പ്ലസ് വൺ വിദ്യാർത്ഥിയുടെ ദുരൂഹ മരണം; ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു

death-hand

പത്തനംതിട്ട: പത്തനംതിട്ട ചിറ്റാറിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ആല്‍ഫിന്റെ ദുരൂഹ മരണത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ചിറ്റാര്‍ പാത്താനത്ത് വീട്ടില്‍ സ്റ്റീഫന്റെ മകന്‍ ആല്‍ഫിനെ പമ്പാനദിയിലെ വടശേരിക്കര മംഗലത്ത് കടവില്‍ ഡിസംബര്‍ എട്ടിനായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. വടശേരിക്കര ഇടക്കുളം ഗുരുകുലം സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായിരുന്നു ആല്‍ഫിന്‍.

ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണം തൃപ്തികരമല്ലന്നു കാട്ടി ആല്‍ഫിന്റെ മാതാവ് സ്മിത ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയെ തുടര്‍ന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തത്.

ഡിസംബര്‍ ഏഴിന് സ്‌കൂളില്‍ പോയ ശേഷം തിരികെ വീട്ടില്‍ എത്തിയിരുന്നില്ല. വീട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ അടുത്തിടെ ബൈക്കപകടത്തില്‍ മരിച്ച സുഹൃത്തിന്റെ വീട്ടിലും തുടര്‍ന്ന് നദിക്കരയിലും എത്തിയെന്ന് വ്യക്തമായി. പിന്നീട് നദിയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹം കണ്ടെത്തിയതിന് സമീപത്തെ കാട്ടില്‍ നിന്നും ആല്‍ഫിന്റെ സ്‌കൂള്‍ ബാഗും ലഭിച്ചിരുന്നു.

ക്രൈംബ്രാഞ്ച് സിഐ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. മരണത്തില്‍ദുരൂഹത ഉണ്ടെന്നാണ് ബന്ധുക്കളുടെയും നാട്ടുകാരുടെയും ആരോപണം. ക്രൈംബ്രാഞ്ച് സംഘം ആല്‍ഫിന്റെ സുഹൃത്തുക്കളെയും വിളിച്ചു വരുത്തി ചോദ്യം ചെയ്തു.

Top