എറണാകുളം: കെ സുധാകരനെതിരെ മൊഴി നല്‍കാന്‍ സമ്മര്‍ദ്ദമുണ്ടെന്ന മോന്‍സന്റെ ആരോപണം തള്ളി ക്രൈംബ്രാഞ്ച്. ശിക്ഷവിധി കഴിഞ്ഞ കേസില്‍ വീണ്ടും പ്രതിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയെന്ന് പറയുന്ന ആരോപണത്തില്‍ വസ്തുത ഇല്ലെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. കെ സുധാകരന്റെ പേര് മൊഴിയില്‍ ഉണ്ടായിരുന്നില്ല. ശിക്ഷാവിധി കഴിഞ്ഞ ശേഷം ഒരാളുടെ പേര് പറയാന്‍ പറയുന്നതില്‍ എന്ത് അടിസ്ഥാനമാണ് ഉള്ളതെന്ന് ക്രൈംബ്രാഞ്ച് ചോദിച്ചു.
പോക്‌സോ കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും സുധാകരന്റെ പേര് പറയിക്കാന്‍ ഭീഷണിപ്പെടുത്തിയെന്നായിരുന്നു മോന്‍സന്‍ കോടതിയില്‍ പറഞ്ഞത്. സുധാകരന്റെ പേര് പറഞ്ഞില്ലെങ്കില്‍ ഭാര്യയും മക്കളും ജീവനോടെ ഉണ്ടാകില്ലെന്ന് പറഞ്ഞു. അനൂപില്‍ നിന്ന് പണം വാങ്ങിയത് സുധാകരന് കൊടുക്കാനാണെന് പറയണമെന്ന് നിര്‍ബന്ധിച്ചു. കെ.സുധാകരന്റെ പേരു പറഞ്ഞില്ലെങ്കില്‍ ഗുരുതര പ്രത്യാഘാതമുണ്ടാവുമെന്ന് ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തി .പീഡിപ്പിക്കുന്ന സമയത്ത് കെ.സുധാകരന്‍ വീട്ടിലുണ്ടായിരുന്നുവെന്ന് പറയണമെന്നും ഡി.വൈ.എസ്.പി ഭീഷണിപ്പെടുത്തിയെന്നും മോന്‍സണ്‍ മാവുങ്കല്‍ കോടതിയില്‍ പറഞ്ഞിരുന്നു.
അതേസമയം മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു സാമ്പത്തിക തട്ടിപ്പ് കേസില്‍ സുധാകരന്റെ വിശ്വസ്തനായ എബിന്‍ എബ്രഹാമിനെതിരെയും കൂടുതല്‍ തെളിവുകള്‍ പുറത്തുവിട്ട പരാതിക്കാര്‍. എബിന്‍ എബ്രഹാം ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥനെ വിളിക്കുന്ന ശബ്ദരേഖ 24ന് ലഭിച്ചു. ഉദ്യോഗസ്ഥനോട് എബിന്‍ കേസിന്റെ വിശദാംശങ്ങള്‍ അന്വേഷിക്കുന്നത് ശബ്ദരേഖയില്‍ വ്യക്തമാണ്. കൂടുതല്‍ ചോദ്യം ചെയ്യലുകള്‍ ഉണ്ടാകുമോ എന്ന് എബിന്‍ ചോദിക്കുന്നുണ്ട്. മോന്‍സന്‍ അറസ്റ്റിലായ സമയത്ത് നടന്നതാണ് ഈ സംഭാഷണം. ഇതിനെ തുടര്‍ന്ന് എബിനേയും ചോദ്യം ചെയ്യാന്‍ ക്രൈം ബ്രാഞ്ച് നീക്കം നടത്തുന്നു. ഈ കേസില്‍ തങ്ങള്‍ ഒരു ഘട്ടത്തിലും ഇടപെട്ടിട്ടില്ല എന്ന് സുധാകരനും എബിന്‍ എബ്രഹാമും നേരത്തെ പറഞ്ഞതിന് ശേഷമാണ് ഈ ശബ്ദ രേഖ പുറത്തു വന്നത്.