ക്രിമിനല്‍ കേസ് പ്രതികളെ തെരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണം; ഹര്‍ജി തള്ളി സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടവരെ തെരഞ്ഞെടുപ്പില്‍ നിന്ന് അയോഗ്യരാക്കുവാന്‍ സാധിക്കില്ലെന്ന് സുപ്രീംകോടതി. ഇത്തരക്കാരെ വിലക്കണമെന്നുള്ള ഹര്‍ജി തള്ളിയത് ഭരണഘടനാ ബഞ്ചാണ്.

ഗുരുതരമായ കുറ്റകൃത്യങ്ങളില്‍ പ്രതികളായവരെ തിരഞ്ഞെടുപ്പില്‍ നിന്ന് വിലക്കണമെന്ന പൊതുതാല്‍പര്യഹര്‍ജിയിലാണ് നിര്‍ണായകവിധി. വിലക്ക് ആവശ്യമെങ്കില്‍ സര്‍ക്കാരിന് നിയമനിര്‍മാണം നടത്താം. സ്ഥാനാര്‍ഥികള്‍ കേസുകളുടെ വിവരങ്ങള്‍ നിര്‍ബന്ധമായും വെളിപ്പെടുത്തണം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗബെഞ്ചിന്റേതാണ് വിധി. സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികളും വെളിപ്പെടുത്തണമെന്നും വിധിയില്‍ നിര്‍ദേശിക്കുന്നു.

സ്ഥാനാര്‍ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം പാര്‍ട്ടികള്‍ മാധ്യമങ്ങളിലൂടെ വെളിപ്പെടുത്തണം. പണവും കൈക്കരുത്തും കൊണ്ടുള്ള ഭരണത്തില്‍ രാജ്യം മടുത്തെന്ന് സുപ്രീംകോടതി ചൂണ്ടിക്കാട്ടി.രാഷ്ട്രീയത്തിലെ ക്രിമിനലുകള്‍ ജനാധിപത്യത്തിന് ബാധ്യതയാണ്. ഇത് തടയാന്‍ പാര്‍ലമെന്റ് അടിയന്തരമായി ഇടപെടണമെന്നും സുപ്രീംകോടതി നിര്‍ദേശിക്കുന്നു.

ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട എംഎല്‍എമാരുടെയും എംപിമാരുടെയും പേരുകള്‍ സമര്‍പ്പിക്കണമെന്ന് സുപ്രീംകോടതി ആവശ്യപ്പെട്ടിരുന്നു. ഡല്‍ഹിയടക്കം 11 സംസ്ഥാനങ്ങളിലെ വിവരങ്ങള്‍ ലഭിച്ചതായി കേന്ദ്ര സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. ഇതില്‍, എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കുമെതിരെയുള്ള 1233 കേസുകളില്‍ 12 എണ്ണം അതിവേഗ കോടതികളുടെ പരിഗണനയിലാണ്. 136 എണ്ണം തീര്‍പ്പാക്കി. 1097 കേസുകള്‍ ഇപ്പോഴും വിവിധ കോടതികളുടെ പരിഗണനയിലാണെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി.

ബീഹാറില്‍ നിന്നുള്ള 249 നേതാക്കള്‍ക്കെതിരെ കേസുകള്‍ നിലവിലുണ്ട്. കേരളത്തില്‍ നിന്ന് 233 കേസുകളും പശ്ചിമ ബംഗാളില്‍ നിന്ന് 226 കേസുകളും നിലനില്‍ക്കുന്നു.

Top