കാസര്‍ഗോഡ് : രണ്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികള്‍ ഗൂഢാലോചന നടത്തിയത് സിപിഎം ബ്രാഞ്ച് ഓഫീസിലെന്ന് പൊലീസ് റിപ്പോര്‍ട്ട്.
ഗൂഢാലോചന നടന്നത് ഏച്ചലടുക്കം ബ്രാഞ്ച് ഓഫീസിലായിരുന്നു. ലോക്കല്‍ കമ്മറ്റി അംഗമായിരുന്ന പീതാംബരനും കൂട്ടുപ്രതികളും കൃത്യം നടക്കുന്ന അന്ന് വൈകുന്നേരം ഓഫീസില്‍ ഒത്തുകൂടി. കൊല ആസൂത്രണം ചെയ്ത് നടപ്പാക്കുകയായിരുന്നു.
തന്റെ കൈയൊടിച്ചവനോട് പ്രതികാരം ചെയ്യാന്‍ കൂടെനിന്നില്ലെങ്കില്‍ പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുമെന്ന് പീതാംബരന്‍ നേരത്തെ ബ്രാഞ്ച് യോഗത്തില്‍ പറഞ്ഞതായും വിവരമുണ്ട്.
കേസ് തിങ്കളാഴ്ച ക്രൈംബ്രാഞ്ച് ഏറ്റെടുക്കും. ഉദ്യോഗസ്ഥരെല്ലാം എത്തി തിങ്കളാഴ്ചമുതൽ ഔദ്യോഗികമായി അന്വേഷണം ആരംഭിക്കാനാണ് നീക്കം. അടുത്ത ആഴ്ച ഡി.ജി.പി ലോക്നാഥ് ബെഹ്റയും സംഭവസ്ഥലത്ത് എത്തുന്നുണ്ട്.
കൊല്ലപ്പെട്ട യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് നേരെ പ്രതികളടക്കം സോഷ്യൽ മീഡിയയിൽ വധ ഭീഷണി ഉയർത്തിയതിന്റെ തെളിവുകൾ ഇതിനിടെ പുറത്തുവന്നു.