വിഴിഞ്ഞം തുറമുഖത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15 ല്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി

തിരുവനന്തപുരം: വിഴിഞ്ഞത്തെത്തിയ ആദ്യ കപ്പല്‍ ഷെന്‍ഹുവ 15 ല്‍ നിന്ന് ക്രെയ്നുകള്‍ ഇറക്കി. ആദ്യ യാര്‍ഡിലേക്കുള്ള ക്രെയ്നുകളാണ് ഇറക്കിയത്. കടല്‍ ശാന്തമാകാത്തതും, ചൈനീസ് ജീവനക്കാര്‍ക്ക് എമിഗ്രേഷന്‍ ക്ലിയറന്‍സ് ലഭിക്കാത്തതിനെ തുടര്‍ന്നും ആഘോഷപൂര്‍വം സ്വീകരണം നല്‍കി നാലു ദിവസമായിട്ടും ക്രെയിനുകള്‍ ഇറക്കാനായിരുന്നില്ല.

രണ്ടു ജീവനക്കാര്‍ക്ക് ബര്‍ത്തില്‍ ഇറങ്ങാന്‍ ഇന്നലെയാണ് എഫ്ആര്‍ആര്‍ഒ അനുമതി നല്‍കിയത്. സാങ്കേതിക കാരണങ്ങളാലാണ് അനുമതി വൈകിയതെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. ഒക്ടോബര്‍ 15നാണ് വിഴിഞ്ഞം തുറമുഖത്തെ ആദ്യ കപ്പലായ ഷെന്‍ഹുവ 15നെ ഊഷ്മളമായി വരവേറ്റത്. മുഖ്യമന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ചൈനീസ് കപ്പലായ ഷെന്‍ഹുവ 15നെ ഫ്‌ളാഗ് ഇന്‍ ചെയ്ത് സ്വീകരിച്ചു.

അതേസമയം ക്രെയിനിറക്കുന്നത് ഈ മാസം 21കടന്നാല്‍ ഓരോ ദിവസവും മൂപ്പത് ലക്ഷത്തോളം രൂപ ചൈനീസ് കപ്പല്‍ കമ്പനിക്ക് പിഴ നല്‍കേണ്ടി വരുമായിരുന്നു. ബെര്‍ത്തിന് സമീപം അര മീറ്ററോളം ഉയരത്തില്‍ തിരയടിക്കുന്നതും ശക്തമായ കാറ്റുമാണ് തടസ്സമായിരുന്നത്.

Top