ന്യൂഡല്‍ഹി: രണ്ടില ചിഹ്നം ലഭിക്കാന്‍ അണ്ണാ ഡിഎംകെ (അമ്മ) നേതാവ് ടി.ടി.വി. ദിനകരന്‍ ഹവാല ഏജന്റിന് കോഴ നല്‍കിയതിന്റെ കൂടുതല്‍ തെളിവുകളുമായി കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം.
ചെന്നൈയിലെ വിവിധ ബാങ്കുകളിലെ അഞ്ച് അക്കൗണ്ടുകള്‍ അന്വേഷണ സംഘം തിരിച്ചറിഞ്ഞു. ഇതിലൂടെയാണ് ദിനകരന്‍ പണമിടപാടുകള്‍ നടത്തിയതെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തിയിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ദിനകരന്റെ ചാര്‍ട്ടേഡ് അക്കൗണ്ടന്റിനോട് അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകാനും ആവശ്യപ്പെട്ടിട്ടുണ്ട്.
ദിനകരനും ഇടനിലക്കാരന്‍ സുകാഷ് ചന്ദ്രശേഖരനും തമ്മിലുള്ള ഫോണ്‍ സംഭാഷണമുള്‍പ്പെടെയുള്ള തെളിവുകള്‍ പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. കേസിലെ നിര്‍ണായക വിവരങ്ങളൊന്നും ദിനകരന്‍ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. സഹായി ജനാര്‍ദനന്‍, അഭിഭാഷകന്‍ ബി. കുമാര്‍ തുടങ്ങിയവരെയും പൊലീസ് ചോദ്യം ചെയ്തിരുന്നു.