‘ക്രൈം ഫയല്‍’ ചെയ്തത് അതീവ ശ്രദ്ധയോടെ; കെ. മധു

1999-ല്‍ സിസ്റ്റര്‍ അഭയ കൊലക്കേസിന്റെ പശ്ചാത്തലത്തിലിറങ്ങിയ ചിത്രമായിരുന്നു ‘ക്രൈം ഫയല്‍’. 28 വർഷത്തിന് ശേഷം അഭയ കേസിൽ വിധി പുറപ്പെടുവിക്കുകയും പ്രതികൾ കുറ്റക്കാരെന്നു കണ്ടെത്തുകയും ചെയ്ത സാഹചര്യത്തിൽ സംഗീത, സുരേഷ് ഗോപി, വിജയരാഘവന്‍ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രത്തിന്റെ ഓർമകൾ പങ്കുവെക്കുകയാണ് സംവിധായകൻ കെ. മധു.

കോടതിയുടെ പരിഗണനയിലുള്ള കേസ് ആയതിനാലും ഏറെ സെന്‍സേഷണല്‍ വിഷയമായതിനാലും അതീവ ശ്രദ്ധയോടെയാണ് സിനിമ കൈകാര്യം ചെയ്തതെന്ന് സംവിധായകനായ കെ. മധു പറയുന്നു. അഭയ കേസ് സിനിമയ്ക്ക് ഒരു പശ്ചാത്തലം ആയെന്നേയുള്ളൂവെന്നും ആരെയും പേരെടുത്ത് പറയാതെ ആരെയും കുറ്റപ്പെടുത്താതെ ഒരു കഥ തിരക്കഥാകൃത്തുകളായ എ.കെ. സാജനും എ.കെ. സന്തോഷും തയ്യാറാക്കുകയായിരുന്നെന്നും മധു പറഞ്ഞു. ഒരു പ്രമുഖ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

“ഓരോ ഷോട്ടും കൃത്യതയോടെയാണ് പകര്‍ത്തിയത്. ഒരു സംവിധായകന് ചെയ്യാവുന്ന പരമാവധി നീതി പുലര്‍ത്തിയാണ് ആ കഥ സിനിമയാക്കിയത്. റിലീസിന് മുമ്പ് വരെ പലരുടെയും മനസില്‍ സിനിമയെക്കുറിച്ച് ചില കറുത്ത പാടുകളുണ്ടായിരുന്നു. എന്താണ് ഇവര്‍ സിനിമയിലൂടെ ഉദ്ദേശിക്കുന്നതായിരുന്നു അവരെല്ലാം ചിന്തിച്ചത്. മാറ്റിനി കഴിഞ്ഞതോടെ ആ കറുത്ത പാടുകളെല്ലാം മാഞ്ഞു.” മധു വ്യക്തമാക്കി. തന്റെ കരിയറില്‍ ഇത്രയേറെ ഷെഡ്യൂളുകള്‍ നീണ്ട ഒരു സിനിമ ഇതുവരെ ചിത്രീകരിച്ചിട്ടില്ലെന്നും ആറ് ഷെഡ്യൂളുകളിലായാണ് ക്രൈം ഫയല്‍ പൂര്‍ത്തിയാക്കിയതെന്നും ചിത്രീകരണത്തിനിടയില്‍ ഒരുപാട് വിഘ്നങ്ങളുണ്ടായെന്നും മധു കൂട്ടിച്ചേർത്തു.

സിസ്റ്റര്‍ അമലയെ കോണ്‍വെന്റിലെ കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തുന്നതും അതിനുപിന്നാലെയുള്ള പോലീസ് അന്വേഷണവുമാണ് ക്രൈം ഫയല്‍ എന്ന സിനിമയിലെ കഥ. സംഗീതയാണ് സിസ്റ്റര്‍ അമലയായി വേഷമിട്ടത്. ഡി.ഐ.ജി. ഈശോ പണിക്കര്‍ ഐ.പി.എസ്. ആയി സുരേഷ് ഗോപിയും എസ്.പി. അന്‍വര്‍ സാദത്തായി സിദ്ദീഖും മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഫാ. ക്ലെമന്റ് കത്തനാരായി വിജയരാഘവന്‍, കാളിയാര്‍ പത്രോസ് വൈദ്യനായി ജനാര്‍ദനന്‍, മാമല മാമച്ചനായി രാജന്‍ പി.ദേവ് തുടങ്ങിയവരായിരുന്നു സിനിമയിലെ മറ്റു അഭിനേതാക്കള്‍. എ.കെ. സാജന്‍, എ.കെ. സന്തോഷ് തുടങ്ങിയവരാണ് തിരക്കഥ രചിച്ചത്. സാലൂ ജോര്‍ജായിരുന്നു ഛായാഗ്രഹണം. എ. രാമകൃഷ്ണനും സാജന്‍ വര്‍ഗീസും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ നിര്‍മാണം.

Top