നടി ആക്രമിച്ച കേസ്; അന്വേഷണ വിവരം ചോരരുത്: കര്‍ശന നിര്‍ദ്ദേശവുമായി ക്രൈംബ്രാഞ്ച് മേധാവി

കൊച്ചി: നടിയെ ആക്രമിച്ച കേസിന്റെ അന്വേഷണ വിവരങ്ങൾ ചോരരുതെന്ന് ക്രൈംബ്രാഞ്ച് മേധാവിയുടെ നിർദ്ദേശം. പുതുതായി ചുമതലയേറ്റ ക്രൈംബ്രാഞ്ച് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബാണ് അന്വേഷണ സംഘത്തിന് നിർദ്ദേശം നൽകിയത്. അന്വേഷണ പുരോഗതി വിലയിരുത്താൻ ഇന്നലെ അന്വേഷണ ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിലായിരുന്നു നിർദ്ദേശം.

അന്വേഷണ വിവരം ചോരുന്നതിൽ കോടതി അതൃപ്തി പ്രകടമാക്കിയിരുന്നു. അഭിഭാഷക സംഘടനകളും പരാതിയുമായി സർക്കാരിനെ സമീപിച്ചിട്ടുണ്ട്. കോടതിയിൽ നിന്നും വിമർശനമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണമെന്നും നിർദ്ദേശിച്ചു. അന്വേഷണം ശരിയായ ദിശയിലാണെന്നും വിലയിരുത്തി. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം പൂർത്തിയാക്കാൻ കോടതി നൽകിയിരിക്കുന്ന സമയ പരിധി അടുത്ത മാസം 30 ന് അവസാനിക്കും.

 

Top