ജയ്പുര്‍: ക്രെഡിറ്റ് സൊസൈറ്റി അഴിമതിക്കേസില്‍ കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടു. ജയ്പുര്‍ ജില്ലാ കോടതിയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. കേസില്‍ ഷെഖാവത്തിന്റെ പങ്കാളിത്തത്തെ കുറിച്ച് അന്വേഷിക്കാന്‍ രാജസ്ഥാന്‍ പോലീസിന് കോടതി നിര്‍ദേശം നല്‍കി.
രാജസ്ഥാനില്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഷെഖാവത്ത് ശ്രമിച്ചുവെന്ന് ആരോപണമുയരുന്നതിനിടെയാണ് തട്ടിപ്പ് കേസില്‍ അന്വേഷണം. സഞ്ജീവനി ക്രഡിറ്റ് കോ ഓപ്പറേറ്റീവ് സൊസൈറ്റി അഴിമതി കേസിലാണ് അന്വേഷണം. ആയിരക്കണക്കിന് നിക്ഷേപകര്‍ക്ക് 900 കോടി രൂപ നഷ്ടമുണ്ടായതായി ആരോപിക്കപ്പെടുന്ന കേസില്‍ ഭാര്യയ്ക്കും മറ്റുള്ളവര്‍ക്കുമൊപ്പം പരാതിയില്‍ ഷെഖാവത്തിന്റെ പേര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഗ്രൂപ്പിന്റെ (എസ്ഒജി) ജയ്പൂര്‍ യൂണിറ്റ് കഴിഞ്ഞവര്‍ഷം മുതല്‍ അഴിമതിയെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്.