സ്വപ്നയുടെ രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്‍റെ രഹസ്യമൊഴിയുടെ പകർപ്പ് വേണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് എറണാകുളം ജില്ലാ പ്രിൻസിപ്പൾ സെക്ഷൻസ് കോടതിയിൽ അപേക്ഷ നൽകി. രഹസ്യമൊഴിയുടെ പകർപ്പ് ക്രൈംബ്രാഞ്ചിന് നൽകരുതെന്ന് സ്വപ്നയുടെ അഭിഭാഷകൻ കോടതിയോട് പറഞ്ഞു. ക്രൈംബ്രാഞ്ചിന് രഹസ്യമൊഴി നൽകരുതെന്ന് ഇ ഡിയുടെ അഭിഭാഷകനും കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.

രഹസ്യമൊഴിയുടെ പകർപ്പ് എന്തിന് വേണ്ടിയെന്ന് ക്രൈബ്രാഞ്ച് വ്യക്തമാക്കണമെന്ന് കോടതി . കന്‍റോമെൻറ് പൊലീസ് രജിസ്റ്റർ ഗൂഢാലോചന കേസിലെ അന്വേഷണത്തിന് സ്വപ്നയുടെ രഹസ്യമൊഴി ആവശ്യമാണെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു. ഗൂഢാലോചനയിൽ പങ്കെടുത്ത ഷാജ് കിരണും സ്വപ്നയ്ക്കെതിരെ പരാതി നൽകിയിട്ടുണ്ട്. സ്വപ്നയുടെ സത്യവാങ്മൂലം പുറത്ത് പോയതിൽ അന്വേഷണം വേണമെന്ന് ക്രൈംബ്രാഞ്ച് കോടതിയോട് ആവശ്യപ്പെട്ടു.

ജീവന് ഭീഷണിയുണ്ടെന്നും സുരക്ഷ ഉറപ്പാക്കണമെന്നും കോടതിയില്‍ ആവശ്യപ്പെട്ടു. ഒപ്പം സംസ്ഥാന സർക്കാരിൻ്റെ സുരക്ഷ വേണ്ടന്നും സ്വപ്ന ആവർത്തിച്ചു. സുരക്ഷ ആവശ്യപ്പെട്ടത് കേന്ദ്രത്തിന് അയച്ചിട്ടുണ്ടെന്നും മറുപടി ലഭിക്കുന്നതിന് ഒരാഴ്ച സമയം വേണമെന്നും ഇഡി അഭിഭാഷകൻ കോടതിയെ അറിയിച്ചു. രഹസ്യമൊഴി കേന്ദ്ര എൻഫോഴ്സ്മെന്‍റ് പരിശോധിക്കുകയാണെന്നും ഇ ഡി അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു. കേസ് ഈ മാസം 22ലേക്ക് മാറ്റി.

Top