മുംബൈ: മഹാരാഷ്ട്രയില്‍ ഹൈവേ നിര്‍മാണത്തിനിടെ കൂറ്റന്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 16 തൊഴിലാളികള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. താനെയിലെ ഷാപൂരിന് സമീപം സമൃദ്ധി എക്സ്പ്രസ് ഹൈവേയുടെ മൂന്നാം ഘട്ട നിര്‍മാണത്തിനിടെയാണ് അപകടം.പാലം നിര്‍മാണത്തിനും ഹൈവേ നിര്‍മാണത്തിനും പ്രീകാസ്റ്റ് ബോക്സ് ഗര്‍ഡറുകള്‍ സ്ഥാപിക്കാന്‍ ഉപയോഗിക്കുന്ന പ്രത്യേക മൊബൈല്‍ ഗാന്‍ട്രി ക്രെയിനാണ് തകര്‍ന്നുവീണത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കൂടുതല്‍ ആളുകള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാനാണ് സാധ്യതയെന്ന് പോലീസ് പറയുന്നു. ഇവരെ കണ്ടെത്താനുള്ള ശ്രമം തുടരുകയാണ്. എന്‍.ഡി.ആര്‍.എഫ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.മഹാരാഷ്ട്ര സമൃദ്ധി മഹാമാര്‍ഗ് എന്ന് പേരിട്ടിരിക്കുന്ന സമൃദ്ധി മഹാമാര്‍ഗ്, മുംബൈയെയും നാഗ്പൂരിനെയും ബന്ധിപ്പിക്കുന്ന 701 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാതയാണ്.