ഇഡിക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച്

kerala hc

കൊച്ചി: എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥര്‍ക്കെതിരായ അന്വേഷണം പ്രാഥമിക ഘട്ടത്തിലെന്ന് ക്രൈംബ്രാഞ്ച് ഹൈക്കോടതിയെ അറിയിച്ചു. ഇഡിയ്‌ക്കെതിരായ എഫ്‌ഐആര്‍ നിയമപരമായി നിലനില്‍ക്കുന്നതാണ്. സന്ദീപ് നായരുടെ മൊഴിയില്‍ ഞെട്ടിക്കുന്ന വസ്തുതകള്‍ ഉണ്ടെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.

മൊഴി പൂര്‍ണമായി വെളിപ്പെടുത്തിയാല്‍ അന്വേഷണത്തെ ബാധിക്കും. മൊഴിപ്പകര്‍പ്പ് മുദ്രവച്ച കവറില്‍ കോടതിക്ക് നല്‍കാമെന്നും ക്രൈംബ്രാഞ്ച് അറിയിച്ചു. അന്വേഷണത്തിനെതിരായ ഇഡി ഹര്‍ജി നിയമപരമായി നിലനില്‍ക്കില്ലെന്നും ഹര്‍ജി തള്ളണമെന്നും ക്രൈംബ്രാഞ്ച് ആവശ്യപ്പെട്ടു.

സര്‍ക്കാരിന് വേണ്ടി മുന്‍ അഡിഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഹരിന്‍ പി റാവല്‍ ഹാജരായി. അന്വേഷണത്തിന്റെ മറവില്‍ കേസുമായി ബന്ധമില്ലാത്തവര്‍ക്ക് എതിരെ വ്യാജ തെളിവുണ്ടാക്കാന്‍ ഇഡിയ്ക്ക് അധികാരമില്ലെന്ന് സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു. കള്ളപ്പണ ഇടപാട് അന്വേഷണവുമായി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ബന്ധമില്ല. സ്വപ്ന സുരേഷിന്റെ ശബ്ദരേഖയെ കുറിച്ചാണ് അന്വേഷണം. ഇഡിക്കെതിരെ ഉയര്‍ന്ന ആരോപണം സത്യമാണെങ്കില്‍ അത് ഗുരുതരമാണ്. ഒരു അന്വേഷണ ഏജന്‍സിക്കും വ്യാജ തെളിവ് ഉണ്ടാക്കാന്‍ അധികാരം ഇല്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ പറഞ്ഞു.

 

Top