പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസ്: ക്രൈംബ്രാഞ്ചിന് അന്വേഷണ ചുമതല

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജ് വധശ്രമക്കേസിലെ പ്രതികള്‍ ഉള്‍പ്പെട്ട പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസ് ഇനി ക്രൈംബ്രാഞ്ച് അന്വേഷിക്കും. കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ചിന് ഡി.ജി.പി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശം നല്‍കി.

പരീക്ഷാ ക്രമക്കേടില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡി.ജി.പിക്ക് പി.എസ്.സി കത്ത് നല്‍കിയിരുന്നു. ബുധനാഴ്ച പി.എസ്.സി സെക്രട്ടറി ഡി.ജി.പിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാന്‍ തീരുമാനമായത്. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് യൂണിറ്റായിരിക്കും അന്വേഷിക്കുക. അന്വേഷണത്തിന് പ്രത്യേക സംഘം വേണമെന്നുണ്ടെങ്കില്‍ ക്രൈംബ്രാഞ്ച് മേധാവി അക്കാര്യം തീരുമാനിക്കും.

യൂണിവേഴ്സിറ്റി കോളേജിലെ എസ്.എഫ്.ഐ നേതാക്കളായിരുന്ന ശിവരഞ്ജിത്ത്, നസ്സിം, പ്രണവ് എന്നിവരാണ് കേസിലെ പ്രതികള്‍. ഇവര്‍ക്ക് സന്ദേശങ്ങള്‍ അയച്ച ഫോണിന്റെ ഉടമകളും പ്രതിപ്പട്ടികയിലുണ്ട്.

Top