തിരുവനന്തപുരം: ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് പറയുമ്പോഴും ക്രിമിനല്‍ പൊലീസിന് ഐപിഎസ് പദവി നല്‍കാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നു.
സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിച്ച സംഭവമാണ് ഉദയകുമാര്‍ ഉരുട്ടിക്കൊല. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ട ഡിവൈ.എസ്.പി ഇ.കെ സാബുവിന്റെ പേര് കേരളം കേന്ദ്രത്തിന് നല്‍കിയ ഐ.പി.എസ് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം
2005 സെപ്തംബര്‍ 27-ാണ് അന്ന് സി.ഐ ആയിരുന്ന ഇ.കെ.സാബുവിന്റെ നേതൃത്വത്തില്‍ ശ്രീകണ്ഠേശ്വരം പാര്‍ക്കില്‍ നിന്ന് ഉദയകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.ഉദയകുമാറിനെതിരെ മോഷണകുറ്റമാണ് ആരോപിച്ചിരുന്നത്. തുടര്‍ന്ന് ഇ.കെ.സാബു അടക്കമുള്ളവരുടെ ക്രൂരമായ ചോദ്യം ചെയ്യലിനിടയില്‍ അവശനായ ഉദയകുമാര്‍ പിന്നീട് ജനറല്‍ ആശുപത്രിയില്‍ വച്ച് മരണപ്പെടുകയായിരുന്നു.
കേസിന്റെ വിചാരണ വേളയില്‍ ഇ.കെ.സാബു, ടി.അജിത്കുമാര്‍ എന്നിവരുടെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് ജനറല്‍ ഡയറിയില്‍ ഇല്ലാത്ത കാര്യങ്ങള്‍ എഴുതിച്ചേര്‍ത്തതെന്ന് ഉദയകുമാര്‍ കൊല്ലപ്പെട്ട ദിവസം ജനറല്‍ ഡയറിയുടെ ചുമതല ഉണ്ടായിരുന്ന തങ്കമണി എന്ന പൊലീസുകാരന്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. തങ്കമണിയെ പിന്നീട് കോടതി മാപ്പുസാക്ഷി ആക്കുകയായിരുന്നു.