മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്‍റെ സംസ്കാരം ഇന്ന്

പെരുമ്പാവൂര്‍: അന്തരിച്ച മുൻ അഡീഷണൽ ചീഫ് സെക്രട്ടറിയും എഴുത്തുകാരനുമായ ഡി.ബാബുപോളിന്‍റെ സംസ്കാരം ഇന്ന് നടക്കും. ജന്മനാടായ പെരുമ്പാവൂര്‍ കുറുപ്പംപടിയിലെ സെന്‍റ് മേരീസ് കത്തീഡ്രലിലാണ് സംസ്കാരച്ചടങ്ങുകൾ. കവടിയാറുള്ള വീട്ടിൽ പൊതുദർശനത്തിന് വച്ച ഭൗതിക ശരീരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി ഉള്‍പ്പെടെ നിരവധിപ്പേർ അന്തിമോ‍പചാരം അർപ്പിച്ചു.

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. അഡീഷനൽ ചീഫ് സെക്രട്ടറിയായി വിരമിച്ച അദ്ദേഹം തദ്ദേശസ്വയംഭരണ വകുപ്പ് ഓംബുഡ്സ്മാനായും സേവനമനുഷ്ഠിച്ചിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച അദ്ദേഹം വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയത്.

എറണാകുളം കുറുപ്പുംപടി ചീരത്തോട്ടത്തിൽ പി.എ.പൗലോസ് കോറെപ്പിസ്കോപ്പയുടെയും മേരി പോളിന്റേയും മകനായി 1941ലാണ് ബാബു പോളിന്‍റെ ജനനം. 21–ാം വയസ്സിൽ സർക്കാർ സർവീസിൽ പ്രവേശിച്ച ബാബുപോൾ 59–ാം വയസ്സിൽ ഐഎഎസിൽനിന്നു സ്വമേധയാ വിരമിച്ച് ഓംബുഡ്സ്‌മാൻ സ്ഥാനം സ്വീകരിച്ചു.

ഭരണ രംഗത്ത് മികച്ച് നില്‍ക്കുമ്പോഴും അദ്ദേഹം മികച്ച എഴുത്തുകാരനായും പ്രഭാഷകനായും അറിയപ്പെട്ടു. 19 വയസില്‍ ഒരു യാത്രയുടെ ഓര്‍മ്മകള്‍ എന്ന പുസ്തകം രചിച്ചുകൊണ്ടാണ് സാഹിത്യ മേഖലയിലേക്ക് കടക്കുന്നത്. മലയാളത്തിലെ ആദ്യ ബൈബിള്‍ ഡിക്ഷണറിയായ വേദ ശബ്ദ രത്നാകരം ഏഴ് വര്‍ഷമെടുത്താണ് ബാബു പോള്‍ തയ്യാറാക്കിയത്. 2000 ത്തിൽ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു.

സാഹിത്യ സാംസ്കാരിക രംഗത്തെ മികച്ച സംഭാവനകള്‍ കണക്കിലെടുത്ത് ഡമാസ്ക്കസ് സെന്റ് എഫ്രയിം യൂണിവേഴ്സിറ്റി ബാബു പോളിന് ഓണററി ഡോക്ടറേറ്റ് നല്‍കി ആദരിച്ചു. കിഫ്ബി ഭരണസമിതി അംഗമായിരുന്ന അദ്ദേഹം നവ കേരള നിര്‍മ്മാണ പ്രവര്‍ത്തികളുടെ ഉപദേശകനുമായിരുന്നു.

Top