാധാനത്തിന്റെ പാതയിലേക്ക് കൊണ്ടുവരാന്‍ സാധിക്കൂ എന്നും നബീല്‍ ആഭ്യന്തരമന്ത്രിയെ അറിയിച്ചു.
പൂഞ്ചില്‍ ഇരട്ട ഏറ്റുമുട്ടലില്‍ മൂന്ന് ഭീകരരും പൊലീസുകാരന്‍ കൊല്ലപ്പെടുകയും ചെയ്തതിനും പിന്നാലെയാണ് ആഭ്യന്തരമന്ത്രി യോഗം വിളിച്ചത്. ജൂലൈ എട്ടിന് സൈനിക നടപടിക്കിടെ ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് കശ്മീരില്‍ സംഘര്‍ഷം തുടങ്ങിയത്. കഴിഞ്ഞ 65 ദിവസമായി പലയിടങ്ങളിലും പ്രതിഷേധക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുകയാണ്. 75 പേര്‍ക്കാണ് ഇതുവരെ കൊല്ലപ്പെട്ടത്.