ഗുജറാത്ത് കലാപത്തിലെ ക്രിമിനല്‍ ഗൂഢാലോചന ; മോദിയുടെ വിധി ആഗസ്റ്റ് 21 ന്‌

ഗുജറാത്ത്: ഗുജറാത്ത് കലാപത്തിലെ ക്രിമിനല്‍ ഗൂഢാലോചനയില്‍ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദിയെയും മറ്റ് 59 പേരെയും പ്രതിചേര്‍ത്ത് അന്വേഷണം നടത്തണമെന്ന ഹര്‍ജിയില്‍ ഗുജറാത്ത് ഹൈക്കോടതി ആഗസ്റ്റ് 21ന് വിധിപറയും.

ഗുജറാത്ത് കലാപത്തില്‍ തീയിട്ടുകൊന്ന കോണ്‍ഗ്രസ് നേതാവും മുന്‍ എം.പിയുമായ ഇഹ്‌സാന്‍ ജാഫരിയുടെ ഭാര്യ സകിയ ജാഫരിയും സാമൂഹിക പ്രവര്‍ത്തക ടീസ്റ്റ സെറ്റല്‍വാദിന്റെ നേതൃത്വത്തിലുള്ള സിറ്റിസണ്‍ ഫോര്‍ ജസ്റ്റിസ് ആന്‍ഡ് പീസ് എന്ന സന്നദ്ധ സംഘടനയുമാണ് ക്രിമിനല്‍ ഗൂഢാലോചന അന്വേഷിക്കാന്‍ ഹര്‍ജി നല്‍കിയത്.

ഗൂഢാലോചനയില്‍ മോദിക്കും മറ്റ് 59 പേര്‍ക്കും പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ചിരുന്നു. ഇതിനെതിരെയാണ് സകിയ ജാഫരി ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിയിലെ വാദം ജൂലൈ മൂന്നിന് പൂര്‍ത്തിയായിരുന്നു, ബുധനാഴ്ച വിധി പറയാനായിരുന്നു ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് സോണിയ ഗോഖാനി തീരുമാനിച്ചത്.

എന്നാല്‍, കേസില്‍ പുതിയ അന്വേഷണം വേണമെന്ന ഹര്‍ജിക്കാരുടെ ആവശ്യത്തെത്തുടര്‍ന്നാണ് വിധി 21ലേക്ക് മാറ്റിയിരിക്കുന്നത്.

2002 ഫെബ്രുവരി 28ന് അഹമ്മദാബാദിലെ ഗുല്‍ബര്‍ഗ് സൊസൈറ്റിയിലാണ് ജനക്കൂട്ടം ഇഹ്‌സാന്‍ ജാഫരി ഉള്‍പ്പെടെ 68 പേരെ കൊലപ്പെടുത്തിയത്. കേസില്‍ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് അംഗീകരിച്ച മജിസ്‌ട്രേറ്റ് കോടതി അന്വേഷണം നടത്തേണ്ടതില്ലെന്ന് തീരുമാനിക്കുകയായിരുന്നു.

എന്നാല്‍, റിപ്പോര്‍ട്ട് തള്ളാനോ പുനരന്വേഷണത്തിനോ മജിസ്‌ട്രേറ്റ് തയാറായില്ലെന്ന് സകിയ ജാഫരിയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായി പറഞ്ഞു. കീഴ്‌കോടതി സുപ്രീംകോടതിയുടെ മാര്‍ഗനിര്‍ദേശങ്ങള്‍ അവഗണിച്ചുവെന്നും സംഭവത്തിന് പിന്നില്‍ ഗൂഢാലോചന നടന്നുവെന്ന സാക്ഷികളുടെ മൊഴി പരിഗണിച്ചില്ലെന്നും അദ്ദേഹം ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു.

പ്രധാന സാക്ഷികളായ സഞ്ജീവ് ഭട്ട്, ആര്‍.ബി. ശ്രീകുമാര്‍, രാഹുല്‍ ശര്‍മ എന്നിവരുടെ മൊഴികളും തെഹല്‍ക മാഗസിന്റെ കണ്ടെത്തലുകളുമാണ് അവഗണിച്ചത്. 2013 ഡിസംബറിലാണ് മെട്രോപൊളിറ്റന്‍ മജിസ്‌ട്രേറ്റ് സകിയ ജാഫരിയുടെ ഹര്‍ജി തള്ളിയത്.

ഇതേ തുടര്‍ന്നാണ് ഇവര്‍ ഹൈക്കോടതിയെ സമീപിച്ചത്. മോദി ഉള്‍പ്പെടെയുള്ള രാഷ്ട്രീയ നേതാക്കളെ കൂടാതെ ഉന്നത ഉദ്യോഗസ്ഥര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെ പ്രതിചേര്‍ക്കണമെന്നാണ് സകിയ ജാഫരി ഹര്‍ജിയില്‍ ആവശ്യപ്പെട്ടത്.

Top