സുരക്ഷാ പിഴവ്; ഹൈദരാബാദ് ടെസ്റ്റിനിടെ കൊഹ്‌ലിയെ ചുംബിക്കാന്‍ ശ്രമം

ഹൈദരാബാദ്: വെസ്റ്റിന്‍ഡീസിനെതിരെ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ ആദ്യ ദിനത്തില്‍ ക്യാപ്റ്റന്‍ വിരാട് കൊഹ്‌ലിയെ ആരാധകന്‍ ചുംബിക്കാന്‍ ശ്രമിച്ചു. ചുംബനശ്രമം എതിര്‍ത്ത കൊഹ്‌ലി ഇയാളെ തള്ളിമാറ്റി. സുരക്ഷാ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി ആരാധകനെ പുറത്തേക്ക് കൊണ്ടുപോയി. അതേസമയം, സെല്‍ഫിയെടുക്കാനുള്ള ആരാധകന്റെ ശ്രമം കൊഹ് ലി എതിര്‍ത്തില്ല. സുരക്ഷാ ജീവനക്കാരുടെ കണ്ണുവെട്ടിച്ച ബൗണ്ടറിക്കരികിലുള്ള ബാരിക്കേട് കടന്ന് 70 മീറ്ററോളം പിന്നിട്ടാണ് ഇയാള്‍ ഇന്ത്യന്‍ നായകനടുത്ത് ഓടിയെത്തിയത്.

രാജ്‌കോട്ട് ടെസ്റ്റിനിടെ രണ്ട് കാണികളായിരുന്നു ഗ്രൗണ്ടിലേക്ക് ഓടിയിറങ്ങി ഇന്ത്യന്‍ ക്യാപ്റ്റനൊപ്പം സെല്‍ഫിയെടുത്ത് മടങ്ങിയത്. ഹൈദരാബാദിലും സമാന സംഭവം ആവര്‍ത്തിച്ചത് ബിസിസിഐയ്ക്ക് തലവേദനയായി. കളിക്കാരെ ആക്രമിക്കാനും മറ്റുമുള്ള സാധ്യതകള്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ തുറന്നിടുകയാണെന്നാണ് വിമര്‍ശനം. ഫുട്ബോള്‍ മത്സരങ്ങള്‍ക്കിടയിലും മറ്റും ഇത്തരത്തില്‍ ഓടിക്കയറുന്നവര്‍ക്ക് പിന്നീട് ഗ്യാലറികളില്‍ നിന്നും വിലക്ക് ഏര്‍പ്പെടുത്താറുണ്ട്.

Top