ഒരു അന്വേഷണത്തിലും ഇടപെടില്ല എന്നതും പൊലീസ് ഉദ്യോഗസ്ഥര്‍ക്കു മേല്‍ യാതൊരു ബാഹ്യ സമ്മര്‍ദ്ദം അനുവദിക്കില്ല എന്നതുമാണ് പിണറായി സര്‍ക്കാറിന്റെ പ്രഖ്യാപിത നയം. സ്വന്തം പാര്‍ട്ടി പ്രവര്‍ത്തകരോടു മാത്രമല്ല നേതാക്കളോടു പോലും ഇക്കാര്യത്തില്‍ ശക്തമായ നിര്‍ദ്ദേശം നല്‍കിയ പാര്‍ട്ടിയാണ് സി.പി.എം. രാജ്യത്ത് ഭരണത്തിലുള്ള മറ്റൊരു പാര്‍ട്ടിയും സ്വീകരിക്കാത്ത നിലപാടാണിത്. എന്നാല്‍ നീതി ഉറപ്പു വരുത്താന്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ ഈ ‘സ്വാതന്ത്ര്യം,’ ഏതെങ്കിലും പൊലീസ് ഓഫീസര്‍മാര്‍ ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കില്‍ അതും ഗൗരവമായി അന്വേഷിക്കേണ്ടതാണ്. കാരണം ദിലീപിനെതിരായ വധശ്രമ ഗൂഢാലോചന കേസില്‍ ഉണ്ടായ തിരിച്ചടി പ്രോസിക്യൂഷന്‍ യഥാര്‍ത്ഥത്തില്‍ ചോദിച്ചു വാങ്ങിയതാണ്.
ക്രൈംബ്രാഞ്ച് തെറ്റിധരിപ്പിച്ചെങ്കില്‍ അക്കാര്യം സര്‍ക്കാറിനെ അറിയിച്ച് തിരുത്തിക്കാനുള്ള നടപടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ സ്വീകരിക്കണമായിരുന്നു. എന്നാല്‍ ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ അതുണ്ടായിട്ടില്ല. എഫ്.ഐ.ആര്‍ പോലും നിലനില്‍ക്കാത്ത കേസില്‍ മുന്‍വിധിയോട് കൂടിയാണ് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചിരിക്കുന്നത്. അതിനു ഹൈക്കോടതിയില്‍ നിന്നും ഇപ്പോള്‍ ലഭിച്ച തിരിച്ചടി സര്‍ക്കാറിനു വലിയ നാണക്കേടാണ് ഇപ്പോള്‍ ഉണ്ടാക്കിയിരിക്കുന്നത്. ഇനി അപ്പീലുമായി സുപ്രീംകോടതിയില്‍ പോയാല്‍ വമ്പന്‍ തിരിച്ചടി ഉണ്ടാകുമെന്നാണ് നിയമ വിദഗ്ദരും മുന്നറിയിപ്പു നല്‍കിയിരിക്കുന്നത്.
ഇത്തരമൊരു സാഹചര്യത്തില്‍ സര്‍ക്കാര്‍ നല്‍കിയ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്തവര്‍ ആരായാലും എത്ര ഉന്നതരായാലും ശക്തമായ നടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരായ വധശ്രമകേസ് കെട്ടിചമച്ചതാണോ എന്ന ആരോപണം അന്വേഷിക്കാന്‍ സംസ്ഥാന ഇന്റലിജന്‍സിനോട് ആവശ്യപ്പെടാന്‍ ബഹുമാനപ്പെട്ട മുഖ്യമന്ത്രി തയ്യാറാകണം. ഈ സംഭവത്തില്‍ ക്രൈംബ്രാഞ്ച് തന്നെ കേസ് രജിസ്റ്റര്‍ ചെയ്യാനുണ്ടായ സാഹചര്യവും വ്യക്തമാകേണ്ടതുണ്ട്.
വധശ്രമ ഗൂഢാലോചന കേസില്‍ ദിലീപിനെതിരെ ശക്തമായ തെളിവ് ലഭിച്ചെന്ന് പരസ്യമായി മാധ്യമങ്ങളോട് പറഞ്ഞത് ക്രൈംബ്രാഞ്ച് മേധാവിയാണ്. സീല്‍ കവറില്‍ ‘ഞെട്ടിക്കുന്ന’ തെളിവ് കോടതിക്ക് കൈമാറിയതാകട്ടെ പ്രോസിക്യൂഷനുമാണ്. എന്നാല്‍ ഹൈക്കോടതി വിധി വന്നപ്പോള്‍ യഥാര്‍ത്ഥത്തില്‍ ഞെട്ടിയിരിക്കുന്നത് പൊലീസ് സേന ആകെയാണ്. എന്തിനായിരുന്നു ഈ ‘നാടകമെന്നതിന് ‘ പൊതുസമൂഹത്തോട് മറുപടി പറയേണ്ട ബാധ്യത ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്കുണ്ട്. കേരള പൊലീസിന്റെ വിശ്വാസ്യത കൂടിയാണ് നിങ്ങള്‍ നശിപ്പിച്ചിരിക്കുന്നത്.
‘ദിലീപിനെതിരായ ഗൂഢാലോചന കേസില്‍ വ്യക്തമായ തെളിവുകളില്ലെന്നാണ് ” ജാമ്യം അനുവദിച്ചുള്ള ഉത്തരവില്‍ ഹൈക്കോടതി വ്യക്തമാക്കിയിരിക്കുന്നത്. ഞെട്ടിക്കുന്ന തെളിവ് കോടതി പോലും പരിഗണിച്ചിട്ടില്ലന്നതു വ്യക്തം. അന്വേഷണ ഉദ്യോഗസ്ഥന്‍ ബൈജു പൗലോസിനെ കോടതിയില്‍ വച്ച് ദിലീപ് ഭീഷണിപ്പെടുത്തിയെന്ന വാദം തന്നെ കോടതി തള്ളിക്കളഞ്ഞിട്ടുണ്ട്. അന്നേദിവസം സംഭവം നടന്ന കോടതിയില്‍ ഈ കേസേ ഉണ്ടായിരുന്നില്ല എന്നും ഹൈകോടതി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
ഇങ്ങനെ പച്ചക്കള്ളം പറഞ്ഞ ബൈജു പൗലോസിനെയും ഇക്കാര്യം പരിശോധിക്കുക പോലും ചെയ്യാതെ ഹൈക്കോടതിയില്‍ മൊഴിഞ്ഞ പ്രോസിക്യൂഷന്റെയും കാര്യത്തില്‍ എന്തു നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കേണ്ടത് സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ പ്രവര്‍ത്തിച്ചാല്‍ സര്‍ക്കാറിലുള്ള വിശ്വാസമാണ് ജനങ്ങള്‍ക്ക് നഷ്ടമാകുക. അതും ബന്ധപ്പെട്ടവര്‍ മനസ്സിലാക്കണം.
സംവിധായകന്‍ ബാലചന്ദ്രന്റെ വെളിപ്പെടുത്തലിനു പിന്നില്‍ ഗൂഢാലോചന ഉണ്ടെന്ന വാദവും ഈ ഘട്ടത്തില്‍ പ്രസക്തമാണ്. 2021 ഏപ്രിലില്‍, എഡിജിപി ബി.സന്ധ്യയെ ബാലചന്ദ്രന്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെന്നും അന്നു തുടങ്ങിയ ഗൂഢാലോചനയാണ് ഇതെന്നുമാണ് ദിലീപ് ആരോപിച്ചിരിക്കുന്നത്. റെക്കോര്‍ഡ് ചെയ്ത ഒറിജിനല്‍ വസ്തു ഹാജരാക്കാതെ അതിന്റെ എഡിറ്റു ചെയ്ത കോപ്പി ഹാജരാക്കിയാല്‍ അതൊന്നും ഡിജിറ്റല്‍ തെളിവായി പരിഗണിക്കാന്‍ കഴിയില്ലന്നിരിക്കെ ബാലചന്ദ്രന്‍ നല്‍കിയ സംഭാഷണങ്ങള്‍ ക്രൈംബ്രാഞ്ച് മുഖവിലക്കെടുത്തതും ദുരൂഹമാണ്.
‘ഒരു ഫോണ്‍ ഹാജരാക്കാത്തത് നിസ്സഹകരണമല്ലെന്നും ജാമ്യഹര്‍ജിയിലെ വിധിയില്‍ കോടതി എടുത്തു പറഞ്ഞിട്ടുണ്ട്. പ്രതികള്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന തെളിയിക്കുന്ന വ്യക്തമായ തെളിവുകളൊന്നും തന്നെ ഇല്ലെന്നതാണ് പ്രധാന നിരീക്ഷണം. മറ്റു ഫോണുകള്‍ പ്രതികള്‍ ഹാജരാക്കിയ കാര്യം പരാമര്‍ശിച്ചാണ് ഇക്കാര്യം കോടതി ചൂണ്ടിക്കാട്ടിയിരിക്കുന്നത്. മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നതിനിടെ കോടതിക്കെതിരേ പൊതുസമൂഹത്തില്‍ ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്കും ഹൈക്കോടതി ചുട്ട മറുപടി നല്‍കിയിട്ടുണ്ട്.
കോടതി നടപടികളെക്കുറിച്ച് വ്യക്തമായ കാഴ്ചപ്പാടില്ലാത്തവരാണ് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതെന്നാണ് കോടതി തുറന്നടിച്ചിരിക്കുന്നത്. ”പാതിവെന്ത സത്യങ്ങള്‍വെച്ച് കോടതിക്കെതിരേ വിമര്‍ശനങ്ങള്‍ ഉന്നയിക്കരുതെന്ന കോടതിയുടെ മുന്നറിയിപ്പ് ദിലീപ് വേട്ടക്കിറങ്ങിയ മാധ്യമങ്ങള്‍ക്കു മാത്രമല്ല, നിരീക്ഷകരായി വന്ന് ദിലീപിനെ കടന്നാക്രമിച്ച അഭിഭാഷകര്‍ക്കും റിട്ടയര്‍ ചെയ്ത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ക്കു കൂടിയുള്ള വലിയ പ്രഹരം തന്നെയാണിത്.
അതേസമയം മുന്‍കൂര്‍ ജാമ്യം ലഭിച്ച ദിലീപാകട്ടെ ഈ എഫ്.ഐ.ആര്‍ തന്നെ റദ്ദാക്കണമെന്ന ആവശ്യമാണ് ഇപ്പോള്‍ ഉയര്‍ത്തിയിരിക്കുന്നത്. ഇതു സംബന്ധമായ ഹര്‍ജി ഹൈക്കോടതിയില്‍ ഉടന്‍ നല്‍കുമെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ കെ രാമന്‍പിള്ളയും വ്യക്തമാക്കിയിട്ടുണ്ട്. ഹൈക്കോടതി ഈ കേസ് റദ്ദാക്കിയാല്‍ കള്ളക്കേസ് ചമച്ചതില്‍ അന്വേഷണം ആവശ്യപ്പെടാനാണ് ദിലീപിന്റെ നീക്കം. ഇത്തരം ഒരു ആവശ്യം ദിലീപ് ഉന്നയിച്ചാല്‍ സി.ബി.ഐ അന്വേഷണത്തിനാണ് സാധ്യത തെളിയുക. വധ ഗൂഢാലോചന കേസിലെ പരാതിക്കാരന്‍ കേരള പൊലീസിലെ ഒരു ഡി.വൈ.എസ്.പി ആയതിനാല്‍ സ്വാഭാവികമായും കേന്ദ്ര ഏജന്‍സിക്കു തന്നെ അന്വേഷണം നടത്തേണ്ടി വരുമെന്നാണ് മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നത്.
അങ്ങനെ സംഭവിച്ചാല്‍ കേരള പൊലീസിനെ സംബന്ധിച്ച് അതും മറ്റൊരു വെല്ലുവിളിയാകും. ‘എല്ലാ കേസിലും കേന്ദ്രം വേട്ടയാടുന്നു എന്ന വാദം” ഈ കേസില്‍ നിലനില്‍ക്കുകയില്ല. കേരള പൊലീസിലെ ഏതെങ്കിലും ഉന്നതര്‍ തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അവരെ സംരക്ഷിക്കേണ്ട ബാധ്യത കേരള സര്‍ക്കാറിനുമില്ല. കള്ളക്കേസാണെങ്കില്‍ നടപടി ഉണ്ടായേ പറ്റൂ. അതല്ലങ്കില്‍ തെളിവു സഹിതം സുപ്രീംകോടതിയില്‍ അപ്പീല്‍ പോകുകയാണ് വേണ്ടത്. ഇതിനാവശ്യമായ സമഗ്രമായ പരിശോധനയാണ് സര്‍ക്കാറിന്റെ ഭാഗത്തു നിന്നും ഉണ്ടാകേണ്ടത്. ബന്ധപ്പെട്ട എല്ലാ ഫയലുകളും വിളിച്ചു വരുത്തുക തന്നെ വേണം.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പു വരുത്താന്‍ ഒരു സര്‍ക്കാറും ചെയ്യാത്ത അത്ര നടപടികള്‍ കേരള സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ട്. ഇക്കാര്യത്തില്‍ ആ നടിക്കു പോലും തര്‍ക്കമുണ്ടാകും എന്നും തോന്നുന്നില്ല. തെളിവുകള്‍ നിരത്തിയാണ് വിചാരണ കോടതിയില്‍ പ്രോസിക്യൂഷന്‍ കേസ് ജയിക്കാന്‍ ശ്രമിക്കേണ്ടത്. അതല്ലാതെ രാജിവച്ചും വിചാരണ കോടതിക്കെതിരെ ആക്ഷേപം ഉന്നയിച്ചും മുന്നോട്ട് പോയാല്‍ തിരിച്ചടി ഉറപ്പാണ്. പൊലീസില്‍ നല്‍കിയ മൊഴികള്‍ കോടതിയില്‍ എത്തുമ്പോള്‍ മാറുന്നത് പുതിയ കാര്യം ഒന്നും അല്ല. മൊഴി നല്‍കുന്നവര്‍ സമ്മര്‍ദ്ദത്തിനു അടിമപ്പെട്ടാണ് പലപ്പോഴും മൊഴികള്‍ നല്‍കാറുള്ളത്. അതു കൊണ്ടു തന്നെയാണ് പൊലീസിനു മുന്നില്‍ നല്‍കുന്ന മൊഴികള്‍ക്ക് കോടതികളും വലിയ പരിഗണന നല്‍കാതിരിക്കുന്നത്. അതൊരു വസ്തുത തന്നെയാണ്.
കോടതിയില്‍ സാക്ഷികള്‍ നേരിട്ടു നല്‍കുന്ന മൊഴിയാണ് പ്രധാനം. ഇക്കാര്യത്തില്‍ പ്രോസിക്യൂഷന്റെ കണക്കു കൂട്ടലുകള്‍ തെറ്റിയിട്ടുണ്ടെങ്കില്‍ അത് എങ്ങനെയാണ് കോടതിയുടെ കുറ്റമായി മാറുക ? സമര്‍ത്ഥയായ ഒരു വനിതാ ജഡ്ജിയാണ് ഈ കേസ് കേള്‍ക്കുന്നത്. ദിലീപിനെതിരെ തെളിവുണ്ടെങ്കില്‍ തീര്‍ച്ചയായും അദ്ദേഹം ശിക്ഷിക്കപ്പെടും. അതല്ലങ്കില്‍ സ്വാഭാവികമായും വെറുതെവിടപ്പെടുകയും ചെയ്യും. കോടതി വിധി എതിരാണെങ്കില്‍ മേല്‍ക്കോടതിയില്‍ അപ്പീല്‍ പോകാനും പ്രോസിക്യൂഷന് അവസരമുണ്ട്. അതു പോലെ തിരിച്ച് ദിലീപിനും അത്തരമൊരു അവസരം ഉണ്ടാകും.
ഇതെല്ലാം അറിയാമായിരുന്നിട്ടും എന്തിനാണ് അന്വേഷണ ഉദ്യോഗസ്ഥരും പ്രോസിക്യൂഷനും എല്ലാം വിധി വരും മുന്‍പേ പരിഭ്രാന്തരാകുന്നത് ? നിങ്ങള്‍ എന്തിനാണ് കോടതിയെ അവിശ്വസിക്കുന്നത് ? ജഡ്ജിയെ സമ്മര്‍ദ്ദത്തിലാക്കാനാണ് ശ്രമിക്കുന്നതെന്ന സംശയം ബലപ്പെടുന്നതും ഇവിടെയാണ്. ദിലീപിനെ അറസ്റ്റ് ചെയ്ത് ജയിലില്‍ അടച്ചതും ജാമ്യാപേക്ഷയെ എതിര്‍ത്ത് 84 ദിവസം ജയിലില്‍ കിടത്തിയതും അന്വേഷണ സംഘത്തിനു നേതൃത്വം നല്‍കിയ എ.ഡി.ജി.പി സന്ധ്യയും ബൈജു പൗലോസ് ഉള്‍പ്പെടെയുള്ള കീഴുദ്യോഗസ്ഥരുമാണ്.
തെളിവുകള്‍ ഹാജരാക്കേണ്ടത് അവരുടെ ഉത്തരവാദിത്വമാണ്. അത് ഇതുവരെ കിട്ടിയിട്ടില്ലങ്കില്‍ അക്കാര്യമാണ് വിചാരണ കോടതിയില്‍ തുറന്നു സമ്മതിക്കേണ്ടത്. അതല്ലാതെ തെളിവു സംഘടിപ്പിക്കാനായി മറ്റൊരു കേസ് ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെങ്കില്‍ അത് നിയമവാഴ്ചക്ക് തന്നെ വലിയ വെല്ലുവിളിയാണ്. ഇക്കാര്യം ഗൗരവമായി പരിശോധിക്കപ്പെടുക തന്നെ വേണം. അതിനായാണ് കേരള സര്‍ക്കാറും ഉടന്‍ നിര്‍ദ്ദേശം നല്‍കേണ്ടത് . . .
EXPRESS KERALA VIEW