ദിലീപിന്റെ ജാമ്യം റദ്ദാക്കണം; അന്വേഷണ സംഘം കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ പ്രതി ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ ക്രൈംബ്രാഞ്ച് വിചാരണക്കോടതിയിൽ അപേക്ഷ നൽകി. ദിലീപ് ജാമ്യവ്യവസ്ഥകൾ ലംഘിച്ചെന്നാണ് അപേക്ഷയിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. സാക്ഷികളെ സ്വാധീനിക്കാനും തെളിവ് നശിപ്പിക്കാനും ദിലീപ് ശ്രമിച്ചെന്നും അന്വേഷണസംഘം ആരോപിക്കുന്നു.

കേസുമായി ബന്ധപ്പെട്ട് പുതിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ചിന്റെ നീക്കം. കേസിൽ ദിലീപിന് ജാമ്യം അനുവദിക്കുന്ന വേളയിൽ, ജാമ്യവ്യവസ്ഥകൾ ലംഘിച്ചാൽ പ്രതിക്കെതിരെ അന്വേഷണസംഘത്തിന് വിചാരണക്കോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

അതിനിടെ, തുടരന്വേഷണത്തിന്റെ വിവരങ്ങൾ മാധ്യമങ്ങൾക്കു ചോർത്തി നൽകിയെന്ന പരാതിയിൽ അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസ് നൽകിയ വിശദീകരണം തൃപ്തികരമല്ലെന്നു വിചാരണക്കോടതി. ഇക്കാര്യത്തിൽ ക്രൈംബ്രാഞ്ച് എഡിജിപി റിപ്പോർട്ട് നൽകണമെന്ന് കോടതി നിർദേശിച്ചു.

ദിലീപ് ഉൾപ്പെട്ട വധശ്രമ ഗൂഢാലോചനാ കേസിൽ ഇന്നലെ സൈബർ ഹാക്കർ സായ് ശങ്കറിന്റെ രഹസ്യമൊഴിയെടുത്തു. ഇതിനുപിന്നാലെ സായി ശങ്കറിന്റെ പക്കൽ നിന്ന് വാങ്ങിവെച്ച ഡിജിറ്റൽ ഗാഡ്ജറ്റുകൾ അടക്കമുളളവ ഉടൻ ഹാജരാക്കണമെന്ന് ദിലീപിന്റെ അഭിഭാഷകർക്ക് െ്രെകംബ്രാഞ്ച് നോട്ടീസ് നൽകി. രാമൻപിളള അസോസിയേറ്റ്‌സിനാണ് നോട്ടീസ് നൽകിയത്.

Top