വില നോക്കേണ്ട, ട്രയംഫ് വാങ്ങാന്‍ വായ്പാ സൗകര്യവും !

ന്യൂഡല്‍ഹി : ഇന്ത്യന്‍ ബൈക്ക് വിപണി പിടിക്കാന്‍ അടവുകളോരോന്നും പയറ്റുകയാണ് ബ്രിട്ടീഷ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ ട്രയംഫ്.

പ്രാദേശികമായി മിഡ്‌സെഗ്‌മെന്റ് ബൈക്കുകള്‍ നിര്‍മ്മിക്കുന്നതിന് ബജാജ് ഓട്ടോ ലിമിറ്റഡുമായി ഈയിടെയാണ് ട്രയംഫ് ആഗോള സഖ്യം സ്ഥാപിച്ചത്. വില കൂടിയ മോഡലുകള്‍ ഇന്ത്യയില്‍ വില്‍ക്കുന്നതിന് ആകര്‍ഷകമായ വായ്പാ സൗകര്യമൊരുക്കിയിരിക്കുകയാണ് ട്രയംഫ്.

ട്രയംഫ് മോട്ടോര്‍സൈക്കിള്‍സുമായി സഹകരിച്ച് എച്ച്ഡിഎഫ്‌സി ബാങ്കാണ് ഏഴ് വര്‍ഷ കാലാവധിയില്‍ വായ്പ അനുവദിക്കുന്നത്. ട്രയംഫിന്റെ ഏഴ് മോഡലുകള്‍ വാങ്ങുന്നതിനാണ് വായ്പാ നല്‍കുന്നത്.

വായ്പാ സൗകര്യം ലഭിക്കുന്നതോടെ വില്‍പ്പന വര്‍ധിക്കുമെന്നാണ് പ്രതീക്ഷയെന്ന് ട്രയംഫ് മോട്ടോര്‍സൈക്കിള്‍സ് ഇന്ത്യാ മാനേജിംഗ് ഡയറക്റ്റര്‍ വിമല്‍ സുംബ്ലി പറഞ്ഞു.

ട്രയംഫ് ഇന്ത്യയില്‍ 7.3 ലക്ഷം മുതല്‍ 23 ലക്ഷം രൂപ വരെ വില വരുന്ന ബൈക്കുകളാണ് വില്‍ക്കുന്നത്. സാധാരണ മൂന്ന് മുതല്‍ അഞ്ച് വര്‍ഷ കാലാവധിയിലാണ് സൂപ്പര്‍ബൈക്കുകള്‍ക്ക് വായ്പ അനുവദിക്കാറുള്ളത്. 11.5 ശതമാനം പലിശ നിരക്കിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പ അനുവദിക്കുക.

മറ്റ് ഘടകങ്ങള്‍ക്കൊപ്പം, ലളിതമായ ഫിനാന്‍സ് സ്‌കീമുകള്‍ സൂപ്പര്‍ബൈക്ക് വില്‍പ്പന വര്‍ധിക്കുന്നതിന് പ്രധാന പങ്ക് വഹിക്കുന്നുണ്ട്. 500 സിസിക്കു മുകളില്‍ എന്‍ജിന്‍ ശേഷിയുള്ള സൂപ്പര്‍ബൈക്കുകളുടെ വില്‍പ്പന ഇന്ത്യയില്‍ അതിവേഗമാണ് വര്‍ധിക്കുന്നത്.

2008-ല്‍ 500 യൂണിറ്റ് സൂപ്പര്‍ബൈക്കുകള്‍ മാത്രമാണ് വിറ്റുപോയതെങ്കില്‍ 2016 ല്‍ പതിനായിരം യൂണിറ്റായി വര്‍ധിച്ചു. അടുത്ത മൂന്ന് വര്‍ഷത്തിനിടെ വില്‍പ്പന ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇന്ത്യയില്‍ ആഡംബര കാറുകള്‍ സഞ്ചരിച്ച അതേ വഴിയിലൂടെ സൂപ്പര്‍ബൈക്ക് വിപണി നീങ്ങുമെന്ന് വിമല്‍ സുംബ്ലി പറഞ്ഞു. വിവിധ വായ്പാ പദ്ധതികള്‍ പ്രഖ്യാപിച്ച് ബാങ്കുകള്‍ അവസരത്തിനൊത്ത് ഉയര്‍ന്നിട്ടുണ്ട്. സൂപ്പര്‍ബൈക്ക് ലോണ്‍ എന്ന പേരിലാണ് എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പ നല്‍കുന്നത്. വാഹന വിലയുടെ 85 ശതമാനം വരെയാണ് വായ്പയായി അനുവദിക്കുന്നത്.

ചിലപ്പോള്‍ 90 ശതമാനം വരെ ലഭിച്ചേക്കും. ആക്‌സസറികള്‍ക്കായി രണ്ട് ലക്ഷം രൂപ വരെയും വായ്പ ലഭിക്കും. ട്രയംഫ് ഇന്ത്യയില്‍ വില്‍ക്കുന്ന പത്ത് മോഡലുകളില്‍ ഏഴെണ്ണത്തിന് വായ്പ ലഭിക്കും. പ്രതിമാസം 8,000 മുതല്‍ 10,000 രൂപ വരെയാണ് അടയ്‌ക്കേണ്ടി വരിക.

Top