മുംബൈ: ചുവപ്പ് കാര്‍ഡ് ക്രിക്കറ്റിലും വരുന്നു. ഹോക്കിയിലും ഫുട്‌ബോളിലും കണ്ടു വരും പോലെ ക്രിക്കറ്റിലും 2017 ഒക്ടോബര്‍ ഒന്ന് മുതല്‍ ചുവപ്പ് കാര്‍ഡ് നിലവില്‍ വരുമെന്നാണ് സൂചന. ഫുട്‌ബോളിലേയും ഹോക്കിയിലേയും പോലെ ഇനി ക്രിക്കറ്റിലും കളിക്കളത്തില്‍ അച്ചടക്കലംഘനം നടത്തുന്ന താരങ്ങളെ അമ്പയര്‍മാര്‍ക്ക് മൈതാനത്ത് നിന്ന് കാര്‍ഡ് കാട്ടി പറഞ്ഞു വിടാന്‍ സാധിക്കും.
എംസിസി വേള്‍ഡ് ക്രിക്കറ്റ് കമ്മിറ്റിയുടെ ശുപാര്‍ശയെ തുടര്‍ന്നാണ് ഈ നീക്കം. ഡിസംബര്‍ 6,7 തിയതികളില്‍ മുംബൈയില്‍ ചേര്‍ന്ന കമ്മിറ്റിയാണ് ഈ തീരുമാനം കൈക്കൊണ്ടത്. പിന്നീടിത് എം.സി.സി മുഖ്യ കമ്മിറ്റിയുടെ അംഗീകാരത്തിനായി അയക്കുകയായിരുന്നു. ഇനി എം.സിസിയുടെ അംഗീകാരം കൂടി ലഭിച്ചാല്‍ ചുവപ്പ് കാര്‍ഡ് ക്രിക്കറ്റിലും കാണാം.
അമ്പയര്‍മാരെ ഭീഷണിപ്പെടുത്തുക, അമ്പയറിനേയോ എതിര്‍ ടീമിലെ താരങ്ങളേയോ ദേഹോപദ്രവം ചെയ്യുക, കാണികളേയോ സംഘാടകരേയോ കൈയേറ്റം ചെയ്യുക, മറ്റ് തര്‍ക്കങ്ങളില്‍ ഇടപെടുന്നവര്‍ തുടങ്ങിയവരെ പുറത്താക്കാനാണ് അമ്പയര്‍മാര്‍ക്ക് അധികാരം നല്‍കുക. പുതിയ നിയമം നടപ്പായാല്‍ ക്രിക്കറ്റിലെ എല്ലാ തലത്തിലുമുള്ള കളികളിലും കാര്‍ഡ് ബാധകമായിരിക്കും.