അമേരിക്കയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റു മരിച്ചു

ന്യൂയോര്‍ക്ക്: കാലിഫോര്‍ണിയയില്‍ ഇന്ത്യന്‍ വംശജനായ പൊലീസ് ഉദ്യോഗസ്ഥന്‍ വെടിയേറ്റ് മരിച്ചു. ന്യൂമാന്‍ പൊലീസിലെ ഉദ്യോഗസ്ഥനായ റോണില്‍ സിങാണ്(33)വാഹനപരിശോധനയ്ക്കിടെ വെടിയേറ്റ് മരിച്ചത്.

ക്രിസ്മസ് ദിവസം രാത്രി നടുറോഡില്‍ വെച്ചാണ് സംഭവം നടന്നത്. ക്രിസ്മസ് ദിവസം അധികസമയ ഡ്യൂട്ടിയിലായിരുന്നു റോണില്‍ സിങ്. ഇതിനിടെയാണ് ആയുധധാരിയായ അക്രമി അദ്ദേഹത്തിന് നേരേ വെടിയുതിര്‍ത്തത്. വെടിയേറ്റ ഉടന്‍ റോണില്‍ സിങ് വയര്‍ലെസ് സംവിധാനത്തിലൂടെ ഉന്നത ഉദ്യോഗസ്ഥരെ വിവരമറിയിച്ചിരുന്നു. എന്നാല്‍ മറ്റു പൊലീസ് ഉദ്യോഗസ്ഥരും സുരക്ഷാ ഏജന്‍സികളും സംഭവസ്ഥലത്തെത്തിയപ്പോള്‍ വെടിയേറ്റ് കിടക്കുന്ന നിലയിലാണ് അദ്ദേഹത്തെ കണ്ടെത്തിയത്. ഉടന്‍തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.അക്രമി സംഭവത്തിനുശേഷം രക്ഷപ്പെട്ടതായി പൊലീസ് അറിയിച്ചു. ഇയാളെ കണ്ടെത്താന്‍ അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് വ്യക്തമാക്കി.

പൊലീസ് ഉദ്യോഗസ്ഥന്റെ മരണത്തില്‍ കാലിഫോര്‍ണിയ ഗവര്‍ണര്‍ ഉള്‍പ്പെടെയുള്ളവര്‍ അനുശോചനമറിയിച്ചു.കഴിഞ്ഞ ഏഴു വര്‍ഷത്തിലധികമായി ന്യൂമാന്‍ പൊലീസില്‍ ജോലിചെയ്യുകയാണ് റോണില്‍ സിങ്. ഫിജിയില്‍ നിന്ന് അമേരിക്കയിലേക്ക് കുടിയേറിയതാണ് ഇവര്‍. അനാമികയാണ് ഭാര്യ. അഞ്ചുവയസ്സുള്ള മകനുണ്ട്.

Top