തകര്‍ന്നടിഞ്ഞ് ബോളിവുഡ് ചിത്രം ‘ദ ലേഡി കില്ലര്‍’; വിറ്റത് വെറും 293 ടിക്കറ്റുകള്‍

2023 ല്‍ ബോളിവുഡിലെ ഏറ്റവും വലിയ പരാജയങ്ങളിലൊന്നായി ‘ദ ലേഡി കില്ലര്‍’. അര്‍ജുന്‍ കപൂര്‍, ഭൂമി പഡ്നേക്കര്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അജയ് ബാലാണ്. ശൈലേഷ് ആര്‍ സിംഗും സാഹില്‍ മിര്‍ചന്ദാനിയും ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. 45 കോടി രൂപയാണ് ചിത്രത്തിന്റെ നിര്‍മ്മാണ ചെലവ്. അന്‍പത് കേന്ദ്രങ്ങളില്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്തത്. 293 ടിക്കറ്റുകളാണ് എല്ലാ കേന്ദ്രങ്ങളില്‍ നിന്നും കൂടി വിറ്റുപോയത്. 38000 രൂപ മാത്രമാണ് ചിത്രം വരുമാനം നേടിയത്.

യാതൊരു പ്രചാരണവുമില്ലാതെയാണ് ദ ലേഡി കില്ലര്‍ റിലീസിനെത്തിയത്. ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററും റിലീസ് തീയതിയുമൊക്കെ റിലീസിന് ഒരാഴ്ച മുന്‍പ് മാത്രമാണ് പുറത്തിറക്കിയത്. അതിനും ശേഷമായിരുന്നു ചിത്രത്തിന്റെ ട്രെയ്ലര്‍ റിലീസ് ചെയ്തത്. ചിത്രീകരണം പൂര്‍ത്തിയാക്കാതെ എഡിറ്റിങ് ടേബിളില്‍ തട്ടികൂട്ടി സിനിമ റിലീസിന് എത്തിക്കുകയായിരുന്നുവെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2022 ഏപ്രില്‍ മാസത്തിലാണ് സിനിമയുടെ പ്രാരംഭ ജോലികള്‍ ആരംഭിച്ചത്. 2022 ഒക്ടോബര്‍ മാസത്തില്‍ ചിത്രീകരണം ആരംഭിച്ചു. 80 ശതമാനം ചിത്രീകരിച്ചതിന് ശേഷം സാമ്പത്തിക പ്രതിസന്ധിയും അഭിനേതാക്കളുടെ ഡേറ്റില്ലായ്മയെയും കാരണം സിനിമ നിന്നുപോയി. ചിത്രീകരണം പുനരാരംഭിക്കാന്‍ 4- 5 കോടി ആവശ്യമായിരുന്നു. ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ പത്ത് ദിവസത്തെ കൂടി സമയം വേണ്ടിയിരുന്നു. എന്നാല്‍ നിര്‍മാതാക്കള്‍ അതിന് വിസമ്മതിച്ചതിനെ തുടര്‍ന്ന് ചിത്രീകരിച്ച ഭാഗങ്ങള്‍ ഉപയോഗിച്ചാണ് സിനിമ റിലീസ് ചെയ്തത്. അത് സിനിമയുടെ നിലവാരത്തെ സാരമായി ബാധിച്ചുവെന്നും ബോളിവുഡ് ഹാംഗാമ റിപ്പോര്‍ട്ട് ചെയ്തു. ഉത്തരാഖണ്ഡിലായിരുന്നു സിനിമയുടെ ബാക്കിയുള്ള ഭാഗങ്ങള്‍ ചിത്രീകരിക്കേണ്ടിയിരുന്നത്. എന്നാല്‍ കടുത്ത മഴകാരണം അതിന് സാധിച്ചില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോളിവുഡില്‍ സമീപകാലത്ത് റിലീസ് ചെയ്ത ചിത്രങ്ങളില്‍ മിക്കതും വലിയ പരാജയമായിരുന്നു. കങ്കണ റണാവത്ത് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച തേജസ്. ടൈഗര്‍ ഷ്റോഫിന്റെ ‘ഗണപത്’ എന്നിവയെല്ലാം കടുത്ത് പരാജയങ്ങളാണ് ഏറ്റുവാങ്ങിയത്.

Top