കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കാവ്യാ മാധവനെ ക്രൈംബ്രാഞ്ച് നാളെ ചോദ്യം ചെയ്‌തേക്കില്ല. ആലുവയിലെ വീട്ടില്‍ വെച്ച് കാവ്യയെ ചോദ്യം ചെയ്യേണ്ടെന്നാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. തുടര്‍ നടപടികളുടെ കാര്യത്തില്‍ അന്വേഷണസംഘം നിയമോപദേശം തേടിയിട്ടുണ്ട്.
പദ്മസരോവരം വീട്ടില്‍വെച്ച് ചോദ്യം ചെയ്യണമെന്നാണ് കാവ്യയുടെ നിലപാട്. ദിലീപിന്റെ സഹോദരന്‍ അനൂപിനേയും സഹോദരി ഭര്‍ത്താവ് സുരാജിനേയും നാളെ ചോദ്യം ചെയ്യും. ഇതിനായി ഇരുവര്‍ക്കും ക്രൈംബ്രാഞ്ച് നോട്ടീസ് നല്‍കി.
നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം തുടങ്ങി. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ച ദിലീപിനെ വീണ്ടും ജയിലിലടയ്ക്കണമെന്നാവശ്യപ്പെട്ട് അന്വേഷണസംഘം കൊച്ചിയിലെ വിചാരണക്കോടതില്‍ ഹര്‍ജി നല്‍കി.
കേസിനെ സ്വാധീനിക്കാനോ അട്ടിമറിക്കാനോ യാതൊരു കാരണവശാലും ശ്രമിക്കരുതെന്ന വ്യവസ്ഥയോടെയായിരുന്നു 2017ല്‍ ഹൈക്കോടതി ദിലീപിന് ജാമ്യം നല്‍കിയത്. ഇത് ലംഘിക്കപ്പെട്ടെന്ന് പ്രോസിക്യൂഷന് ബോധ്യപ്പെട്ടാല്‍ വിചാരണക്കോടതിയെ സമീപിക്കാമെന്നും വ്യക്തമാക്കിയിരുന്നു. വിസ്താരം അട്ടിമറിക്കാനും അന്വേഷണ ഉദ്യോഗസ്ഥരെത്തന്നെ അപായപ്പെടുത്താനും ദിലീപിന്റെ ഭാഗത്ത് നിന്ന് കരുതിക്കൂട്ടിയുളള ഇടപെടല്‍ ഉണ്ടായി എന്ന് ആരോപിച്ചാണ് അന്വേഷണസംഘം ഇപ്പോള്‍ കൊച്ചിയിലെ വിചാരണക്കോടതിയെ സമീപിച്ചത്. കേസിലെ സാക്ഷികളെ സ്വാധീനിച്ചെന്നും വിസ്താരനടപടികള്‍ അട്ടിമറിക്കാന്‍ ശ്രമിച്ചെന്നുമാണ് ആരോപണം. തുടരന്വേഷണവും നടക്കുന്നതിനാലും വിസ്താരം ഇനിയും ശേഷിക്കുന്നതിനാലും ജാമ്യം റദ്ദാക്കി ദിലീപിനെ ജയിലില്‍ അടയ്ക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. വധഗൂഡാലോചനാക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ശേഖരിച്ച തെളിവുകളുടെ കൂടി പശ്ചാത്തലത്തിലാണ് ഈ നീക്കം. ഇതുവഴി തുടരന്വേഷണത്തില്‍ ബാഹ്യഇടപെടലുകള്‍ കുറയ്ക്കാമെന്നും ദിലിപ് കാമ്പിനെ സമ്മര്‍ദത്തില്‍ ആക്കാമെന്നുമാണ് പ്രോസിക്യൂഷന്‍ കണക്കുകൂട്ടന്നത്.
കോടതി രേഖകള്‍ ചോര്‍ന്നെന്ന പ്രതിഭാഗം ആരോപണത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ എസ് പി ബൈജു പൗലോസ് വിചാരണ കോടതിയില്‍ ഹാജരായി വിശദീകരണം നല്‍കി. സായി ശങ്കറില്‍ നിന്ന് വാങ്ങിയ ലാപ്‌ടോപ് അടക്കമുളള ഡിജിറ്റല്‍ ഉപകരണങ്ങള്‍ അടിയന്തരമായി ഹാജരാക്കാന്‍ ദിലീപിന്റെ അഭിഭാഷകരോട് വധഗൂഡാലോചനാക്കേസിലെ അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടുണ്ട്.