Crime branch Enquiry against SP Sukeshan

തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ ബിജു രമേശുമായി ഒത്തുകളിച്ച വിജിലന്‍സ് എസ് പി സുകേശനെതിരായി സര്‍ക്കാര്‍ ഉത്തരവിട്ട ക്രൈംബ്രാഞ്ച് അന്വേഷണം പ്രഹസനമാകും.

നിലവില്‍ ക്രൈംബ്രാഞ്ച് ഐജി ശ്രീജിത്തിന്റെ ഭാവി തന്നെ സുകേശന്റെ കൈയ്യിലാണ്. വിജിലന്‍സ് കേസില്‍ പ്രതിയായ ശ്രീജിത്തിനെതിരായ അന്വേഷണം നടത്തുന്നത് എസ് പി സുകേശനാണ്. 2010 ല്‍ തൃശ്ശൂര്‍ വിജിലന്‍സ് കോടതി ഉത്തരവ് പ്രകാരം അന്വേഷിക്കുന്ന 6/2010 കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല.

എസ് പി സുകേശന്‍ മാസങ്ങള്‍ക്കു മുമ്പ് പരാതിക്കാരനായ രമേശന്‍ നമ്പ്യാരുടെ അടുത്തുപോയി വീണ്ടും മൊഴി വീഡിയോയിലടക്കം പകര്‍ത്തിയെങ്കിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിനാവശ്യമായ ഒരു നടപടിയും സ്വീകരിച്ചിരുന്നില്ല. ഗുരുതരമായ തെളിവുകള്‍ ശ്രീജിത്തിനെതിരെ അന്വേഷണ ഉദ്യോഗസ്ഥന് കൈമാറിയതായാണ് പരാതിക്കാരന്‍ തന്നെ വ്യക്തമാക്കുന്നത്.

ബാര്‍ കേസിനു മുമ്പ് സുകേശന്റെ കൈവശം അന്വേഷണത്തിനായി ലഭിച്ച ആദ്യ ഫയലായിരുന്നു ക്രൈംബ്രാഞ്ച് ഐജിക്കെതിരായ ഈ കേസ്. വിജിലന്‍സ് കേസുകളില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നതിന് കാലതാമസം ഉണ്ടാവരുതെന്ന വിജിലന്‍സ് ഡയറക്ടറുടെ ഉത്തരവ് നിലനില്‍ക്കെ തന്നെയായിരുന്നു അന്വേഷണ ഉദ്യോഗസ്ഥന്റെ ഈ ഒളിച്ചുകളി.

ശ്രീജിത്തുമായി ഒത്തുകളിച്ച് അന്വേഷണം അട്ടിമറിക്കാനുള്ള നീക്കത്തിലിടപെടണമെന്നും സമയബന്ധിതമായി അന്വേഷണം പൂര്‍ത്തികരിക്കാന്‍ നിര്‍ദ്ദേശം നല്‍കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുമാണ്.

ഈയൊരു സാഹചര്യത്തില്‍ സംസ്ഥാനത്തെ വിവിധ ക്രൈംബ്രാഞ്ച് യൂണിറ്റുകള്‍ക്ക് മേല്‍നോട്ടം വഹിക്കുന്ന ഐജി ശ്രീജിത്ത് സുകേശനെതിരായ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്നത് വിരോധാഭാസമാണെന്നാണ് നിയമവിദഗ്ധരും പറയുന്നത്. ഇക്കാര്യത്തില്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കിടയിലും ഭിന്നാഭിപ്രായം രൂപപ്പെട്ടിട്ടുണ്ട്.

ക്രൈംബ്രാഞ്ചിനെ സംബന്ധിച്ച് ഏത് യൂണിറ്റിലെ ഉദ്യോഗസ്ഥന്‍ കേസന്വേഷിച്ചാലും അന്തിമ തീരുമാനത്തിനായി ഫയല്‍ എഡിജിപിയുടെ മുമ്പാകെ എത്തും മുമ്പ് ഐജിയുടെ പരിശോധനക്ക് വരും. അന്വേഷണത്തിന്റെ ഓരോ ഘട്ടങ്ങളിലും മാര്‍ഗ്ഗ നിര്‍ദ്ദേശം നല്‍കുന്നതും ഐജി തന്നെയായിരിക്കും. സാധാരണ ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളില്‍ അനാവശ്യമായ ഇടപെടലുകള്‍ അപൂര്‍വ്വമാണെങ്കിലും പുതിയ സാഹചര്യത്തില്‍ ഐജിയുടെ നിലപാട് ഈ അന്വേഷണത്തെ സ്വാധീനിച്ചേക്കും.

അതേസമയം വിജിലന്‍സ് എസ്പിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ തന്നെ അന്വേഷണത്തിന് ശുപാര്‍ശ ചെയ്യുന്നത് അപൂര്‍വ്വ സംഭവമായാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ബിജു രമേശ് മജിസ്‌ട്രേറ്റിനു മുന്‍പില്‍ നല്‍കിയ രഹസ്യമൊഴിക്കൊപ്പം ഹാജരാക്കിയ ശബ്ദരേഖയടങ്ങിയ സി.ഡി.യിലെ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ക്രൈംബ്രാഞ്ച് അന്വേഷണം.

2014 ഡിസംബര്‍ 14ന് എറണാകുളത്തെ ബാര്‍ ഉടമാ അസോസിയേഷന്‍ ഓഫീസില്‍ നടന്ന കോര്‍ കമ്മിറ്റി യോഗത്തില്‍ ബിജു രമേശ് വെളിപ്പെടുത്തിയ കാര്യങ്ങളടങ്ങുന്നതാണ് സി.ഡി. അന്വേഷണ ഉദ്യോഗസ്ഥനായ എസ്.പി. സുകേശനും ബിജു രമേശും തമ്മിലുള്ള ബന്ധം വെളിവാകുന്ന തരത്തിലുള്ള സംഭാഷണം സിഡിയിലുണ്ട്.

ഇതിന്റെയടിസ്ഥാനത്തില്‍ ഇരുവരും തമ്മില്‍ ഗൂഢാലോചനയുണ്ടോയെന്ന് സംശയിക്കേണ്ടതാണെന്ന് ഡയറക്ടര്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. എസ്.പി. മൊഴിയെടുത്തപ്പോള്‍ വളരെ സൗഹാര്‍ദ്ദപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് ഡയറക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്.

എസ് ഐ ആയ കാലം തൊട്ട് സുകേശനെ അറിയാമെന്നും മൊഴി കൊടുത്ത അസോസിയേഷന്‍ ഭാരവാഹികളെയെല്ലാം സാക്ഷികളായാണ് ചേര്‍ത്തിട്ടുള്ളതെന്ന് എസ്.പി. പറഞ്ഞെന്നും സിഡി ശബ്ദരേഖയില്‍ ബിജു രമേശ് പറയുന്നുണ്ട്.

വിജിലന്‍സിന് ലഭിച്ച് ഈ തെളിവുകള്‍ കേസെടുത്ത് അന്വേഷിക്കാന്‍ തക്ക ഗൗരവമേറിയതാണെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ നിലപാട്. ഈ സിഡി ശബ്ദരേഖയില്‍ അന്വേഷണം നടത്താമെങ്കില്‍ സരിത നല്‍കിയ തെളിവുകള്‍ മുന്‍നിര്‍ത്തി മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ കേസെടുക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ അഭിപ്രായം.

പൊലീസ് മന്ത്രിക്കെതിരെ കൈക്കൂലി ആരോപണം ഉന്നയിച്ചതിന് ബിജു രമേശിനെ കുരുക്കാനാണ് ഈ അന്വേഷണമെന്നും പ്രതിപക്ഷം ആരോപിച്ചു.

Top