ക്രിമിനല്‍ കേസിലെ പ്രതി പ്രധാനമന്ത്രിക്കൊപ്പം ; പ്രകാശ് ബാബു തൃശൂര്‍ പൊതുസമ്മേളനത്തില്‍

തൃശൂര്‍: പ്രധാനമന്ത്രിയോടൊപ്പം വേദി പങ്കിട്ട് ക്രിമിനല്‍ കേസിലെ പ്രതിയും. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് എത്തിയ സ്ത്രീയെ അക്രമിച്ച സംഭവത്തില്‍ മുഖ്യപ്രതിയായ യുവമോര്‍ച്ച സംസ്ഥാനപ്രസിഡന്റ് അഡ്വക്കേറ്റ് കെ.പി. പ്രകാശ് ബാബുവാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം തൃശൂരില്‍ പൊതുസമ്മേളന വേദിയിലെത്തിയത്. ജാമ്യമില്ലാ വകുപ്പുകളടക്കം ഉള്‍പ്പെട്ട ഏഴ് ക്രിമിനല്‍ കേസുകളില്‍ പ്രതിയാണ് ഇയാള്‍.

വധശ്രമം, ഗൂഢാലോചനക്കുറ്റങ്ങള്‍ എന്നിവ ചുമത്തിയാണ് പൊലീസ് കെ.പി.പ്രകാശ് ബാബു ഉള്‍പ്പെടെ അഞ്ച് നേതാക്കള്‍ക്കെതിരെ കേസെടുത്തത്. ലുക്കൗട്ട് നോട്ടീസും പുറത്തിറക്കിയിരുന്നു. കെ.സുരേന്ദ്രന്‍ അടക്കമുള്ളവര്‍ അറസ്റ്റിലായെങ്കിലും പ്രകാശ് ബാബുവിനെതിരെ ഒരു നടപടിയും ഉണ്ടായില്ല. ഇതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം പ്രകാശ് ബാബു പൊതുവേദിയിലെത്തിയത്.

ദേവസ്വംബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചില്‍ പൊതുമുതല്‍ നശിപ്പിച്ചതിനും തൃപ്തി ദേശായിയെ തടഞ്ഞതിനും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനും കെ.പി.പ്രകാശ് ബാബുവിനെതിരെ കേസുകളുണ്ട്. ജാമ്യം ലഭിക്കാത്ത കുറ്റങ്ങള്‍ ഉള്‍പ്പെട്ടവയാണ് ഇതില്‍ പലതും. ഒരുകേസിലും പ്രകാശ് ബാബു മുന്‍കൂര്‍ ജാമ്യത്തിനുപോലും അപേക്ഷിച്ചിട്ടില്ല.

Top