കണ്ണൂര്‍: തുടരെ തുടരെ മോഷണങ്ങള്‍ നടത്തി കണ്ണൂര്‍ നഗരത്തെ ഭീതിയിലാഴ്ത്തിയ ബ്ലാക്ക് മാന്‍ പൊലീസ് പിടിയില്‍. തമിഴ്‌നാട് തഞ്ചാവൂര്‍ പടുക്കോട്ടെ മധുകൂറിലെ രാജപ്പനെയാണ് ടൗണ്‍ പൊലീസ് സംഘം അറസ്റ്റ് ചെയ്തത്. കണ്ണൂരിലും വയനാട്ടിലും താമസിച്ചാണ് ഇയാള്‍ മോഷണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നത്.
വെള്ളിയാഴ്ച രാത്രി കണ്ണൂര്‍ സ്റ്റേഡിയം കോംപ്ലക്സിലെ ബിഗ്ബോസ് ടെയ്ലേഴ്സിന്റെ പൂട്ടുപൊളിക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ പൊലീസ് പിടിയിലായത്. ഇയാള്‍ നഗരത്തിലെത്തിയിട്ടുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റ്. ഒപ്പമുണ്ടായിരുന്നവര്‍ ഓടിരക്ഷപ്പെട്ടു. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗില്‍നിന്ന് സ്‌ക്രൂഡ്രൈവര്‍, ഹാക്സോ ബ്ലേഡുകള്‍, കട്ടിങ്ങ് പ്ലെയറുകള്‍ തുടങ്ങിയവ കണ്ടെത്തി.
നാലുമാസം മുമ്പ് ആഡൂര്‍ പാലത്തെ ഹനീഫയുടെ വീട് കുത്തിത്തുറന്ന് നാലുപവന്റെ മാല ഇയാള്‍ കവര്‍ന്നിരുന്നു. തൊട്ടടുത്ത ദിവസം മറ്റൊരു വീട്ടില്‍ കയറി ഒന്നരപ്പവന്‍ മാലയും മോഷ്ടിച്ചിരുന്നു.
ഇയാളുടെ പേരില്‍ സേലത്ത് അന്‍പതിലേറെയും തലശ്ശേരിയില്‍ ഇരുപതോളവും കേസുകളുണ്ട്. 2008-ല്‍ തലശ്ശേരിയില്‍ ഇയാള്‍ പിടിയിലായിരുന്നു. ജയില്‍ശിക്ഷ കഴിഞ്ഞ് ജനുവരിയിലാണ് പുറത്തിറങ്ങിയത്. നാട്ടില്‍ പോയി മടങ്ങിയെത്തി. തുടര്‍ന്ന് കണ്ണൂര്‍ കേന്ദ്രീകരിച്ചാണ് മോഷണങ്ങള്‍ നടത്തിയിരുന്നത്.
കണ്ണൂര്‍ ടൗണ്‍ എസ്.ഐ. ശ്രീജിത് കൊടേരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് രാജപ്പനെ അറസ്റ്റുചെയ്തത്. ശനിയാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു.