കുറ്റവാളികളായ ജനപ്രതിനിധികള്‍; വിലക്ക് കല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്രം

indian parliament

ന്യൂഡല്‍ഹി: കുറ്റവാളികളായ ജനപ്രതിനിധികള്‍ക്കു വിലക്ക് കല്‍പ്പിക്കാന്‍ നിയമത്തില്‍ വ്യവസ്ഥയില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍. സുപ്രീം കോടതിയിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയത്. രാഷ്ട്രീയ പാര്‍ട്ടികള്‍ രൂപീകരിക്കുന്നതില്‍ നിന്നോ ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ നിന്നോ ഇത്തരക്കാരെ വിലക്കാന്‍ കഴിയില്ലെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

ശിക്ഷയ്ക്കു വിധിക്കപ്പെട്ടവരെ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നതില്‍ നിന്നും ഓഫീസ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍നിന്നും വിലക്കണമെന്നാവശ്യപ്പെട്ടു സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജി പരിഗണിക്കവെയാണ് കേന്ദ്രം സത്യവാങ്മൂലം നല്‍കിയത്. കുറ്റവാളികള്‍ നേതൃത്വം നല്‍കുന്ന പാര്‍ട്ടികളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുന്നതു സംബന്ധിച്ചു തിരഞ്ഞെടുപ്പ് കമ്മീഷന്‍ പരിശോധിക്കുമെന്നും കേന്ദ്രം അറിയിച്ചു.

ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി കുമാറാണ് പൊതുതാല്‍പര്യ ഹര്‍ജിയുമായി സുപ്രീം കോടതിയെ സമീപിച്ചത്. ലാലു പ്രസാദ് യാദവ്, ഒ.പി.ചൗട്ടാല, വി.കെ.ശശികല തുടങ്ങിയവര്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കു നേതൃത്വം നല്‍കുന്നതു ചൂണ്ടിക്കാട്ടിയായിരുന്നു ഹര്‍ജി. എ.രാജ, ജഗന്‍മോഹന്‍ റെഡ്ഡി, മധു കോഡ, അക്ബറുദീന്‍ ഒവൈസി, കനിമൊഴി, മായാവതി എന്നിവരുടെ പേരും ഹര്‍ജിയില്‍ പരാമര്‍ശിക്കുന്നുണ്ട്.

Top