കൊച്ചി : വരാപ്പുഴ ശ്രീജിത്ത് കസ്റ്റഡി മരണക്കേസില്‍ ക്രൈംബ്രാഞ്ച് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. കഴിഞ്ഞ ആഴ്ച അഡ്വ. പിജി മനുവിനെ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായി നിയമിച്ചതോടെയാണ് കുറ്റപത്രം സമര്‍പ്പിക്കാനുള്ള നീക്കം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയത്. ഉടന്‍ തന്നെ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് അന്വേഷണ ചുമതലയുള്ള ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ജോര്‍ജ് ചെറിയാന്‍ അറിയിച്ചു.
ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത റൂറല്‍ ടൈഗര്‍ ഫോഴ്സിലെ സിഐ ക്രിസ്പിന്‍ സാം, എസ്ഐ ദീപക്, എഎസ്‌ഐ ജയാനന്ദന്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ സന്തോഷ് ബേബി, സിവില്‍ പൊലീസ് ഓഫിസര്‍മാരായ ശ്രീരാജ്, സുനില്‍കുമാര്‍ , പി.പി സന്തോഷ്‌കുമാര്‍, ജിതിന്‍രാജ്, സുമേഷ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവരെ പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി നല്കിയിട്ടുണ്ട്.
പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയതിന് പിന്നാലെ സസ്പെന്‍ഡ് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരെല്ലാം സര്‍വീസില്‍ തിരിച്ചെത്തിയിരുന്നു. ഗൂഢാലോചനയില്‍ പങ്കുള്ളതായി ആരോപണം നേരിട്ട മുന്‍ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ വകുപ്പുതല നടപടി എടുത്തെങ്കിലും പ്രതിപ്പട്ടികയില്‍ നിന്ന് നേരത്തെ തന്നെ ഒഴിവാക്കിയിരുന്നു.
2018 ഏപ്രില്‍ ഒമ്പതിനാണ് ക്രൂരമായ കസ്റ്റഡി മര്‍ദ്ദനത്തിനിരയായി വരാപ്പുഴ സ്വദേശി ശ്രീജിത്ത് കൊല്ലപ്പെട്ടത്. വരാപ്പുഴ ദേവസ്വംപാടം സ്വദേശി വാസുദേവന്റ ആത്മഹത്യ കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്പിയായിരുന്ന എവി ജോര്‍ജിന്റെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്‌സായിരുന്നു ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത്.
വാഹനത്തില്‍ കൊണ്ടുപോകുന്ന വഴി ജീപ്പിലിട്ടും തുടര്‍ന്ന് സ്റ്റേഷനിലും ശ്രീജിത്ത് ക്രൂരമര്‍ദനത്തിനിരയായി കൊല്ലപ്പെട്ടെന്നാണ് കേസ്.