മെല്‍ബണ്‍: അജിന്‍ക്യ രഹാനെ ടീമിലെ ബൗളര്‍മാരെ മനോഹരമായി ഉപയോഗിച്ചെന്ന് ഓസ്‌ട്രേലിയയുടെ ഇതിഹാസതാരം ഗ്ലെന്‍ മഗ്രാത്. മത്സരത്തിന്റെ ലഞ്ച് ബ്രേക്കിനിനിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം. ”രഹാനെ മനോഹരമായി ടീമിനെ നയിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. അദ്ദേഹം ബൗളര്‍മാരെ നന്നായി പിന്തുണച്ചു. ഒരു ഘട്ടത്തില്‍ നാല് സ്ലിപ്പിലും ഒരു ഗള്ളിയും ഫീല്‍ഡറെ നിയോഗിച്ചാണ് രഹാനെ കളിച്ചത്. പിന്നീട് സ്മിത്ത് ക്രീസിലെത്തിയപ്പോള്‍ ബുമ്രയെ വീണ്ടും പന്തേല്‍പ്പിച്ച് സമ്മര്‍ദം ചെലുത്തി. അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സി മികച്ചതാണെന്ന് എനിക്ക് തോന്നുന്നു.” മഗ്രാത് പറഞ്ഞു.
ട്വിറ്ററില്‍ നിരവധി പേരാണ് രഹാനെയുടെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി രംഗത്തെത്തിയിരിക്കുന്നത്. ഇന്ത്യന്‍ ടീം ബൗള്‍ ചെയ്യുമ്പോള്‍ ഒരു പാറ്റേണ്‍ ഉണ്ടെന്നും എന്നാല്‍ ആ ഘടന പൊളിച്ചതോടെയാണ് ഇന്ത്യക്ക് നേരത്തെ മൂന്ന് വിക്കറ്റുകള്‍ ലഭിച്ചതെന്നും മുന്‍ ഇന്ത്യന്‍ താരം അജയ് ജഡേജ കുറിച്ചു. സെവാഗും രഹാനെയുടെ ക്യാപ്റ്റൻസിയെ പുകഴ്ത്തി ട്വിറ്ററിൽ കുറിച്ചിരുന്നു. ”രഹാനെയും ബൗളിങ് മാറ്റങ്ങളെല്ലാം മികവുറ്റതായിരുന്നു. അതുപോലെ ഫീല്‍ഡര്‍മാരെ നിര്‍ത്തുന്നതിലും അദ്ദേഹം തന്ത്രപരമായി നീങ്ങി. ബൗളര്‍മാര്‍ അതിനനുസരിച്ച് പന്തെറിയുകയും ചെയ്തു. അശ്വിന്‍, ബുമ്ര, സിറാജ് എന്നിവരെല്ലാം മികച്ച പ്രകടനം പുറത്തെടുത്തു. ഓസീസിനെ ആദ്യ ദിവസം തന്നെ 195ന് പുറത്താക്കുകയെന്നത് വളരെ വലിയ കാര്യമാണ്. ഇനിയെല്ലാം ബാറ്റ്‌സ്മാന്മാരുടെ കൈകളിലാണ്.” സെവാഗ് കുറിച്ചിട്ടു.