ന്യൂഡല്‍ഹി: രാജ്യമെമ്പാടും പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ സുപ്രീം കോടതി വിധി ഇന്ന് പ്രസ്താവിച്ചേക്കും. രാജ്യത്തെ വായുമലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് പടക്ക നിര്‍മ്മാണം നിരോധിക്കണമെന്ന ആവശ്യം ഉയര്‍ന്നത്.
ജസ്റ്റിസുമാരായ എ.കെ സിക്രി, അശോക് ഭൂഷണ്‍ എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ഓഗസ്റ്റ് 28ന് കേസില്‍ വാദം പൂര്‍ത്തിയായിരുന്നു.
പടക്ക നിര്‍മാണത്തൊഴിലാളികളുടെ തൊഴിലെടുക്കാനുള്ള അവകാശം, രാജ്യത്തെ പൗരന്മാരുടെ ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ നിരോധനം ഏര്‍പ്പെടുത്തുന്നതിനു മുമ്പ് പരിഗണിക്കേണ്ടതുണ്ടെന്ന് മുമ്പ് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
പടക്കങ്ങളുടെ നിര്‍മാണവും വില്‍പനയും പൂര്‍ണമായി നിരോധിക്കരുതെന്നും പകരം കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയാണ് വേണ്ടതെന്നും പടക്കനിര്‍മാതാക്കള്‍ അഭ്യര്‍ഥിച്ചിരുന്നു.