കോഴിക്കോട്: കൂടത്തായിയില്‍ ഒരു കുടുംബത്തിലെ ആറ് പേര്‍ വര്‍ഷങ്ങളുടെ ഇടവേളയില്‍ സമാന സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ മൃതദേഹങ്ങള്‍ അടക്കിയ കല്ലറകള്‍ തുറന്ന് പരിശോധിക്കാന്‍ ക്രൈംബ്രാഞ്ച് ഒരുങ്ങുന്നു. ഇതിനുള്ള അനുമതി ജില്ലാ ഭരണകൂടം ക്രൈംബ്രാഞ്ചിന് നല്‍കി.
വെള്ളിയാഴ്ച കല്ലറകള്‍ തുറന്ന് ഫോറന്‍സിക് പരിശോധന നടത്താനാണ് ക്രൈംബ്രാഞ്ചിന്റെ തീരുമാനം. ശക്തമായ പൊലീസ് കാവലിലാവും കല്ലറ തുറന്നുള്ള പരിശോധന. മരണപ്പെട്ട നാല് പേരുടെ മൃതദേഹങ്ങള്‍ അടക്കിയത് കൂടത്തായി ലൂര്‍ദ്ദ് മാത പള്ളി സെമിത്തേരിയിലും രണ്ട് പേരുടേത് കോടഞ്ചേരി പള്ളിസെമിത്തേരിയിലുമാണ്. ഇതില്‍ കൂടത്തായി പള്ളിയിലെ കല്ലറയാണ് വെള്ളിയാഴ്ച തുറന്ന് പരിശോധന നടത്തുക. വെള്ളിയാഴ്ച രാവിലെ ഒന്‍പതരയോടെ കല്ലറ തുറക്കാനാണ് തീരുമാനം. ഇക്കാര്യം ക്രൈംബ്രാഞ്ച് സംഘം ബന്ധുക്കളേയും പള്ളി അധികൃതരേയും അറിയിച്ചു. ആര്‍ഡിഒയുടെ അനുവാദവും ക്രൈബ്രാഞ്ച് സംഘം നേടിയിട്ടുണ്ട്.
പിണറായിയില്‍ മാതാപിതാക്കളെയും മകളെയും കൊലപ്പെടുത്തിയ കേസില്‍ സൗമ്യയെ അറസ്റ്റ് ചെയ്തതോടെയാണു കോഴിക്കോട് താമരശേരി കൂടത്തായിയിലെ ആറു പേരുടെ മരണം കൊലപാതകമാണെന്ന സംശയം ബന്ധുക്കള്‍ക്കു ബലപ്പെട്ടത്. വഴിവിട്ട ജീവിതത്തിനു തടസം നിന്നതിനായിരുന്നു മാതാപിതാക്കളെയും മകളെയും പടന്നക്കര വണ്ണത്താംവീട്ടില്‍ സൗമ്യ കൊലപ്പെടുത്തിയത്. ഛര്‍ദിയും വയറിളക്കവും മൂലമുള്ള മൂന്ന് അസ്വാഭവിക മരണങ്ങള്‍ നാട്ടുകാരില്‍ ജനിപ്പിച്ച സംശയമാണു കൊലപാതകത്തിനു പിന്നില്‍ സൗമ്യയാണെന്ന കണ്ടെത്തലിലേക്കു നയിച്ചത്. ഈ സംഭവങ്ങള്‍ ഏറെ ചര്‍ച്ചയായതിനു തൊട്ടുപിന്നാലെയാണ് കൂടത്തായിയില്‍ ബന്ധുക്കളായ ആറു പേരുടെ മരണവും സമാനസ്വഭാവമുള്ളതാണെന്നു സംശയം തോന്നിയത്. തുടര്‍ന്നു പൊലീസിനെ സമീപിക്കുകയായിരുന്നു.