തിരുവനന്തപുരം: വ്യാജ രേഖകള്‍ ചമച്ച് ഇന്‍ഷുറന്‍സ് തുക തട്ടാന്‍ കൂട്ടുനിന്ന പൊലീസുകാരെ പ്രതി ചേര്‍ക്കാന്‍ ക്രൈംബ്രാഞ്ച് തീരുമാനം. വ്യാജ എഫ്‌ഐആറുകള്‍ തയ്യാറാക്കിയ പൊലീസുകാരെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യാന്‍ തുടങ്ങി. വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയും തട്ടിപ്പ് നടന്നുവെന്ന് കണ്ടെത്തി. സര്‍ട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ച് ഫൊറന്‍സിക് പരിശോധനക്കയ്ക്കും.
ട്രാഫിക് പൊലീസ് 2015 ല്‍ രജിസ്റ്റര്‍ ചെയ്ത അപകട കേസില്‍ അടുത്തിടെ വിധി വന്നിരുന്നു. പരിക്കേറ്റ യുവാവിന് 284000 രൂപയും എട്ട് ശതമാനം പലിശയുമാണ് വിധിച്ചത്. ഈ നഷ്ടപരിഹാര വിധിക്ക് കാരണം തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ഒരു ഡോക്ടറുടെ പേരില്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടാണ്. ബൈക്കിന് പുറകില്‍ യാത്ര ചെയ്യുമ്പോള്‍ അപകടത്തില്‍പ്പെട്ട് യുവാവിന് 14 ശതമാനം അംഗ വൈകല്യം സംഭവിച്ചുവെന്നായിരുന്നു സര്‍ട്ടിഫിക്കറ്റ്. എന്നാല്‍ ഈ കേസും മെഡിക്കല്‍ റിപ്പോര്‍ട്ടും വ്യാജമാണെന്നാണ് ക്രൈംബ്രാഞ്ചിന്റെയും ഇന്‍ഷുറന്‍സ് കമ്പനിയുടെയും കണ്ടെത്തല്‍.
പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്ന ദിവസം ഇന്‍ഷുറസ് തുക കിട്ടിയ യുവാവ് മെഡിക്കല്‍ കോളജില്‍ ചികിത്സ തേടിയിട്ടില്ലെന്നാണ് ആശുപത്രി രേഖകള്‍ വ്യക്തമാക്കുന്നത്. അംഗ വൈകല്യം സംഭവിച്ചുവെന്ന ഡിസബിലിറ്റി സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്ന് ഡോക്ടര്‍ രേഖാമൂലം ഇന്‍ഷുറന്‍സ് കമ്പനിയെയും ക്രൈംബ്രാഞ്ചിനെയും അറിയിച്ചു. ഇങ്ങനെ നൂറിലധികം വ്യജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ക്രൈംബ്രാഞ്ചിന്റെ ശ്രദ്ധയില്‍ എത്തിയിട്ടുണ്ട്. തങ്ങളുടെ പേരില്‍ വ്യാജ രേഖകള്‍ കോടതിയില്‍ നല്‍കിയിട്ടുണ്ടെന്നാണ് ഡോക്ടര്‍മാരുടെ മൊഴി. ഇതില്‍ വ്യക്തത വരുത്താനാണ് ഡോക്ടര്‍മാര്‍ നല്‍കിയിട്ടുള്ള സര്‍ട്ടിഫിക്കറ്റുകള്‍ ഫൊറന്‍സിക് പരിശോധനക്ക് നല്‍കാന്‍ തീരുമാനിച്ചത്.