കാസര്‍കോട്: കാസര്‍കോട്ടെ ഡിവൈഎഫ്ഐ പ്രവര്‍ത്തകന്‍ ഔഫ് അബ്ദുള്‍ റഹിമാനെ കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറും. കേസില്‍ പിടിയിലായ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇര്‍ഷാദ്, ഹസന്‍, ആഷിര്‍ എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്ന കാര്യത്തില്‍ ഔദ്യോഗികമായി ഉത്തരവ് ഇറങ്ങിയിട്ടില്ല.
സംഭവം രാഷ്ട്രീയ കൊലപാതകമാണെന്ന് പൊലീസ് പറഞ്ഞു. വോട്ടെണ്ണല്‍ ദിവസത്തെ സംഘര്‍ഷമാണ് പിന്നീട് കൊലപാതകത്തിലേക്ക് നയിച്ചത്. എന്നാല്‍ സംഭവസമയത്ത് സംഘര്‍ഷം ഉണ്ടായിരുന്നില്ലെന്നും എസ്.പി. പറഞ്ഞു.
അതേസമയം, കൊലപാതകത്തില്‍ മുഖ്യപ്രതി ഇര്‍ഷാദ് കുറ്റം സമ്മതിച്ചു. ഔഫ് അബ്ദുള്‍ റഹ്മാനെ കുത്തിയത് താനാണെന്ന് ഇര്‍ഷാദ് പൊലീസിന് മൊഴി നല്‍കി.
ആകെ കൃത്യത്തില്‍ മൂന്ന് പേര്‍ മാത്രമാണ് പങ്കാളികളായതെന്നും ഇന്നലെ കസ്റ്റഡിയിലെടുത്ത ഇസഹാഖിന് കൊലപാതകത്തില്‍ പങ്കില്ലെന്നും പൊലീസ് പറഞ്ഞു. കേസിലെ മുഴുവന്‍ പ്രതികളും പൊലീസ് കസ്റ്റഡിയിലായി. ഇര്‍ഷാദ്, ഇസഹാഖ്, ഹസന്‍, ആഷിര്‍ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.
ഔഫ് അബ്ദുള്‍ റഹ്മാന്റെ കൊലപാതകത്തില്‍ പോസ്റ്റ്‌മോര്‍ട്ടത്തിലെ പ്രാഥമിക വിവരങ്ങള്‍ പുറത്തായിരുന്നു. ഹൃദയ ധമനിക്ക് കുത്തേറ്റതാണ് മരണ കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ശ്വാസകോശത്തിനും ഗുരുതര പരുക്കേറ്റു. വേഗത്തില്‍ രക്തം വാര്‍ന്നത് മരണകാരണമായെന്നും പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.