വധഗൂഢാലോചന കേസില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ക്രൈം ബ്രാഞ്ച്

നടി ആക്രമിക്കപ്പെട്ട കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ക്രൈം ബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ട് ആലുവ മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഇതുവരെ കണ്ടെത്തിയ മുഴുവന്‍ തെളിവുകളും വിശദീകരിക്കുന്നതാണ് റിപ്പോര്‍ട്ട്. തെളിവ് നശിപ്പിച്ചതിന് കൂടുതല്‍ പേരെ കേസില്‍ പ്രതിചേര്‍ത്തിട്ടുണ്ട്. അഭിഭാഷകരുടെ പങ്ക് അടക്കം വിശദീകരിച്ചാണ് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്നത്.

രണ്ടര മാസം പിന്നിടുമ്പോഴാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണം നടത്തിയ ഉദ്യോഗസ്ഥരെ വധിക്കാനുള്ള ഗൂഢാലോചനയാണ് ദിലീപും മറ്റ് അഞ്ചുപേരും കൂടി നടത്തിയത്. ഇതിന്റെ കൃത്യമായ തെളിവുകള്‍ ആണ് ബാലചന്ദ്രകുമാര്‍ പുറത്തുവിട്ടതും അന്വേഷണസംഘത്തിന് കൈമാറുകയും ചെയ്തതെന്നും കോടതിയില്‍ അന്വേഷണം സംഘം വ്യക്തമാക്കിയതായാണ് സൂചന.

വധഗൂഢാലോചന കേസുമായി ബന്ധപ്പെട്ട് ദിലീപിന്റെ ഫോണില്‍ നിന്നും ചാറ്റുകള്‍ നീക്കിയ സംഭവത്തില്‍ മുംബൈയിലുള്ള ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയ വിന്‍സെന്റ് ചൊവ്വല്ലൂരിനെ ചോദ്യം ചെയ്ത് വിട്ടയച്ചു. താനാണ് ഏജന്‍സിയെ പരിചയപ്പെടുത്തി നല്‍കിയതെന്ന് വിന്‍സന്റ് അന്വേഷണ ഉദ്യോഗസ്ഥരോട് ഏറ്റുപറഞ്ഞു. തന്റെ കേസും ദിലീപിന്റെ കേസും നടത്തുന്നത് ഒരേ അഡ്വക്കേറ്റ് എന്നും വിന്‍സന്റ് പറഞ്ഞു. എല്ലാ തെളിവുകളും കോടതിയില്‍ ഉണ്ടെന്ന് വിന്‍സന്റ് ചോദ്യംചെയ്ത് പുറത്തേക്കു വന്നപ്പോള്‍ പ്രതികരിച്ചു.

ദിലീപിന്റെയും സംഘത്തിന്റെയും മൊബൈല്‍ ഫോണുകളിലെ വിവരങ്ങളും ചാറ്റുകളും നശിപ്പിക്കാന്‍ മുംബൈയിലെ ലാബ് ഡയറക്ടറെ പരിചയപ്പെടുത്തിയത് വിന്‍സെന്റാണെന്ന് അന്വേഷണസംഘം കണ്ടെത്തിയിരുന്നു. തെളിവുകള്‍ നശിപ്പിക്കാന്‍ ദിലീപ് എങ്ങനെയാണ് മുംബൈയിലെ ലാബില്‍ എത്തിയതെന്ന അന്വേഷണമാണ് വിന്‍സെന്റിലേക്കെത്തിയത്. സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലെ പ്രതി കൂടിയാണ് വിന്‍സെന്റ്. ദിലീപുമായും അഭിഭാഷകരുമായും അടുത്തബന്ധം പുലര്‍ത്തുന്ന വ്യക്തി കൂടിയാണ് വിന്‍സെന്റ്. ദിലീപിന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ട പ്രകാരമാണ് മുംബൈയിലെ ലാബിനെ സമീപിച്ചതെന്നും അവിടെ പോയിരുന്നെന്നും വിന്‍സന്റ് പറഞ്ഞിരുന്നു.

Top