കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌ക്കറിന്റെ അപകട മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണത്തിനൊരുങ്ങി ക്രൈംബ്രാഞ്ച്. അടുത്തിടെ പിടിയിലായ സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിക്ക് ബാലഭാസ്‌ക്കറുമായി ഉണ്ടായിരുന്ന സാമ്പത്തിക ഇടപാടുകള്‍ അപകടവുമായി ബന്ധമുണ്ടോയെന്നാണ് സംഘം അന്വേഷിക്കും.
സ്വര്‍ണക്കടത്ത് കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രകാശ് തമ്പിയെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് ക്രൈംബ്രാഞ്ച് സംഘം ഒരുങ്ങുന്നത്. ഇതിനായി ഉടന്‍ തന്നെ കോടതിയെ സമീപിക്കും.ബാലഭാസ്‌കറിന്റെ സംഗീതപരിപാടികളുടെ കോ-ഓര്‍ഡിനേറ്ററായിരുന്ന പ്രകാശ് തമ്പിയും ബാലുവിന്റെ കാര്‍ ഡ്രൈവര്‍ അര്‍ജ്ജുന്റെ സുഹൃത്ത് വിഷ്ണുവും സ്വര്‍ണക്കടത്തില്‍ പ്രതികളായതോടെയാണ് അപകടത്തിനു പിന്നിലെ ദുരൂഹത നീക്കാന്‍ ക്രൈംബ്രാഞ്ച് നീക്കംതുടങ്ങിയത്.
അര്‍ജുനെയും അപകടത്തിന്റെ ദൃക്‌സാക്ഷികളെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യംചെയ്യും. സ്വര്‍ണക്കടത്ത് അന്വേഷിക്കുന്ന ഡി.ആര്‍.ഐയില്‍ നിന്ന് പ്രതികളുടെ വിവരങ്ങള്‍ ക്രൈംബ്രാഞ്ച് ശേഖരിച്ചു. പ്രകാശ് തമ്പിയെ ഡി.ആര്‍.ഐ അറസ്റ്റ് ചെയ്‌തെങ്കിലും വിഷ്ണു ഒളിവിലാണ്. ബാലഭാസ്‌കറിന്റെ മരണത്തിനു പിന്നില്‍ സാമ്പത്തിക ഇടപാടുകളാണോയെന്ന് സംശയമുണ്ടെന്ന് പിതാവ് സി.കെ. ഉണ്ണി പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറിയത്. പ്രകാശ് തമ്പി ബാലഭാസ്‌കറിന്റെ സംഗീത പരിപാടികളുടെ സംഘാടകനായിരുന്നു. തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയില്‍ കാന്റീന്‍ നടത്തിയിരുന്ന ഇയാള്‍ അവിടെവച്ചാണ് ബാലഭാസ്‌കറുമായി പരിചയത്തിലായത്.
കോളേജ് കാലം മുതല്‍ ബാലഭാസ്‌കറിന്റെ സുഹൃത്താണ് വിഷ്ണു. അപകടസമയത്ത് കാറിലുണ്ടായിരുന്ന ഡ്രൈവര്‍ അര്‍ജുനെ ബാലുവിനൊപ്പം അയച്ചത് വിഷ്ണുവായിരുന്നു.ബാലഭാസ്‌കറിന്റെ സാമ്പത്തിക കാര്യങ്ങള്‍ കൈകാര്യം ചെയ്തിരുന്നത് വിഷ്ണുവാണെന്നാണ് സൂചന. വിഷ്ണു സ്ഥിരമായി വിദേശ യാത്രകള്‍ നടത്തിയിരുന്നതിന്റെ തെളിവ് ഡി.ആര്‍.ഐ ക്രൈംബ്രാഞ്ചിന് കൈമാറി.
അതേസമയം, ബാലു മരിച്ച ശേഷം കഴിഞ്ഞ നവംബര്‍ മുതലാണ് പ്രകാശ് വിദേശത്തേക്ക് പോയിത്തുടങ്ങിയതെന്നാണ് രേഖകള്‍. ബാലഭാസ്‌കറിന്റെ വീട്ടില്‍ സ്ഥിരം സന്ദര്‍ശകരായിരുന്ന ഇരുവരും മരണത്തിനു ശേഷം വന്നിട്ടില്ലെന്ന് പിതാവ് കെ.സി. ഉണ്ണി പറഞ്ഞു. പിന്നീട് ഫോണില്‍ പോലും ഇവര്‍ ബന്ധപ്പെട്ടില്ല. ബാലഭാസ്‌കറിന്റെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് ബന്ധുക്കളെക്കാള്‍ കൂടുതല്‍ അറിയാവുന്നതും ഇവര്‍ക്കായിരുന്നു എന്നും കുടുംബം ആരോപിച്ചു.