മുംബൈ: രാജ്യാന്തര ക്രിക്കറ്റിലെ മത്സരാധിക്യത്തെക്കുറിച്ച് പരാതി പറയുന്നവര്‍ ഐപിഎല്ലില്‍ നിന്ന് വിട്ടുനില്‍ക്കണമെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്. വിശ്രമം വേണ്ടവര്‍ രാജ്യാന്തര മത്സരങ്ങളില്‍ നിന്നല്ല ഐപിഎല്ലില്‍ നിന്നാണ് വിട്ടു നില്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
സാധാരണയായി റണ്‍സടിക്കുമ്പോഴും വിക്കറ്റെടുക്കുമ്പോഴും ബാറ്റ്‌സ്മാനോ ബൗളര്‍ക്കോ തളര്‍ച്ച തോന്നാറില്ല. എന്നാല്‍ റണ്‍സടിക്കാന്‍ കഴിയാതെ വരുമ്പോള്‍ അങ്ങനെയല്ല. അപ്പോള്‍ വിശ്രമം വേണമെന്ന ചിന്ത വൈകാരികം കൂടിയാണ്. ശരീരവും മനസും ഒരുപോലെ പ്രവര്‍ത്തിക്കുമ്പോഴാണ് സന്തോഷത്തോടെ കളിക്കാനാവുകയെന്നും കപില്‍ വ്യക്തമാക്കി.
രാജ്യത്തെ പ്രതിനിധീകരിക്കുന്നതും ഫ്രാഞ്ചൈസിയെ പ്രതിനിധീകരിക്കുന്നതും രണ്ട് തരത്തിലുള്ള വികാരമാണ്. ഐപിഎല്‍ നിങ്ങള്‍ക്ക് പണവും പ്രശസ്തിയും തരും. പക്ഷെ രാജ്യത്തിനായി കളിക്കുമ്പോഴുള്ള വികാരം അത് വേറെയാണെന്നും കപില്‍ പറഞ്ഞു.