ഡൽഹി: അദാനി ഗ്രൂപ്പിനുണ്ടായ സാമ്പത്തിക പ്രതിസന്ധി ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്ന് കേന്ദ്ര ധനകാര്യ സെക്രട്ടറി. വിഷയത്തിൽ കഴിഞ്ഞ ദിവസത്തെ നിലപാടിൽ ഉറച്ചു നിൽക്കുന്നതായി ധനകാര്യ മന്ത്രാലയ സെക്രട്ടറി ടിവി സോമനാഥൻ പറഞ്ഞു. അതേസമയം ഓഹരി വിപണിയിൽ സെബിക്ക് സ്വതന്ത്രമായി പ്രവർത്തിക്കാനുള്ള അധികാരം ഉണ്ടെന്ന് ധനകാര്യ മന്ത്രി നിർമ്മലാ സീതാരാമൻ ഇന്നു പറഞ്ഞു. അദാനി വിഷയത്തിൽ സെബി ഇടപെടൽ നടത്തുന്നുണ്ടെന്നും ധനകാര്യ മന്ത്രി വ്യക്തമാക്കി.
അതിനിടെ അദാനിക്കെതിരായ ഹിൻഡൻബർഗ് റിപ്പോർട്ട് രാഷ്ട്രീയമായി സമ്മർദ്ദമാകുമ്പോൾ കമ്പനി കാര്യമന്ത്രാലയത്തെ അന്വേഷണത്തിന് നിയോഗിച്ച് പ്രതിരോധം തീർക്കാൻ കേന്ദ്രസർക്കാർ. കോർപ്പറേറ്റ് കാര്യമന്ത്രാലയം ഡയറക്ടർ ജനറലിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം. കമ്പനികാര്യ നിയമത്തിലെ സെക്ഷൻ 206 പ്രകാരം അദാനി ഗ്രൂപ്പിൽ നിന്ന് രേഖകൾ ആവശ്യപ്പെട്ടിട്ടുണ്ട്. സമീപകാലത്ത് നടത്തിയ ഇടപാടുകളുടെ വിശദാംശങ്ങളാകും കമ്പനികാര്യമന്ത്രാലയം പരിശോധിക്കുക. സംയുക്ത പാർലമെന്ററി സമിതി അന്വേഷണം വേണമെന്ന ആവശ്യം പ്രതിപക്ഷം ശക്തമാക്കുമ്പോൾ അമേരിക്കയിലെ സ്വകാര്യ ഗവേഷണ സ്ഥാപനത്തിൻറെ റിപ്പോർട്ടിന്മേൽ നടപടിയെടുക്കാനാവില്ലെന്നാണ് കേന്ദ്രത്തിന്റെ നിലപാട്.