കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയ്‌ക്കെതിരെ പരാതിയുമായി ബിജെപി. പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മമതാ ബാനര്‍ജി നല്‍കിയ നാമനിര്‍ദ്ദേശ പത്രികയില്‍ ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്. ഭവാനിപുര്‍ റിട്ടേണിങ് ഓഫീസര്‍ക്കാണ് ബിജെപി പരാതി നല്‍കിയിരിക്കുന്നത്.
അഞ്ച് ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ആരോപണം. കേസുമായി ബന്ധപ്പെട്ട് ബിജെപി സുപ്രീം കോടതിയുടെ രണ്ട് വിധികളും പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. എന്‍ആര്‍സി വിഷയത്തില്‍ നടത്തിയ പരാമര്‍ശങ്ങളില്‍ അസം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസും പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളും നാമനിര്‍ദ്ദേശ പത്രികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല എന്നാണ് ബിജെപിയുടെ ആരോപണം.
എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതൃത്വം ഇത് നിഷേധിച്ച് രംഗത്തെത്തി. പശ്ചിമ ബംഗാള്‍ ഉപതിരഞ്ഞെടുപ്പില്‍ ഭവാനിപുര്‍ മണ്ഡലത്തില്‍ നിന്നാണ് മമതാ ബാനര്‍ജി ജനവിധി തേടുന്നത്. മമതയ്‌ക്കെതിരെ പ്രിയങ്കാ ടിബരെവാളാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. സെപ്തംബര്‍ 30-ന് ആണ് പശ്ചിമ ബംഗാളിലെ ഉപതിരഞ്ഞെടുപ്പ്. ഒക്ടോബര്‍ മൂന്നിനാണ് വോട്ടെണ്ണല്‍. നിലവില്‍ മുഖ്യമന്ത്രി സ്ഥാനത്ത് തുടരുന്ന മമതയ്ക്ക് ഈ ഉപതിരഞ്ഞെടുപ്പ് നിര്‍ണ്ണായകമാണ്.
നേരത്തെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ നന്ദിഗ്രാമില്‍ നിന്ന് സുവേന്ദു അധികാരിയോട് മത്സരിച്ച മമതയ്ക്ക് ജയിക്കാന്‍ സാധിച്ചിരുന്നില്ല. അതുകൊണ്ട് മുഖ്യമന്ത്രി സ്ഥാനത്ത് തുടരണമെങ്കില്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ചേ മതിയാകൂ.